കൊല്‍ക്കൊത്ത: ബംഗാളില്‍ ഉയരുന്ന അതിക്രമങ്ങള്‍ക്കെതിരെ മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ബംഗാളിലെ ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുമായ പ്രിയങ്ക ടിബ്രെവാള്‍.
മമതയെ അവരുടെ സ്വന്തം മണ്ണില്‍ തോല്പിച്ച് ചരിത്രം സൃഷ്ടിക്കാനും ഭവാനിപൂര്‍ വോട്ടര്‍മാരോട് പ്രിയങ്ക അഭ്യര്‍ത്ഥിച്ചു. ഈ ഉപതെരഞ്ഞെടുപ്പില്‍ തോറ്റാല്‍ മമത ബാനര്‍ജിക്ക് മുഖ്യമന്ത്രി പദം നഷ്ടപ്പെടുമെന്നതിനാല്‍ ബിജെപി പ്രിയങ്കയുടെ വിജയത്തിന് പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ്.
‘ഇത് അനീതിക്കെതിരായ പോരാട്ടമാണ്. നീതിക്ക് വേണ്ടിയ ഈ സമരം ബംഗാളിലെ ജനങ്ങള്‍ക്ക് കൂടി വേണ്ടിയാണ്. ഭവാനിപൂരിലെ ജനങ്ങള്‍ക്ക് ഒരു വലിയ അവസരം ലഭിച്ചിരിക്കുകയാണ്. അവര്‍ മുന്നോട്ട് വന്ന് ചരിത്രം സൃഷ്ടിക്കണം,’ പ്രിയങ്ക ടിബ്രെവാള്‍ പറയുന്നു. പ്രമുഖ അഭിഭാഷക കൂടിയാണ് പ്രിയങ്ക. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ബിജെപി കൂടുംബങ്ങള്‍ക്ക് നേരെ തൃണമൂല്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ മമതയുടെ സര്‍ക്കാരിനെതിരെ പൊതുതാല്പര്യഹര്ജി നല്കി ബിജെപിക്ക് അനുകൂല വിധി നേടിക്കൊടുത്ത അഭിഭാഷക കൂടിയാണ് 40 കാരിയായ പ്രിയങ്ക ടിബ്രെവാള്‍. ഈ കേസില്‍ കല്‍ക്കത്ത ഹൈക്കോടതി സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത് പ്രിയങ്കയുടെ കോടതിയിലെ പ്രകടനത്തിന്റെ ഫലമായാണ്. തൃണമൂല്‍ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ബിജെപി കുടുംബങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടത്തിയ അഴിഞ്ഞാട്ടമാണ് പ്രിയങ്ക ടിബ്രെവാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കുന്നത്.
നിരവധി ബിജെപി കുടുംബങ്ങള്‍ക്ക് അന്ന് തൃണമൂല്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ നാടിവിട്ടോടിപ്പോകേണ്ടിവന്നു. പലരും അസമിലാണ് അഭയം തേടിയത്. രണ്ട് ബിജെപി പ്രവര്‍ത്തകരായ സ്ത്രീകള്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി. ബംഗാള്‍ ഗവര്‍ണര്‍ ഇതിനെതിരെ രൂക്ഷമായാണ് മമതയ്ക്കെതിരെ പ്രതികരിച്ചത്.
ഭവാനിപൂരിനെ മറ്റൊരു നന്ദിഗ്രാമാക്കുമെന്ന വാശിയിലാണ് ബിജെപി പ്രവര്‍ത്തകര്‍. ഇക്കഴിഞ്ഞ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി നന്ദിഗ്രാമില്‍ ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയോട് തോറ്റിരുന്നു.
ബിജെപിയുടെ സംസ്ഥാന ഭാരവാഹി കൂടിയാണ് പ്രിയങ്ക. ദല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ഹോണേഴ്സും കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ നിന്നും നിയമബിരുദവും ഉണ്ട്. കൊല്‍ക്കത്ത ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. തായ്ലന്റിലെ അസംപ്ഷന്‍ സര്‍വ്വകലാശാലയില്‍ നിന്നും എംബിഎ നേടി.
നരേന്ദ്രമോദിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 2014ലാണ് ബിജെപിയില്‍ എത്തിയത്. കഴിഞ്ഞ ദിവസം മമത നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് മമതയെ പിന്തുണക്കുകയാണ്. ഇവിടെ ശ്രീജിബ് ബിശ്വാസിനെയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. ഭവാനിപൂരാണ് മമതയുടെ നാട്. 2011ലും 2016ലും മമത ഇവിടെ വിജയിച്ചു. പക്ഷെ 2021ല്‍ ധൈര്യമുണ്ടെങ്കില്‍ നന്ദിഗ്രാമില്‍ മത്സരിക്കൂ എന്ന സുവേന്ദു അദികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമില്‍ മാത്രം മത്സരിച്ച മമതയ്ക്ക് പക്ഷെ പിഴച്ചു. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും തൃണമൂല്‍ മമതയെ തന്നെ മുഖ്യമന്ത്രിയാക്കി. ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മാത്രമേ അവര്‍ക്ക് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ കഴിയൂ. മമതയ്ക്ക് മത്സരിക്കാനായി തൃണമൂലിന്റെ ഭവാനിപൂര്‍ എംഎല്‍എ സോവന്ദേബ് ചതോപാധ്യായ രാജിവെക്കുകയായിരുന്നു. അങ്ങിനെയാണ് ഈ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
34 വര്‍ഷത്തെ ഇടതുഭരണം തൂത്തെറിഞ്ഞ് 2011ല്‍ മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ അധികാരത്തിലെത്തിയ വര്‍ഷമാണ് ആദ്യമായി മമത ഭവാനിപൂരില്‍ മത്സരിച്ച് ജയിച്ചത്.
സപ്തംബര്‍ 30നാണ് ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 3ന് വോട്ടെണ്ണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: