ഇടുക്കി: മലയാളികള്‍ക്ക് മൂന്നാറില്‍ വീടുവയ്‌ക്കാന്‍ ഭൂമി നല്കാനാവില്ലെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍. അമ്മയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന്റെ വീടിനായുള്ള അപേക്ഷയിലാണ് തഹസില്‍ദാറുടെ ഈ വിചിത്ര ന്യായം. മൂന്നാര്‍ ഇക്കാനഗര്‍ ശ്രീഭവനില്‍ ആതിര ജയനാണ് പരാതിയുമായി രംഗത്തുള്ളത്. അമ്മയും അനുജത്തിയുമടങ്ങുന്ന കുടുംബത്തെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ച് പോയതാണ്.
കെഡിഎച്ച് വില്ലേജില്‍ കഴിഞ്ഞ മൂന്ന് തലമുറയായി സ്ഥിരതാമസക്കാരായ കുടുംബത്തിന് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് മുന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശനെ നേരില്‍ക്കണ്ട് വീടിനായി അപേക്ഷ നല്കിയിരുന്നു. മൂന്ന് തവണ ലൈഫ് പദ്ധതി പ്രകാരം അപേക്ഷ നല്കിയിട്ടും വീട് ലഭിച്ചില്ലെന്ന് മനസിലാക്കിയ അദ്ദേഹം, ഉടന്‍ നടപടിക്ക് നിര്‍ദേശിച്ചു ദേവികുളം തഹസില്‍ദാര്‍ക്ക് കത്ത് കൈമാറി. തുടര്‍ന്ന് ആതിരയും അനുജത്തിയും കത്തുമായി അന്നത്ത തഹസില്‍ദാര്‍ ജിജി കുന്നപ്പിള്ളിയെ കണ്ടു. എന്നാല്‍, മൂന്നാര്‍ തമിഴ് മേഖലയായതിനാല്‍ മലയാളികള്‍ക്ക് സ്ഥലം നല്കാനാവില്ലെന്നായിരുന്നു തഹസില്‍ദാറുടെ മറുപടി. ഇക്കാര്യം കളക്ടറെയും സബ് കളക്‌റെയും അറിയിച്ചെങ്കിലും ആരും സഹായിത്തിനെത്തിയില്ലെന്ന് ആതിര പറയുന്നു. പിന്നീട് കഴിഞ്ഞ മാസം കളക്ടര്‍ മാറിയെത്തിയതോടെ വീണ്ടും പരാതി നല്കുകയായിരുന്നു.
മൂന്നാറിലെ ഏക വനിത ട്രക്കിങ് ഗൈഡാണ് ആതിര. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇക്കാനഗറില്‍ മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ ഭാര്യ ലത രാജേന്ദ്രന്റെ പേരിലുള്ള വീട്ടില്‍ മാസം 1500 രൂപ വാടകയ്‌ക്ക് താമസിക്കുകയാണിവര്‍. അമ്മയ്‌ക്ക് ശാരീരിക പ്രശ്നമുള്ളതിനാല്‍ തൊഴിലുറപ്പ് ജോലി മാത്രമാണ് ആശ്രയം. കൊവിഡ് എത്തിയതോടെ ജോലി നഷ്ടപ്പെട്ടതിനാല്‍ വാടക നല്കാനായില്ല. പിന്നാലെ രാജേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎം നേതാക്കളടക്കം വീടൊഴിയാന്‍ ഭീഷണി തുടങ്ങി. സമീപവാസികള്‍ വീട് കയറി ആക്രമിച്ചു, പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റു. ഡിവൈഎസ്പിക്ക് പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ല.
ലൈഫ് പദ്ധതിയിലടക്കം വീടും സ്ഥലവും അനുവദിച്ചെങ്കിലും ഇതും എംഎല്‍എ അടക്കമുള്ളവര്‍ ഇടപെട്ട് തടഞ്ഞതായും കുടുംബം ജന്മഭൂമിയോട് പറഞ്ഞു. ഡിസംബര്‍ 31നകം വീടൊഴിയണമെന്നാണ് അന്ത്യശാസനം. ഇനിയും ആക്രമണമുണ്ടാകുമോ എന്ന ഭീതിയിലാണിവര്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: