പാലക്കാട് : മണ്ണാര്‍ക്കാട് ഹോട്ടലിന് തീപിടിച്ച് രണ്ട് മരണം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. മലപ്പുറം തലക്കടത്തൂര്‍ സ്വദേശി പറമ്പത്ത് മുഹമ്മദ് ബഷീര്‍, പട്ടാമ്പി സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്. പാലക്കാട് സ്വദേശി അക്ബര്‍ അലി, മണ്ണാര്‍കാട് സ്വദേശി റിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എന്നാല്‍ ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.
നാല് നിലകളിലുള്ള ഹില്‍വ്യൂ ടവറില്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഹില്‍വ്യൂ ടവറിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മസാനി എന്ന റസ്റ്റോറന്റില്‍ നിന്നാണ് തീ പടര്‍ന്നത്. തീ പടര്‍ന്നതോടെ മുകള്‍ നിലയില്‍ ഉറങ്ങിക്കിടന്നിരുന്ന എല്ലാവരേയും പുറത്തിറക്കി എന്നാണ് കരുതിയിരുന്നത്. ഒരാള്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് ആദ്യം വിവരം ലഭിച്ചത്. എന്നാല്‍ ഫയര്‍ഫോഴ്സ് എത്തി തീ അണച്ചതിന് ശേഷം തിരിച്ചില്‍ നടത്തിയപ്പോഴാണ് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തീ ഇതിനകം പൂര്‍ണമായും അണച്ചിട്ടുണ്ട്. എന്നാല്‍ നാശനഷ്ടങ്ങള്‍ അറിവായിട്ടില്ല. അതേസമയം ഫയര്‍ഫോഴ്സിന്റെ ഭാഗത്തു നിന്നും വീഴ്്ചയുണ്ടായതായി ഹോട്ടലുടമ ആരോപിച്ചു. അപകടം അറിയിച്ച് ഒന്നര മണിക്കൂറുകള്‍ക്ക് ശേഷമാണ് ഫയര്‍ഫോഴ്സ് സംഭവ സ്ഥലത്ത് എത്തിയതെന്ന് നഗരസഭാ ചെയര്‍മാനും ഹോട്ടലിന്റെ ഉടമകളിലൊരാളുമായ ഫായിദ ബഷീര്‍ ആരോപിച്ചു. ഫയര്‍ഫോഴ്സിന്റെ ലാന്റ് ലൈന്‍ പ്രവര്നത്തനരഹിതമായിരുന്നു. പെരിന്തല്‍മണ്ണയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ഫയര്‍ഫോഴ്സ് സമയത്ത് എത്തിയിരുന്നെങ്കില്‍ ഇത്ര വലിയ അപകടം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടേച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: