ഡോ. രാധാകൃഷ്ണന്‍ ശിവന്‍
വേധം എന്നാല്‍ സാമാന്യമായി തടസ്സം ഉണ്ടാക്കുന്നത് എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ച് വരുന്ന ഒരു വാക്കാണ്. വേധ ദോഷം ഇല്ലാത്ത നിര്‍മിതികള്‍ക്കായി ശാസ്ത്രം ഗമനം എന്ന സങ്കല്പം കല്പിച്ചിട്ടുണ്ട്. ക്ഷേത്ര നിര്‍മാണത്തില്‍ സാക്ഷാല്‍ അനുഭവ വേദ്യമാണ് ഗമനം എന്നുള്ളത്. ബിംബത്തിന് വലതു മാറി കട്ടിള മദ്ധ്യം, പടി, മണ്ഡപം, മാര്‍ഗം, വലിയ ബലിക്കല്ല്, ധ്വജം, ഗോപുരം, ദീപ സ്തംഭം എന്നിങ്ങനെ എല്ലാം മാറി മാറി നില്‍ക്കുന്നത് ഈ തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ്.
ഗൃഹരൂപകല്പനയില്‍ സാധാരണയായി ശ്രദ്ധിക്കേണ്ടുന്ന വേധം എന്നത് ദ്വാരവേധം, സൂത്ര വേധം, മര്‍മവേധം, എന്നിവയാണ്. വേദത്തെ വലിയ ദോഷമായി സങ്കല്പം ഉള്ളതിനാല്‍ നിര്‍മാണത്തില്‍ വേധം ഒഴിവാക്കപ്പെടേണ്ടതാകുന്നു. പ്രധാന വാതിലിനു തടസ്സമായി നില്‍ക്കുന്നത് ദ്വാര വേധം, എന്നത് പ്രസിദ്ധവും പ്രായേണ പാലിക്കപ്പെടുന്നതുമാണെങ്കിലും മറിച്ചുള്ളവ പ്രാധാന്യമേറിയതും ശ്രദ്ധിക്കപ്പെടേണ്ടതുമാകുന്നു.
ഒരു നിര്‍മാണം രൂപകല്‍പ്പന ചെയ്തു ഉടലെടുക്കുമ്പോള്‍ അത് പൂര്‍ണവും ദോഷരഹിതവുമാകാനായി വാസ്തു ആചാര്യന്മാര്‍ കണ്ടെത്തിയ സൂക്ഷ്മ ഗ്രാഫിക് രൂപമാണ് വാസ്തു പുരുഷ മണ്ഡലം. ഈ സങ്കല്പം ഏറ്റവും പൂര്‍ണമായി ഗ്രഹിക്കുന്നതിനായാണ് സ്വശരീരരൂപം അതിലേക്ക് പൂരിപ്പിക്കുക എന്നുള്ളത്. ഈ മണ്ഡല കല്പനയില്‍ കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും വടക്ക് നിന്ന് തെക്കോട്ടും വരക്കയ്‌പ്പെടുന്ന രേഖകളില്‍ മദ്ധ്യത്തിലുള്ളവയ്‌ക്ക് ബ്രഹ്മയമസൂത്രങ്ങള്‍ എന്ന് പേരുണ്ട്. ‘വേധം തു ഗൃഹമദ്ധ്യാനാം ഗോത്രനാശകരം ത്യജേത്’ എന്ന പ്രമാണ പ്രകാരം ഈ സൂത്രങ്ങള്‍ക്ക് വേധം വരുന്നത് വലിയ ദോഷമായി കണക്കാക്കുന്നു. വരാന്തകളില്‍ തൂണുകള്‍ വെയ്‌ക്കുമ്പോള്‍ തുല്യ അകലത്തില്‍ ഇരട്ടയില്‍ ആകണം എന്നുള്ളതും ഈ സങ്കല്പത്തെ മുന്‍ നിര്‍ത്തിയാണ്.
വാസ്തുപുരുഷ മണ്ഡലത്തില്‍ ബ്രഹ്മ യമ കര്‍ണ മൃത്യു സൂത്രങ്ങള്‍ ചേരുന്നിടം ബ്രഹ്മ സ്ഥാനമെന്നും, രജ്ജു നാഡീ വിന്യാസം മഹാസൂത്രവിന്യാസവുമായി ചേരുന്നിടങ്ങള്‍ മര്‍മം, മഹാ മര്‍മസ്ഥാനങ്ങളെന്നുമുള്ള കല്പനയനുസരിച്ചു ഈ സ്ഥാനങ്ങള്‍ ശുദ്ധമായും വേധ രഹിതമായും പാലിക്കപ്പെടേണ്ടതാകുന്നു. ഈ ബ്രഹ്മ മര്‍മ സ്ഥാനങ്ങളില്‍ ഭസ്മം, എച്ചില്‍, മലമൂത്രങ്ങള്‍, തുപ്പല്‍, ഉമി, കരി, തൂണ്‍, ഭിത്തി എന്നിവ വരാന്‍ പാടില്ലാത്തതാകുന്നു.
മഹാസൂത്രങ്ങളുടേയും രജ്ജുക്കളുടെയും അഗ്രഭാഗമോ മൂലഭാഗമോ മറ്റൊരു ഗൃഹം, ഗോശാല, കിണര്‍, ഉപാലയങ്ങള്‍ എന്നിവകളുമായി വേധിക്കുന്നുവെങ്കിലും ദോഷകരം തന്നെ. വാസ്തുപുരുഷ മണ്ഡലത്തില്‍ 81 പദമായി ഭാഗിക്കുമ്പോള്‍ അതില്‍ ഒരു പദത്തിന്റെ പന്ത്രണ്ടില്‍ ഒരു ഭാഗം കൊണ്ട് സൂത്രങ്ങളുടെയും രജ്ജുക്കളുടെയും വിസ്താരമറിയണം. നൂറു പദങ്ങളില്‍ ഒന്നിന്റെ എട്ടിലൊരു ഭാഗവും, അറുപത്തിനാല് പദങ്ങള്‍ ഉള്ള മണ്ഡലമെങ്കില്‍ പതിനാറിലൊരു ഭാഗവും സൂത്ര രജ്ജുക്കളുടെ വിസ്താരമാകുന്നു.
ചില മൂലഗ്രന്ഥങ്ങളില്‍ വിവരിക്കുന്നതിന്‍ പ്രകാരം കോണ്‍ സൂത്രങ്ങളുടെ അവസാന ബിന്ദുക്കളെ ഉള്‍പ്പെടുത്തി എട്ടു സൂത്രങ്ങളെയും ബന്ധിപ്പിച്ചു വരയ്‌ക്കുന്ന വൃത്തം നാഗസൂത്രമാകുന്നു. മറ്റു സൂത്രങ്ങള്‍ക്ക് എന്ന പോലെ തന്നെ ഈ സൂത്രത്തിനും പ്രാധാന്യമുള്ളതിനാല്‍ അതിനും വേധം വരാത്ത വിധം ഉപാലയങ്ങള്‍ സ്ഥാപിക്കപ്പെടണം. ആദ്യം പറയപ്പെട്ട മഹാസൂത്രങ്ങള്‍, രജ്ജുക്കള്‍, ബ്രഹ്മ സ്ഥാനം എന്നിവകളെ കേന്ദ്രമായി കല്പ്പിച്ചു എട്ടു സൂത്രങ്ങളെ കല്‍പ്പിക്കാറുമുണ്ട്. ഇവകള്‍ ഇന്ദ്ര സൂത്രം, അഗ്‌നി സൂത്രം, യമസൂത്രം, നിരൃതി സൂത്രം, വരുണ സൂത്രം, വായുസൂത്രം, സോമസൂത്രം, ഈശസൂത്രം എന്നിങ്ങനെയാണ്.
ഇവ്വിധമുള്ള സൂത്രങ്ങള്‍ക്ക് വേധം വരാത്ത വിധം ഗമനം കൊടുത്തും മര്‍മസ്ഥാനങ്ങള്‍ നീക്കി സ്ഥാപിച്ചും വേധദോഷമില്ലാത്ത വിധം രക്ഷിക്കപ്പെടണം. ഗൃഹം, വാതില്‍, ജനല്‍, പടി എന്നിവക്കെല്ലാം ഗമനം വേണം. പ്രദക്ഷിണ ക്രമത്തില്‍ വേണം ഗമനം കൊടുക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: