ലഖ്നോ: ഉത്തര്പ്രേശിന്റെ ആളോഹരി വരുമാനം അടുത്ത അഞ്ചു വര്‍ഷത്തിനകം ഇന്ത്യയുടേതിനേക്കാള്‍ വര്‍ധിപ്പിക്കുമെന്ന് വെല്ലുവിളിച്ച് യോഗി ആദിത്യനാഥ്.
വാരണാസിയില്‍ പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു യോഗി ഈ വെല്ലുവിളി ഉയര്‍ത്തിയത്. ഉത്തര്‍പ്രദേശിന്റെ ഇപ്പോഴത്തെ മൊത്ത ആഭ്യന്തര ഉല്പാദനം (ജിഎസ്ഡിപി) 17.06 ട്രില്ല്യണ്‍ രൂപയാണ്. എന്നാല്‍ ഇന്ത്യയുടെ ജിഎസ്ഡിപിയാകട്ടെ 222.48 ട്രില്ല്യണ്‍ രൂപയാണ്.
ഒരു രാജ്യത്തെയോ ഒരു പ്രദേശത്തെയോ ഒരു പൗരന് സമ്പാദിക്കുന്ന ശരാശരി രൂപയാണ് ആ രാജ്യത്തെ, പ്രദേശത്തെ ആളോഹരി വരുമാനം. മൊത്തം ആഭ്യന്തര ഉല്പാദനത്തെ ആ രാജ്യത്തിന്റെ (അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ) മൊത്തം ജനസംഖ്യയുമായി ഹരിക്കുമ്പോള്‍ കിട്ടുന്ന തുകയാണ് ആ രാജ്യത്തിന്റെ ((അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ) ആളോഹരി വരുമാനം.ഇന്ത്യയുടെ ആളോഹരി വരുമാനം ഇപ്പോള്‍ 1947 ഡോളറാണെങ്കില്‍ ഉത്തര്‍പ്രദേശിന്റേത് ഇപ്പോള്‍ വെറും ആയിരം ഡോളറാണ്. ഒരു സംസ്ഥാനത്തിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രകടനം കണക്കാക്കാന്‍ ആളോഹരി വരുമാനം നല്ലൊരു അളവുകോലാണ്. ആളോഹരി വരുമാനം കൂടുന്തോറും ആ രാജ്യം, പ്രദേശം, അതല്ലെങ്കില്‍ സംസ്ഥാനം കൂടുതല്‍ അഭിവൃദ്ധിയിലാണെന്ന് കരുതാം.
2020ല്‍ ഏപ്രില്‍-ജൂണ്‍ സാമ്പത്തിക പാദത്തില്‍ ജിഡിപി 24.4 ശതമാനം ചുരുങ്ങിയിരുന്നു. ഇപ്പോഴും ഇന്ത്യയുടെ സമ്പദ്ഘടന കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങിയെത്തിയിട്ടില്ല. 2021-22ല്‍ ഏപ്രില്‍-ജൂണ്‍ സാമ്പത്തിക പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 32,38,020 കോടി രൂപയായിരുന്നു. ഇത് 2019-20 കാലഘട്ടത്തേക്കാള്‍ (കോവിഡിന് മുന്‍പുള്ള കാലഘട്ടം) 35,66,708 കോടി രൂപ കുറവാണ്.
നിയമസഭാ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ യോഗിക്ക് പല കോണുകളില്‍ നിന്നും വെല്ലുവിളി ഉയരുന്നുണ്ട്. സുഹല്‍ദേവ് ഭാരതീയ സമാജ് എ ഐഎം ഐഎം, ആസാദ് സമാജ് പാര്‍ട്ടി, പ്രഗതിശീല് സമാജ് പാര്‍ട്ടി എന്നിവയുമായി സഖ്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. ആപ്, ശിവ് സേന, ജെഡിയു എന്നീ പാര്‍ട്ടികള്‍ യുപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും സഖ്യമില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. മാത്രമല്ല, കോണ്‍ഗ്രസിന് നേരെയും ഈ പാര്‍ട്ടികള്‍ സഖ്യത്തിന്റെ വാതില്‍ കൊട്ടിയടച്ചിരിക്കുകയാണ്.
അതേ സമയം പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഒറ്റയ്ക്കൊരു തിരിച്ചുവരവിനൊരുങ്ങുകയാണ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യാദവ് കുടുംബങ്ങള്‍ക്കിടയില്‍ തമ്മിലടിയായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവ് അമ്മാവന് ശിവ്പാലിനെ പുറത്താക്കുകയും മുലായം സിങ്ങിനെ പാര്‍ട്ടി അധ്യക്ഷപദവിയില്‍ നിന്നും അന്ന് മാറ്റുകയും ചെയ്തു. പിന്നീട് അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ഈ മുന്നണി ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയമായി. ആകെ 55 സീറ്റുകളാണ് ലഭിച്ചത്. അതേ സമയം ബിജെപി 312 സീറ്റുകളില്‍ വിജയിച്ച് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കുകയും ചെയ്തു. ഇനി 2022 ഫിബ്രവരിയിലാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: