കണ്ണൂരുകാരന്‍ ബൈജു രവീന്ദ്രന്റെ മനസില്‍ വിരിഞ്ഞ ബൈജൂസ് എന്ന എജുക്കേഷന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് വാര്‍ത്താ തലക്കെട്ടുകളില്‍ നിന്ന് മാറുന്നതേയില്ല. ഒരു സ്റ്റാര്‍ട്ടപ്പ് എന്നതെല്ലാം മറന്ന് വന്‍ ഏറ്റെടുക്കല്‍ പരമ്പര തന്നെ നടത്തുകയാണ് ലോകത്തെ ഏറ്റവും മൂല്യമേറിയ ഈ എജുടെക് സ്റ്റാര്‍ട്ടപ്പ്. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബൈജൂസ് ആറ് മാസത്തിനിടെ മാത്രം ഏറ്റെടുക്കലുകള്‍ക്കായി ചെലവഴിച്ചത് ഏകദേശം 15,000 കോടി രൂപയാണ്.
2021ല്‍ മാത്രം ബൈജൂസ് ഏറ്റെടുത്തത് ഏഴ് സംരംഭങ്ങളെയാണ്. അടുത്തിടെയാണ് സിംഗപ്പൂര്‍ കേന്ദ്രമാക്കിയ അപ് സ്‌കില്ലിംഗ് പ്ലാറ്റ്ഫോമായ ഗ്രേറ്റ് ലേണിംഗിനെ 600 മില്യണ്‍ ഡോളറിന് ബൈജൂസ് ഏറ്റെടുത്തത്. ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഏറ്റെടുത്തതാകട്ടെ ഏകദേശം ഒരു ബില്യണ്‍ ഡോളറിനാണ്. ടോപ്പര്‍, എപിക്ക്, ഗ്രേഡ് അപ്പ്, ഹാഷ് ലേണ്‍, സ്‌കോളര്‍ തുടങ്ങിയവയാണ് ബൈജൂസ് 2021ല്‍ ഏറ്റെടുത്ത മറ്റ് കമ്പനികള്‍. അതിന് മുമ്പ് നടത്തിയ വലിയ ഏറ്റെടുക്കലുകള്‍ വൈറ്റ്ഹാറ്റ് ജൂനിയര്‍, ഓസ്മോ, മാത്ത് അഡ്വഞ്ചര്‍ എന്നിവയുടേതാണ്. ഇത്രയും ഏറ്റെടുക്കലുകള്‍ക്ക് ശേഷവും ബൈജൂസിന്റെ പക്കല്‍ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ക്യാഷ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കമ്പനിയില്‍ ഇപ്പോഴും 25 ശതമാനത്തിലധികം ഓഹരി ബൈജു രവീന്ദ്രന് തന്നെയാണ്. 2011ല്‍ ആരംഭിച്ച ബൈജൂസിലേക്ക് ഇതിനോടകം തന്നെ 30 നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബൈജു രവീന്ദ്രന് സാധിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ഇനിയും കമ്പനിയില്‍ നിക്ഷേപിക്കാന്‍ വമ്പന്മാര്‍ തയാറായി ഇരിക്കുകയാണെന്നാണ് ബൈജുവിന്റെ പക്ഷം. നിലവില്‍ 80 മില്യണ്‍ ഉപഭോക്താക്കളാണ് ബൈജൂസ് പ്ലാറ്റ്ഫോമിലുള്ളത്. ഇന്ത്യക്ക് പുറത്ത് യുഎസ് ഉള്‍പ്പടെയുള്ള വിപണികളില്‍ വന്‍ നേട്ടമുണ്ടാക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.
കോഡിംഗ്, അപ് സ്‌കില്ലിംഗ് രംഗങ്ങളിലായിരിക്കും അവിടെ ശ്രദ്ധയൂന്നുക. കോവിഡ് മഹാമാരിക്ക് ശേഷം ഓണ്‍ലൈന്‍ പഠനരംഗത്തുണ്ടായ കുതിപ്പ് പരമാവധി മുതലെടുക്കുകയെന്ന ഉദ്ദേശ്യത്തിലാണ് ചെറുകിട എതിരാളികളെയും വമ്പന്മാരെയും എല്ലാം ഒരുപോലെ ഏറ്റെടുക്കാന്‍ ബൈജൂസ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഏറ്റെടുക്കലുകള്‍ ഇനിയും ഊര്‍ജസ്വലമായി തുടങ്ങുമെന്ന് തന്നെയാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: