തിരുവനന്തപുരം : 42 വര്‍ഷമായി കോണ്‍ഗ്രസ്സിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നതായി കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി. അനില്‍ കുമാര്‍. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി വെച്ചതായി പ്രഖ്യാപിച്ചത്. ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിനെതിരെ പരസ്യ പ്രസ്താവന നടത്തിയതില്‍ അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിശദീകരണം നല്‍കിയിട്ടും ഇത് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി വെച്ചത്. അനില്‍ കുമാര്‍ സിപിഎമ്മിലേക്കെന്നും പ്രഖ്യാപനം.
ംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടാണ് അനില്‍ കുമാര്‍ രാജി പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ അറിയിച്ചു.
ഗ്രൂപ്പില്ലാതെ യൂത്ത് കോണ്‍ഗ്രസിനെ നയിച്ചയാളാണ് താന്‍. അഞ്ചുവര്‍ഷം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. കെപിസിസി നിര്‍വ്വാഹ സമിതിയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ല. പിന്നീട് നാല് പ്രസിഡന്റുമാര്‍ക്കൊപ്പം ജനറല്‍സെക്രട്ടറിയായി. 2016 ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ ബഹളം ഉണ്ടാക്കിയില്ല. 2021ല്‍ സീറ്റ് തരുമെന്ന് നേതാക്കളെല്ലാം പറഞ്ഞു. പക്ഷേ അവിടെയും തന്നെ ചതിച്ചു. ഇപ്പോഴത്തെ നേതൃത്വത്തിന്റേത് ഏകാധിപത്യ പ്രവണതയാണെന്നും സുഘധാകരനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അസ്ഥിത്വം നഷ്ടമായി. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ജനാധിപത്യം ഇല്ലാതായി. പുതിയ നേതൃത്വം ആളെ നോക്കി നീതി നടപ്പാക്കുന്നു. നോട്ടീസിന് മറുപടി നല്കി 11 ദിവസമായിട്ടും നേതൃത്വം അനങ്ങിയില്ല. വിയര്‍പ്പും രക്തവും സംഭാവന ചെയ്ത കോണ്‍ഗ്രസിനോട് വിട പറയുന്നു. സുധാകരന് കെപിസിസി പിടിച്ചത് താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചെടുത്തത് പോലെ. കെഎസ് ബ്രിഗേഡെന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ ആക്രമണം. രാഷ്ട്രീയ പ്രവര്‍ത്തനം ഇനിയും തുടരും. സിപിഎമ്മില്‍ ചേരുകയാണെന്നും അനില്‍ കുമാര്‍ അറിയിച്ചു.
എന്നാല്‍ എകെജി സെന്ററിലെത്തി സിപിഎം അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. കോടിയേരി ബാലകൃഷ്ണന് അടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കും. ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ പി.എസ്. പ്രശാന്തും രാജിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: