കോഴിക്കോട് : നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന 20 പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവ്. പുനെ വൈറോളജി പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച അഞ്ച് പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി.
മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവില്‍ 68 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നത്. ഫലം നെഗറ്റീവ് ആയെങ്കിലും 42 ദിവസം ഇവര്‍ നിരീക്ഷണത്തില്‍ തന്നെ തുടരും ഇവരില്‍ രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ജീവികളുടെ സാമ്പിള്‍ ശേഖരണം സംബന്ധിച്ച കാര്യത്തില്‍ ഏകോപനം ഉറപ്പാക്കും. മൃഗസംരക്ഷണ വകുപ്പ് സ്ഥലത്ത് പിറ്റേന്ന് തന്നെ പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചിരുന്നു. ഭോപ്പാലില്‍ നിന്നുള്ള എന്‍ഐവി സംഘവും സംസ്ഥാനത്ത് എത്തും. വവ്വാലുകളില്‍ നിന്ന് ഉള്‍പ്പെടെ സാമ്പിളുകള്‍ ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു. നിയന്ത്രണങ്ങള്‍ ഏത് രീതിയില്‍ തുടരണമെന്നതില്‍ തീരുമാനം ചര്‍ച്ചയ്ക്ക് ശേഷം മാത്രമാകും.
അതേസമയം ചാത്തമംഗലം പഞ്ചായത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജനങ്ങളിലെ ബോധക വത്കരണം തുടരും. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ കയറി ഇറങ്ങി നിപയുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. എതെങ്കിലും വിധത്തിലുള്ള രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ പ്രത്യേകം നിരീക്ഷണത്തിലാക്കാനും നിര്‍ദ്ദേശമുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: