കൊച്ചി : മത സൗഹാര്‍ദം പുലര്‍ത്തിപ്പോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ആരും ഇന്ധനം നല്‍കരുത്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിന്റേതായി പുറത്തുവന്ന പ്രസ്താവന സമുദായ സൗഹാര്‍ദ്ദം വളര്‍ത്താന്‍ ഉപകരിക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് പി.ടി. തോമസ് എംഎല്‍എ. നാര്‍ക്കോടിക്സ് ജിഹാദെന്ന ജോസഫ് കല്ലറങ്ങാടിന്റെ പ്രസ്താവനയെ യൂത്ത് കോണ്‍ഗ്രസ് തള്ളിയിരുന്നു. അതിനു പിന്നാലെയാണ് പി.ടി. തോമസും രംഗത്ത് എത്തിയിരിക്കുന്നത്.
ജാതി- മതാടിസ്ഥാനത്തില്‍ കുറ്റവാളികള്‍ പ്രവര്‍ത്തിക്കുന്നത് ആധുനിക കാലഘട്ടത്തില്‍ വിരളമാണ്. ഇത്തരം നിരീക്ഷണങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ അപകടകരമാണ്. എന്നും മത സൗഹാര്‍ദം പുലര്‍ത്തിപ്പോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ആരും ഇന്ധനം നല്‍കരുത്. സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വര്‍ത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതലെന്നും പി.ടി തോമസ് കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ട്. നാര്‍ക്കോട്ടിക്, ലൗ ജിഹാദുകള്‍ക്ക് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നുണ്ട്. കത്തോലിക്ക കുടുംബങ്ങള്‍ ഇതിനെതിരെ കരുതിയിരിക്കണമെന്നായിരുന്നു ജോസഫ് കല്ലറങ്ങാടന്റെ പ്രസ്താവന. കുറവിലങ്ങാട് പള്ളിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ബിഷപ്പിന്റെ ഈ പ്രസംഗം പുറത്തുവന്നത്.
അതിനിടെ ബിഷപ്പ് ഉന്നയിച്ചതൊരു സാമൂഹിക ആശങ്ക മാത്രമാണ്. ബിഷപ്പിനെ വേട്ടയാടാന്‍ അനുവദിക്കില്ല. വിഷയത്തില്‍ നീതിയുക്തായ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് തോമസ് ആര്‍വി പ്രതികരിച്ചത്.
എന്നാല്‍ പ്രാദേശിക യൂണിറ്റ് പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞത് യൂത്ത് കോണ്‍ഗ്രസ് നിലപാട് അല്ല. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിവും യൂത്ത് കോണ്‍ഗ്രസ്സിന്റെ പിന്തുണയുണ്ടാവില്ല. എത് വിഷയത്തിലായാലും സംസ്ഥാന കമ്മിറ്റിയാണ് നിലപാട് വ്യക്തമാക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് തോമസിന്റെ പ്രസതാവനയെ തള്ളിക്കൊണ്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: