കാബൂള്‍: ശരിയത്ത് നിയമമനുസരിച്ചുള്ള കറുത്ത ഹിജാബ് മാത്രമേ ധരിക്കാവൂ എന്ന താലിബാന് ശാസനക്കെതിരേ അഫ്ഗാനില്‍ തരംഗമായി സ്ത്രീകളുടെ പ്രതിഷേധം. #DoNotTouchMyClothes എന്ന ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് വര്‍ണാഭമായ വസ്ത്രങ്ങള്‍ അണിഞ്ഞ് സ്ത്രീകള്‍ തങ്ങളുടെ ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയാണ്. അഫ്ഗാന് സ്ത്രീ, അഫ്ഗാന് സംസ്കാരം എന്നീ ഹാഷ് ടാഗുകളും ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്.
ഇത് അഫ്ഗാന് സംസ്കാരമാണ്. ഞാന്‍ ഒരു ലളിതമായ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. എന്റെ മുടിയില്‍ കാറ്റടിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സൂര്യകിരണങ്ങള്‍ എന്റെ കഴുത്തില്‍ വീഴണം. ഞാന്‍ ഒരു അഫ്ഗാന് സ്ത്രീയാണ്. ഞാന്‍ ഒരു മുസ്ലീം സ്ത്രീയാണ് . ഞാന്‍ ഈ ഭൂമിയിലെ ഒരു പൗരയാണ്. ഞാന്‍ ഒരു മനുഷ്യനാണ്, ഞാന്‍ മാനവികതയെ സ്നേഹിക്കുന്നു- മിക്കസ്ത്രീകളും ചിത്രത്തോടൊപ്പം ഇത്തരത്തില്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.
ക്ലാസ്മുറികള് വേര്‍തിരിക്കാനും വിദ്യാര്‍ത്ഥിനികളും വനിതാഅധ്യാപകരും വനിതാ ജീവനക്കാരും ശരിയത്ത് നിയമമനുസരിച്ചുള്ള കറുത്ത ഹിജാബ് മാത്രമേ ധരിക്കാവൂ എന്ന് ഈയിടെ താലിബാന് ശാസന പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാബൂള്‍ സര്‍വ്വകലാശാലയില്‍ താലിബാന് കൊടി വീശി ശിരസ്സ് മുതല്‍ പാദം വരെ ശരീരത്തെ മൂടുന്ന കറുത്ത ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതിഷേധം ശക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: