പ്രതിരോധപഠനകേന്ദ്രമായ എന്‍ഡിഎ എന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനത്തെ ചരിത്രപരം എന്നുതന്നെയാണ് വിശേഷിപ്പിക്കേണ്ടത്. സൈന്യത്തിന്റെ ഉന്നത നേതൃത്വത്തില്‍ത്തന്നെ ഇതിനുള്ള തീരുമാനം എടുത്തിട്ടുള്ളതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. സായുധ സേനയില്‍ വനിതകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെയും ലിംഗനീതിയുടെയും ലംഘനമാകുമെന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ വരുത്താന്‍ ഒരു വര്‍ഷത്തെ കാലതാമസം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് കോടതി അനുവദിച്ചു. ഈ മാസം നടത്താനിരുന്ന പ്രവേശന പരീക്ഷ പെണ്‍കുട്ടികള്‍ക്കു കൂടി പങ്കെടുക്കാനായി നവംബര്‍ മാസത്തിലേക്ക് മാറ്റി. പരീക്ഷാഫലം സുപ്രീംകോടതിയുടെ അന്തിമതീരുമാനത്തിന് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ള പുരുഷന്മാര്ക്കാണ് ഇതുവരെ എന്‍ഡിഎയില്‍ പ്രവേശനം അനുവദിച്ചിരുന്നത്. പരീക്ഷ ജയിച്ച് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇനി പെണ്‍കുട്ടികള്‍ക്കും സേനയുടെ ഭാഗമാകാം.
സര്‍ക്കാര്‍ തലത്തിലും സേനാതലത്തിലും ചര്‍ച്ചചെയ്തെടുത്ത നല്ല വാര്‍ത്ത എന്നു പറഞ്ഞുകൊണ്ടാണ് ഈ തീരുമാനത്തെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചത്. സായുധസേനകള്‍ രാജ്യത്തിന്റെ അഭിമാനമാണെന്നും, എന്നാല്‍ ലിംഗ സമത്വത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് ഇനിയുമേറെ പോകാനുണ്ടെന്നും പറഞ്ഞ സുപ്രീംകോടതി ബെഞ്ച്, പുതിയ തീരുമാനമെടുത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു. കോടതിയുടെ ഈ വാക്കുകളില്‍നിന്നുതന്നെ, തീരുമാനത്തിന്റെ ചരിത്രപരമായ പ്രാധാന്യം വ്യക്തമാകുന്നുണ്ട്. ആണ്‍കുട്ടികള്‍ക്ക് പരിശീലനം നല്കാന് വേണ്ടിയാണ് എന്‍ഡിഎ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ഘടനയ്ക്ക് മാറ്റം വരുത്തുന്നതിനുവേണ്ടിയാണ് ഒരുവര്‍ഷത്തെ സാവകാശം കേന്ദ്രസര്‍ക്കാര്‍ തേടിയിരിക്കുന്നത്. ചില സൈനിക സ്കൂളുകള്‍ ഇതിനോടകം പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്കാന് തുടങ്ങിയിരുന്നു. മിസ്സോറാമിലെ സൈനിക സ്കൂളില്‍ ആറ് പെണ്‍കുട്ടികള്‍ക്ക് ആറാം ക്ലാസ്സില്‍ പ്രവേശനം നല്കി. ഇതിന്റെ ചുവടുപിടിച്ച് ലക്നൗവിലെ സൈനിക സ്കൂളും ഒന്‍പതാം ക്ലാസ്സില്‍ പതിനഞ്ച് കുട്ടികള്‍ക്ക് പ്രവേശനം നല്കി. പിന്നീട് രാജ്യത്തുടനീളമുള്ള എല്ലാ സൈനിക സ്കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്ന് പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നയത്തിനനുസൃതമായാണ് ഘട്ടംഘട്ടമായി ഈ തീരുമാനങ്ങള്‍ എടുത്തത്.
ഇപ്പോഴത്തെ തീരുമാനം സുപ്രീംകോടതിയുടെ ഇടപെടല്‍ കൊണ്ടുമാത്രം ഉണ്ടായതാണെന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ ചിത്രീകരിക്കുന്നത് ശരിയല്ല. സായുധസേനകളുടെ അനുമതിയോടെ തന്നെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞതിന്റെ ബഹുമതി കേന്ദ്ര സര്‍ക്കാരിന് പോകാതിരിക്കാനാണ് ഇങ്ങനെയൊരു വ്യാഖ്യാനം. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും സായുധസേനകളില്‍ സ്ഥിരമായി സേവനമനുഷ്ഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നതിനെതിരെ വിമര്‍ശനം ഉയരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. പക്ഷേ മോദിസര്‍ക്കാരിനു മാത്രമാണ് ഈ അനീതി പരിഹരിക്കുന്ന തീരുമാനം എടുക്കാന്‍ കഴിഞ്ഞത്. 2020 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, വനിതകളെ സായുധസേനയുടെ ഭാഗമാക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു. ലോകത്തിന്റെ പല കോണുകളിലും സ്ത്രീകള്‍ പല രീതിയിലുള്ള സ്വാതന്ത്ര്യനിഷേധം അനുഭവിക്കുമ്പോഴാണ് ഭാരതത്തില്‍ സായുധസേനയുടെപോലും ഭാഗമായി കരുത്തിന്റെ പ്രതിരൂപങ്ങളാവാന്‍ അവര്‍ക്ക് കഴിയുന്നത്. സ്ത്രീ സ്വാതന്ത്ര്യവും ശാക്തീകരണവുമൊക്കെ നരേന്ദ്രമോദി സര്‍ക്കാരിന് വെറും വാക്കുകളല്ലെന്നാണ് ഇതില്‍നിന്ന് തെളിയുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടി വൈദേശിക ശക്തികള്‍ക്കെതിരെ ആയുധമെടുത്ത് പോരാടിയ റാണി ലക്ഷ്മി ബായിയുടെയും റാണി ചന്നമ്മയുടെയുമൊക്കെ നാട്ടില്‍ വനിതകള്‍ സായുധസേനയുടെ ഭാഗമാകുന്നത് മുഴുവന്‍ സമൂഹത്തിനും അഭിമാനകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: