അട്ടപ്പാടിയില്‍ നടക്കുന്ന ഘര്‍വാപ്പസിയുടെ നേര്‍കാഴ്ചമാണ് ഇതോടൊപ്പമുള്ള രണ്ട് ചിത്രങ്ങള്‍. ഒന്ന് കീരിപ്പതി ഊരില്‍ പൂട്ടിക്കിടക്കുന്ന പള്ളി. രണ്ടാമത്തേത് വച്ചപതി ഊരില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രം.
അട്ടപ്പാടിയിലെ ഏറ്റവും വരണ്ട മേഖലകളില്‍ ഒന്നാണ് ഷോളയൂര്‍ പഞ്ചായത്തിലെ കീരിപ്പതി. മഴക്കാലത്ത് പോലും ഇവിടെ കുടിവെള്ളം കിട്ടാക്കനി. ഊരില്‍ നിന്നും അര കിലോമീറ്ററിലധികം കാട്ടിലൂടെ നടന്നാല്‍ ഒരു ചെറിയ നീരുറവ ഉണ്ട്. 30 കുടുംബങ്ങള്‍ക്ക് ദാഹജലം കിട്ടുന്നത് ഇവിടെനിന്ന്. വേനല്‍ക്കാലമായാല്‍ അതും നിലക്കും. വന്യമൃഗശല്യം രൂക്ഷമായ വനത്തിലൂടെ കുത്തനെ ഉള്ള കയറ്റത്തിലൂടെ കുടിവെള്ളം ചുമന്ന് കൊണ്ട് വരുന്നത് നിത്യ ദുരിതം.
പെന്തക്കോസ്ത് സംഘടന എത്തി കുടിവെള്ളം തരാമെന്ന് ഏറ്റു. അതിനായി കിണറും കുഴിച്ചു. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ടാങ്കും പൈപ്പ് ലൈനും ടാപ്പുകളും ഇട്ടു. വെള്ളം നല്‍കുന്നതിന്റെ ഉപകാരസ്മരണ എന്ന നിലയില്‍ ഊരിലുള്ളവരെല്ലാം ആഴ്ചയില്‍ ഒന്ന് പ്രാര്‍ത്ഥനയ്‌ക്ക് എത്തണം എന്നതു മാത്രമായിരുന്നു ആവശ്യം. ഊരുവാസികള്‍ക്ക് അതിന് മടിയുണ്ടായില്ല. ഊരിന്റെ ഏറ്റവും ഉയര്‍ന്ന പ്രദേശത്ത് പ്രാര്‍ത്ഥനാലയവും ഉയര്‍ന്നു. പ്രാര്‍ത്ഥനെക്കെത്താത്തവരെ ഭീഷണിപ്പെടുത്തുന്ന തരത്തിലേക്ക് മാറി കാര്യങ്ങള്‍.
പള്ളി പ്രാര്‍ത്ഥനയ്‌ക്ക് പോകുമെങ്കിലും ഊരു ദൈവമായ മല്ലീശ്വരനെ പൂജിക്കുന്നതില്‍ ഊരുവാസികള്‍ മടികാണിച്ചിരുന്നില്ല. ഉപദേശിച്ച് മല്ലീശ്വരനെ പൂജ തടയാന്‍ പാസ്റ്റര്‍ പല തരത്തില്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. സഹികെട്ട് ഒരു ദിവസം മല്ലീശ്വരന്റെ ചിത്രം പാസ്റ്റര്‍ തീയിട്ടു. ദൈവമാണെങ്കില്‍ ചിത്രം കത്തില്ലല്ലോ എന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നതുപോലെയായി കാര്യം. മല്ലീശ്വരനെ കത്തിച്ചവര്‍ക്ക് ഊരുവിലക്കേര്‍പ്പെടുത്തി. പ്രാര്‍ത്ഥനാ സംഘം മലയിറങ്ങി. പള്ളിക്കെട്ടിടം അനാഥ സ്മാരകമായി.
അഗളിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ട്രസ്റ്റ് അട്ടപ്പാടിയിലെ വനവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ടായി. തിരുവനന്തപുരത്ത് ഭാരതീയ വിചാര കേന്ദ്രം ജില്ലാ സെക്രട്ടറിയായിരുന്ന വി നാരായണന്‍, എം ബി ബി എസ് പാസായ ഉടന്‍ വനവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഇവിടേക്ക് പോന്നത് ഇന്നലെ നടന്നതു പോലെ ഓര്‍ക്കുന്നു. എല്‍ ഐ സിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന വെങ്കിട സുബ്രമണി സ്വാമിയുടെ ഏകമകനായ നാരായണനെ സന്നദ്ധ പ്രവര്‍ത്തനത്തിനായി പിതാവ് ആശീര്‍വദിച്ച് വിട്ടതിനെ അഭിമാനത്തോടെയാണ് കണ്ടത്.സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസറാണ് ഇന്ന് ഡോ.നാരായണന്‍.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ പൊതു സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പിന്തുണയോടെ കീരിപ്പതി ഊരില്‍ നടപ്പിലാക്കിയ ശുദ്ധജലം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സാക്ഷിയാകാനായി. തിളങ്ങുന്ന മുഖവുമായി കുളിച്ച് കുറിതൊട്ട് പരമ്പരാഗത ആട്ടും പാട്ടുമായി സ്വീകരണം ഒരുക്കിയ ഊരുവാസികള്‍. അടിയന്തരമായി അടുത്ത ആവശ്യം എന്ത് എന്ന് ചോദിച്ചപ്പോള്‍ ഊരുമൂപ്പന്‍ വെള്ളിയന്‍കിരിക്ക് ഉത്തരം നല്‍കാന്‍ താമസം വന്നില്ല. ഗണപതി ദേവന് ഒരു മേല്‍ക്കൂര. ഊരുകാരുടെ ദൈവത്തിന് ചുറ്റമ്പലമോ മേല്‍ക്കൂരയോ ഒന്നും ഇപ്പോളില്ല. ഒരു തറയില്‍ വെച്ചിരിക്കുന്ന വിഗ്രഹം മാത്രം. അതൊരു ക്ഷേത്രമാക്കണമെന്നാണ് ഊരിന്റെ പൊതു ആവശ്യമായി വെള്ളിയന്‍കിരി പറഞ്ഞത്.
ഊരുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ പ്രവര്‍ത്തക ഇ.കെ ഷൈനി സമീപത്തുള്ള വച്ചപതി ഊരിലേക്ക് കൂട്ടിക്കൊണ്ടുപോയി. പ്രകൃതി ഭംഗിയുടെ മാസ്മരികത തിറഞ്ഞ പ്രദേശത്തെ ഊരാണിത്. അവിടെ മനോഹരമായ ഗണപതി ക്ഷേത്രം ഉയരുന്നു. കൊത്തുപണികള്‍ ഒഴികെ പണികളെല്ലാം തന്നെ ഊരിലുളളവര്‍ നേരിട്ടു നടത്തുന്നു.രണ്ടു മാസത്തിനകം പ്രതിഷ്ഠ നടത്താനാകുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
റൊട്ടിയും വെള്ളവും കൊടുത്ത് വ്യാപകമായ മതം മാറ്റം നടന്ന മണ്ണില്‍ തിരിച്ചറിവു വന്ന ജനതയുടെ മോചനത്തിന്റെ സൂചികകളാണ് അട്ടപ്പാടിയിലെ ഊരുകളില്‍ കാണുന്ന പൂട്ടിയ പള്ളിയും പണിയുന്ന അമ്പലവും.
പള്ളിമാറി അമ്പലം വരുന്നതല്ല ഊരിലെ മാറ്റം. ഊരു നിവാസികളുടെ മനസ്സില്‍ വന്ന മാറ്റമാണ് പ്രധാനം. നേരത്തെ വിവിധ സംഘടനകള്‍ സഹായങ്ങളും സേവനങ്ങളുമായി എത്തും. വെള്ളവും ഭക്ഷണവും വീടും ഒക്കെ നല്‍കും. ലഭിക്കുന്നവര്‍ എന്നതില്‍ കവിഞ്ഞ് ഇവിടുത്തെ മനുഷ്യര്‍ക്ക് ഇതിലൊന്നും പങ്കാളിത്തമുണ്ടായിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി. വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ഏറ്റെടുക്കുന്ന പദ്ധതികളെല്ലാം ഊരുകൂട്ടത്തിന്റെ മേല്‍ നോട്ടത്തിലും പങ്കാളിത്തത്തിലുമാണ് നടക്കുന്നത്.
‘ശുദ്ധജലം പദ്ധതി ഉദ്ഘാടനവേദിയില്‍ നിങ്ങള്‍ക്ക് നല്‍കിയ പൂച്ചെണ്ട് ഊരിലെ വനിതകള്‍ സ്വയം കൊരുത്തതാണ്. വിളമ്പിയ നെയ്‌ച്ചോറ് അവര്‍ പാകം ചെയ്തതും. അതുകൊണ്ടുതന്നെ പരിപാടി തങ്ങളുടേത് എന്ന തോന്നല്‍ അവരിലുണ്ടായി.വിജയിപ്പിക്കാനായി സ്വയം ഓരോരുത്തരും മുന്നോട്ടു വന്നു. പണ്ട് പരിപാടി നടത്തണമെങ്കില്‍ ഭക്ഷണം ഉള്‍പ്പെടെ എല്ലാം സംഘാടകര്‍ കൊണ്ടു ചെല്ലണമായിരുന്നു.’ ഡോ.വി നാരായണന്റെ വാക്കുകള്‍ അട്ടപ്പാടിയിലെ ഊരുകളില്‍ നടക്കുന്ന ക്രിയാത്മക മാറ്റത്തിന്റെ സാക്ഷ്യമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: