കോഴിക്കോട്: കഴിഞ്ഞ വര്‍ഷം നടന്ന വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോഴിക്കോട് വിമാനത്താവളത്തിന് വീണ്ടും പ്രതീക്ഷയുടെ ചിറക് മുളയ്ക്കുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്ത് ഏഴിന് കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ 35 അടി താഴ്ചയിലേക്ക് പതിച്ചുണ്ടായ ആപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. വലിയ വിമാനങ്ങള്‍ ഇറക്കണമെന്ന് യാത്രക്കാരുടെ ഭാഗത്തു നിന്ന് ശക്തമായ ആവശ്യമുയര്‍ന്നിട്ടും അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ എന്നായിരുന്നു അധികൃതരുടെ മറുപടി. ഇപ്പോള്‍ പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കാനുള്ള വഴി തുറന്നിരിക്കുകയാണ്.
ടേബിള്‍ ടോപ് റണ്‍വേയാണ് കോഴിക്കോട് വിമാനത്താവളത്തിലേത്. റണ്‍വേയുടെ ടച്ച് ഡൗണ്‍ സോണിന് അപ്പുറത്തേക്ക് വിമാനം ഇറക്കിയതാണ് താഴ്ചയിലേക്കു പതിക്കാനും വിമാനം മൂന്നായി പിളരാനും കാരണമെന്നാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. വേറെയും പതിനാറ് കാരണങ്ങള്‍ അവര്‍ കണ്ടെത്തിയിട്ടുണ്ട്. ആറു ജീവനക്കാരും 184 യാത്രക്കാരും ഉള്‍പ്പെടെ 190 പേര് ഉണ്ടായിരുന്ന വിമാനം അപകടത്തില്‍പ്പെട്ട് പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 21 പേരാണ് മരിച്ചത്. ദുബായ്യില്‍നിന്ന് കോഴിക്കോട്ടേക്കു പറന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ചെറുവിമാനമാണ് അപകടത്തില്‍പെട്ടത് എങ്കിലും വലിയ വിമാനങ്ങള്‍ക്ക് അന്നു മുതല്‍ വിലക്ക് വീണു. വലിയ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായാണ് വിലക്കിയതെങ്കിലും അപകടവും മഴക്കാലവും കണക്കിലെടുത്തു നീട്ടി.
രാജ്യത്തെ വലിയ വിമാന ശ്രേണിയായ ‘ഇ’ കാറ്റഗറിയില്‍പെട്ട വിവിധ വിമാനക്കമ്പനികളുടെ ബോയിങ് 777 -200 ഇആര്‍, ബോയിങ് 777-200, ബോയിങ് 747 -400, എയര്‍ ബസ് 330 -300, എയര്‍ ബസ് 330 -200, ബോയിങ് 787 -800 എന്നീ വലിയ വിമാനങ്ങളാണു കോഴിക്കോട് സര്‍വീസ് നടത്തിയിരുന്നത്. ഇവയ്ക്കെല്ലാം കോഴിക്കോട് വിമാനത്താവളം സുരക്ഷിതമാണെന്ന സുരക്ഷാ വിലയിരുത്തല്‍ റിപ്പോര്‍ട്ടും എസ്ആര്‍എ (സേഫ്റ്റി റിസ്ക് അസസ്മെന്റ്) റിപ്പോര്‍ട്ടും വിമാനാപകടത്തിനു ശേഷവും ഡിജിസിഎക്കു സമര്‍പ്പിച്ചിട്ടുണ്ട്. ഈ വിമാനങ്ങള്‍ക്കു തിരിച്ചെത്താന്‍ സാധിക്കുമെന്നാണു പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: