തിരുവനന്തപുരം: രണ്ടാം ഡോസ് എടുക്കേണ്ടവരും, അധ്യാപകരും വിദ്യാര്‍ഥികളും കൊവിഡ് വാക്സിനായി പരക്കം പായുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ 12 കോടി രൂപയുടെ കൊവിഷീല്‍ഡ് വാക്സിന് കെട്ടിക്കിടക്കുന്നു. കേന്ദ്രം ആവശ്യത്തിന് നല്‍കുന്നില്ല, കടുത്ത വാക്സിന് ക്ഷാമമാണ്, എന്നൊക്കെ സര്‍ക്കാരും സിപിഎമ്മും നിരന്തരം വ്യാജപ്രചാരണം നടത്തുമ്പോഴാണ് സര്‍ക്കാര്‍ നേരിട്ടിടപെട്ട് വാങ്ങി നല്കിയ വാക്സിന് ആര്‍ക്കും പ്രയോജനമില്ലാതെ ഫ്രിഡ്ജുകളില്‍ കെട്ടിക്കിടക്കുന്നത്. വാക്സിന് ചലഞ്ചു വഴി ലഭിച്ച പണം ഉപയോഗിച്ച്, കെട്ടിക്കിടക്കുന്ന വാക്സിന് സര്‍ക്കാര്‍ ഏറ്റെടുത്താല്‍ പ്രശ്നം പരിഹരിക്കാമെന്നിരിക്കെയാണ് ജനം വാക്സിന് നെട്ടോട്ടമോടുന്നത്.
ആദ്യ ഡോസ് എടുക്കാനുള്ളവരും രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നവരും ആയിരങ്ങളാണ്. ഇതിനിടയിലാണ് കോളജുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികളും കോളജ് അധികൃതരും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണമെന്നാണ് നിബന്ധന. കൂടാതെ സ്കൂള്‍ അധ്യാപകരും അനധ്യാപകരും ജീവനക്കാരും വാക്സിന് എടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ വാക്സിന് എടുക്കാന്‍ തിരക്കേറി. സംസ്ഥാനത്തിന്റെ വാക്സിന് വിതരണത്തിലെ പാളിച്ച മൂലം സൗജന്യ വാക്സിന് കിട്ടുന്നുമില്ല.
സര്‍ക്കാര്‍ 12 കോടി ചെലവാക്കി ചെറുകിട ആശുപത്രികള്‍ക്ക് വാങ്ങി നല്കിയ കൊവിഷീല്‍ഡിന്റെ 10 ലക്ഷം ഡോസാണ് കെട്ടിക്കിടക്കുന്നത്. ആകെ 20 ലക്ഷം ഡോസ് വാക്സിനാണ് പണം നല്‍കിയത്. ഇതില്‍ നിന്നു ലഭിച്ച 10 ലക്ഷം ഡോസും വിതരണം ചെയ്യാനായിട്ടില്ല. സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാക്സിന് ലഭിക്കണമെങ്കില്‍ കുറഞ്ഞത് 3000 ഡോസ് എങ്കിലും വാങ്ങണം. ചെറുകിട ആശുപത്രികള്‍ക്ക് ഇതിന് കഴിയില്ല. ഇതോടെയാണ് സര്‍ക്കാര്‍ ഇടപെട്ട് വാക്സിന് വാങ്ങി നല്‍കിയത്. 630 രൂപ നിരക്കിലാണ് വാക്സിന് വാങ്ങിയത്. ഈ തുക സ്വകാര്യ ആശുപത്രികള്‍ തിരിച്ച് സര്‍ക്കാരിന് നല്‍കണമെന്നായിരുന്നു നിബന്ധന. 150 രൂപ സര്‍വ്വീസ് ചാര്‍ജ് കൂടി ഈടാക്കി 780 രൂപയ്ക്കാണ് ആശുപത്രികള്‍ വാക്സിന് കൊടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വാക്സിന് നല്കുന്നതിനാല് സ്വകാര്യആശുപത്രികളില്‍ ആളുകള്‍ കുറവാണ്.
ഇങ്ങനെ കെട്ടിക്കിടക്കുന്ന വാക്സിനുകള്‍ സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. സ്വകാര്യ ആശുപത്രികള്‍ നല്കിയ തുക അവര്‍ക്ക് തിരികെ നല്‍കണം. അതിന് വാക്സിന് ചലഞ്ചിലൂടെ ലഭിച്ച തുക ഉപയോഗിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വാക്സിന് 115 കോടിയോളം രൂപ ചലഞ്ചിലൂടെ ലഭിച്ചു എന്നാണ് കണക്ക്. വാക്സിന് ചലഞ്ച് എന്ന് പേരില്‍ ഫണ്ട് പിരിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇതിന് പ്രത്യേകം അക്കൗണ്ട് രൂപീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ കൃത്യമായ കണക്കും ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: