ചാരുംമൂട്: പടനിലം സ്കൂള്‍ ക്രമക്കേടില്‍ ഒടുവില്‍ സിപിഎമ്മില്‍ അച്ചടക്ക നടപടി. ജില്ലാ സെക്രട്ടറിയേറ്റംഗം കെ.രാഘവനെ തരംതാഴ്ത്തി, മാനേജര്‍ മനോഹരനെ പാര്‍ട്ടി പുറത്താക്കി. നൂറനാട് പടനിലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ക്രമക്കേട് ജന്മഭൂമിയടക്കമുള്ള മാദ്ധ്യമങ്ങള്‍ നിരന്തരം വാര്‍ത്തയാക്കിയ സാഹചര്യത്തില്‍ പാര്‍ട്ടി കമ്മീഷന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായത്.
1.63 കോടിയുടെ അഴിമതിയാണ് സ്കൂളുമായി ബന്ധപ്പെട്ട ക്രമക്കേടിലെ അന്വേഷണത്തില്‍ പാര്‍ട്ടി കണ്ടെത്തിയത്. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പടനിലം സ്കൂള്‍ കഴിഞ്ഞ 19 വര്‍ഷമായി രാഘവന്റെ കസ്റ്റഡിയിലായിരുന്നു. ഇയാളുടെ മന:സാക്ഷി സൂക്ഷിപ്പുകാരനും അടുത്ത ബന്ധുവുമായിരുന്ന മനോഹരനെ സ്കൂള്‍ മാനേജര്‍ പോസ്റ്റില്‍ ഇരുത്തിയാണ് പലതും നടന്നതെന്നാണ് വിമര്‍ശനം.
ബൈലേ അനുസരിച്ചുള്ള സ്കൂള്‍ ഭരണസമിതിയെ തെരഞ്ഞെടുക്കാതെ സ്വന്തക്കാരെ കുത്തിനിറച്ചുള്ള മാനേജ്മെന്റായിരുന്നു ഭരണം നടത്തിയിരുന്നത്. പതിമൂന്നംഗ കമ്മിറ്റിയില്‍ പതിനൊന്നു പേര് രാഘവന്റെ പാര്‍ട്ടിക്കാരും രണ്ടു പേര് സിപിഐ ക്കാരുമായിരുന്നു. സ്കൂള്‍ അഴിമതിക്കഥകള്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ സമരവുമായി രംഗത്തെത്തിയിരുന്നു.
രാഘവന്റെ സ്കൂള്‍ ഭരണകാലയളവില്‍ അദ്ധ്യാപന നിയമനത്തിന്റെ പേരില്‍ കോടികള്‍ തിരിമറി നടന്നതായി ആക്ഷേപമുണ്ട്.ജി. സുധാകരന്റെ വിശ്വസ്തനായ അടുപ്പക്കാരനായിട്ടാണ് കെ.രാഘവന് അറിയപ്പെടുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് പദവിയില്‍ നിന്നും തരംതാഴ്ത്തിയതോടെ പാര്‍ട്ടിയില്‍ നിന്നും പുറത്തെക്കുള്ള കെ.രാഘവന്റെ വഴി എളുപ്പത്തിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: