ടോക്കിയോ ഒളിമ്പിക്സില്‍ ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടി ഭാരതത്തിന്റെ അഭിമാനമായി മാറി മീരബായി ചാനു. അവരുടെ കഥ ഇന്ന് ഇന്ത്യയിലുടനീളം ചര്‍ച്ച ചെയ്യപ്പെടുകയുമാണ്. എന്നാല്‍ മെഡല്‍ നേടിയ ശേഷം മീരബായ് ചാനു പറഞ്ഞ ആദ്യത്തെ കാര്യങ്ങളിലൊന്ന് ഇതായിരുന്നു, എനിക്കൊരു പിസ കഴിക്കണം.
ആ നിമിഷം ഒരു വലിയ മാര്‍ക്കറ്റിംഗ് അവസരമാണ് ഡോമിനോസ് പിസയെന്ന വമ്പന്‍ ബ്രാന്‍ഡിന് സമ്മാനിച്ചത്. ചാനുവിന് ആജീവനാന്തം സൗജന്യമായി തന്നെ പിസ നല്‍കുമെന്ന് കമ്പനിയങ്ങ് പ്രഖ്യാപിച്ചു. മണിപ്പൂരിലെ ഇംഫാലുകാരിയാണ് ഒളിമ്പിക്സ് മെഡല്‍ ജേതാവായ ചാനു. അവരുടെ വീട്ടിലേക്ക് സര്‍പ്രൈസായി തന്നെ ഡോമിനോസ് 30 മിനിറ്റിനുള്ളില്‍ പിസ എത്തിക്കുകയും ചെയ്തു.
തീര്‍ച്ചയായും, സ്മാര്‍ട്ട് മാര്‍ക്കറ്റിംഗ് രീതിയുടെ മികച്ച ഉദാഹരണങ്ങളിലൊന്നാണിത്. മറ്റൊരാളുടെ പ്രശസ്തിയുടെ നിമിഷങ്ങളില്‍ വമ്പന്‍ ബ്രാന്‍ഡിംഗ് സാധ്യത കണ്ട സമയം പാഴാക്കാതെ പരമാവധി മുതലെടുക്കാന്‍ ശ്രമിച്ചു ഡോമിനോസ്. ചാനുവിന് പിസ സൗജന്യമായി ലഭിച്ചു, എന്നാല്‍ ഡോമിനോസ് ബ്രാന്‍ഡിന് സൗജന്യ പബ്ലിസിറ്റിയും. ഡോമിനോസ് എന്ന ഫാസ്റ്റ്ഫുഡ് ബ്രാന്‍ഡിന് പിന്നാലെ അമുലും ബ്രിട്ടാനിയയും ഡന്സോയുമെല്ലാം ചാനുവിന്റെ വിജയം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി. എന്നാല്‍ മൊമന്റ് മാര്ക്കറ്റിംഗിനപ്പുറത്ത് ഇന്ത്യന്‍ കായിക വനിതാ താരങ്ങളില്‍ കാര്യമായി നിക്ഷേപം നടത്താന്‍ ബ്രാന്‍ഡുകള്‍ തയാറാകുമോയെന്നതാണ് പ്രസക്തമാകുന്ന ചോദ്യം. ഇക്കാര്യത്തില്‍ ഡോമിനോസ് അതിന് തയാറായി എന്നത് സ്വാഗതാര്‍ഹമാണ്. സോഷ്യല്‍, ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ബ്രാന്‍ഡ് പ്രൊമോഷനായുള്ള ഡീലാണ് ഡോമിനോസും ചാനുവും തമ്മില്‍ ഒപ്പുവെച്ചത്.
ഒളിമ്പിക്സ് മെഡല്‍ നേടിയ ശേഷമുള്ള 26-കാരിയുടെ ആദ്യ ബ്രാന്‍ഡ് ഡീലാണ് ഡോമിനോസുമായുള്ളത്. എന്നാല്‍ ഇതിന് മുമ്പേ ഇന്ത്യന്‍ ടീമിന്റെ ഒളിമ്പിക്സ് സ്പോണ്സര്മാര്ക്ക് ലഭിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ബ്രാന്‍ഡ് പ്രൊമോഷന്, കാശൊന്നും മുടക്കാതെ ഡോമിനോസിന് ലഭിച്ചു എന്നതാണ് വൈരുദ്ധ്യം. 2021ലാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ വനിതകളെ ഒളിമ്പിക്സിന് അയച്ചത്. എന്നാല്‍ കണക്കുകള്‍ പ്രകാരം രാജ്യത്ത് മൊത്തം സ്പോര്‍ട്സ് സ്പോണ്‍സര്‍ഷിപ്പുകളില്‍ മൂന്ന് ശതമാനത്തില്‍ താഴെ മാത്രമാണ് വനിതകള്‍ക്ക് ലഭിക്കുന്നത്. വനിതാ ക്രിക്കറ്റ് താരങ്ങള്‍, ബാഡ്മിന്റണ്‍ താരങ്ങള്‍, ബോക്സിംഗ് താരങ്ങള്‍ എന്നിവര്‍ക്കാണ് പരസ്യ സ്പോണ്സര്ഷിപ്പുകള് കൂടുതലും ലഭിക്കുന്നത്. മറ്റ് വനിതാ കായികതാരങ്ങളെ ബ്രാന്‍ഡുകള്‍ പരിഗണിക്കുന്നതേയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: