തൃശൂര്‍: മത്സ്യത്തൊഴിലാളികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികളെല്ലാം പ്രഖ്യാപനമായി ഒതുങ്ങിയെന്ന് ആക്ഷേപം. പുനര്‍ഗേഹം, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സര്‍ക്കാര്‍ നടപ്പാക്കുമെന്നറിയിച്ച പദ്ധതികളൊന്നും തന്നെ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനര്‍ഗേഹം പദ്ധതിയില്‍ നിന്ന് അര്‍ഹരായവരെല്ലാം തഴയപ്പെട്ടിരിക്കുകയാണ്. ഭവനപദ്ധതിക്കുള്ള സ്ഥലം കണ്ടെത്തുന്നത് കളക്ടര്‍ ഉള്‍പ്പെട്ട സമതിയാണ്. 10 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി സര്‍ക്കാര്‍ അനുവദിക്കുന്നത്. നിലവിലെ വിലയനുസരിച്ച് 3 സെന്റ് സ്ഥലത്തിന് തന്നെ ഏകദേശം 6 ലക്ഷം രൂപ വരുമെന്ന് തൊഴിലാളികള്‍ പറുന്നു. കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില കണക്കാക്കിയാല്‍ ബാക്കി 4 ലക്ഷം രൂപ ഉപയോഗിച്ച് ചെറിയൊരു വീട് തന്നെ നിര്‍മ്മിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. പദ്ധതി തുക 20 ലക്ഷം രൂപയെങ്കിലുമായി ഉയര്‍ത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
സര്‍ക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച് ഭൂരിഭാഗം മത്സ്യത്തൊഴിലാളികള്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കില്ല. മത്സ്യഫെഡ് വഴി വായ്പ എടുത്തവര്‍ക്ക് മാത്രമേ കിസാന്‍ ക്രെഡിറ്റ് മുഖേനേ വായ്പ ലഭിക്കുകയുള്ളൂ. സര്‍ക്കാരിന്റെ തീരുമാനപ്രകാരം ഭൂരിഭാഗം തൊഴിലാളികളും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെടും. ചെറുകിട വള്ളക്കാര് മത്സ്യഫെഡില്‍ നിന്ന് വായ്പ എടുത്തിട്ടില്ല. മത്സ്യത്തൊഴിലാളികളില്‍ 10 ശതമാനം പേര് മാത്രമേ മത്സ്യഫെഡ് പരിധിയില്‍ വരുന്നുള്ളൂ. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ 25 ശതമാനം പേരാണ് മത്സ്യഫെഡില്‍ നിന്ന് വായ്പ എടുത്തിട്ടുള്ളത്.
കൊവിഡ് വ്യാപനം, ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള കാലാവസ്ഥ വ്യതിയാനം മുന്നറിയിപ്പുകള്‍, മത്സ്യക്ഷാമം എന്നിങ്ങനെ മത്സ്യ മേഖല നേരിടുന്ന പ്രതിസന്ധിയിലൊന്നും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട് മരിച്ചാലും സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ല. ഏതെങ്കിലും കാരണത്താല്‍ ഇന്‍ഷൂറന്‍സ് എടുക്കാത്ത തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട് മരിച്ചാല്‍ അവരുടെ കുടുംബം അനാഥമാകുകയാണ്. അപകടത്തില്‍ പരിക്കേല്‍ക്കുന്ന തൊഴിലാളികള്‍ക്കും സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുന്നില്ല. മത്സ്യത്തൊഴിലാളികളോടുള്ള സര്‍ക്കാര്‍ അവഗണനമൂലം മീന്‍പിടുത്ത തൊഴിലില്‍ നിന്ന് യുവതലമുറ മാറിനില്‍ക്കുകയാണ്. മത്സ്യത്തൊഴില്‍ മേഖലയില്‍ 40 വയസിന് താഴെയുള്ളവര്‍ ഇപ്പോള്‍ കുറവാണെന്ന് മുതിര്‍ന്ന മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
സര്‍ക്കാര്‍ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ലെന്ന് മത്സ്യ മസ്ദൂര്‍ സംഘ്
മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതി സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കിടപ്പാടമില്ലാതെ വര്‍ഷങ്ങളായി ദുരിതത്തിലാണ്. മത്സ്യത്തൊഴിലാളി ക്ഷേമനിധി മുഖേനേ നല്‍കുമെന്ന് പ്രഖ്യാപിച്ച ഭവനപദ്ധതി ഇതുവരെ നടപ്പിലാക്കന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കൊവിഡ് മൂലം പ്രതിസന്ധിയിലായ മത്സ്യത്തൊഴില്‍ മേഖെലയിലെ തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നതും പ്രഖ്യാപനത്തിലൊതുങ്ങി. മത്സ്യ ത്തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്ന യഥാര്‍ത്ഥ തൊഴിലാളികള്‍ക്ക് രാഷ്ട്രീയവിവേചനം കാണിച്ച് അധികൃതര്‍ അംഗത്വം നല്‍കുന്നില്ല.
-സേതു തിരുവെങ്കിടം (മത്സ്യ മസ്ദൂര്‍ സംഘ്-ബിഎംഎസ്, ജില്ലാ പ്രസിഡന്റ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: