ന്യൂദല്‍ഹി : താലിബാന് അധികാരം പിടിച്ചെടുത്ത് സര്‍ക്കാര്‍ രൂപീകരണം നടത്തിയത് നിയമ വിരുദ്ധമായാണ്. താലിബാനെ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് ഇന്ത്യയിലെ അഫ്ഗാന് എംബസ്സി. അഫ്ഗാനിസ്ഥാനില്‍ താലിബാന് ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെയാണ് എംബസ്സിയുടെ ഈ പ്രതികരണം. അഫ്ഗാന് വിദേശകാര്യമന്ത്രാലയത്തിന്റെ പേരിലാണ് എംബസി പ്രസ്താവന പുറത്തിറക്കിയത്.
അഫ്ഗാനിസ്ഥാന്റെ ദേശീയ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്ന നടപടികളാണ് ഉണ്ടായിരിക്കുന്നത്. ദേശീയ താത്പ്പര്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനമാണ് താലിബാന് സ്വീകരിച്ചത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ ആകില്ലെന്നും അഫ്ഗാന് എംബസ്സി അറിയിച്ചു.
ലോകത്തിന്റെ തന്നെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന ഭീകരരാണ് കാബിനറ്റ് പദവിയിലെത്തിയിരിക്കുന്നത്. ഇത് ലോകത്തിന് തന്നെ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും അഫ്ഗാന് എംബസി പറയുന്നു.
ഓഗസ്റ്റ് 15നാണ് താലിബാന് അഫ്ഗാനിസ്ഥാന് ഭരണം കയ്യേറിയത്. അന്ന് മുതല്‍ ദല്‍ഹിയിലെ അഫ്ഗാന് എംബസി കനത്ത സുരക്ഷയിലാണ്. ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്ഥാന് നിയമിച്ച ഉദ്യോഗസ്ഥരാണ് ഇവര്‍. അതേസമയം കാബൂളിലെ ഇന്ത്യന്‍ എംബസ്സിയുടെ പ്രവര്‍ത്തനം നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവരെ പ്രത്യേക വിമാനത്തില്‍ ഇന്ത്യ നാട്ടിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: