അക്രമത്തെ തള്ളിപ്പറയുക എന്നതാണ് വിവേകമുള്ള ഏതൊരു മനുഷ്യന്റേയും പ്രസ്ഥാനത്തിന്റേയും പ്രാഥമിക രാഷ്ട്രീയ ബോധം. പ്രത്യേകിച്ച് ഒരു ജനാധിപത്യ സമൂഹത്തിലെ പൗരന്മാരാകുമ്പോള്‍. 1921-ല്‍ മാപ്പിള കലാപമെന്ന പേരില്‍ ഏറനാട്-വള്ളുവനാട് താലൂക്കുകളില്‍ നടന്ന ഏകപക്ഷീയമായ അക്രമങ്ങളെയും വംശഹത്യയെയും അപലപിക്കുന്നതിന് പകരം വെള്ളപൂശുന്ന നിലപാടാണ് സിപിഎമ്മും കോണ്‍ഗ്രസും സ്വീകരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ഫ്രണ്ട് തുടങ്ങിയ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വാദമുഖങ്ങള്‍ക്ക് താത്വികഅടിത്തറ പണിയുകയും മുസ്ലിം ലീഗ് അടക്കമുള്ള വര്‍ഗീയ സംഘടനകളുടെ സമീപനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന സമീപമാണ് ഇവര്‍ തുടര്‍ന്നു പോരുന്നത്.
കലാപത്തിന് നേതൃത്വം നല്‍കിയവരെ മഹത്വവത്കരിക്കാനുള്ള ശ്രമങ്ങളും ഇവര്‍ നടത്തുന്നു. നൂറു വര്‍ഷം മുന്‍പ് നടന്ന കൊടുംക്രൂരതകളെ മഹത്വവത്കരിക്കുക വഴി കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തില്‍ വലിയ വിള്ളലുണ്ടാക്കുകയാണ് ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉദ്ദേശ്യമെന്ന് വ്യക്തം. മതേതരത്വത്തേയും ജനാധിപത്യത്തേയും അപകടപ്പെടുത്തുന്ന തരത്തില്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന പഴയ തന്ത്രമാണ് സിപിഎമ്മും കോണ്‍ഗ്രസും ഇപ്പോഴും പുറത്തെടുക്കുന്നത്. തീവ്രവാദ സ്വഭാവമുള്ള ഇസ്ലാമിക സംഘടനകളുടെ പിന്തുണ ഉറപ്പിക്കാനുള്ള മത്സരമാണ് ഇവര്‍ തമ്മില്‍ നടത്തുന്നത്. അതോടൊപ്പം മതത്തിന്റെ കാര്യത്തില്‍ അങ്ങേയറ്റം വൈകാരികമായ നിലപാട് സ്വീകരിക്കുന്ന മുസ്ലിംസമൂഹത്തിന്റെ കയ്യടിയും പിന്തുണയും അവര്‍ ലക്ഷ്യമാക്കുന്നു.
മഹാത്മാഗാന്ധി, അംബേദ്കര്‍,ആനിബസന്റ് തുടങ്ങിയ ദേശീയ നേതാക്കള്‍ രേഖപ്പെടുത്തിയിട്ടുള്ള സത്യങ്ങള്‍, കെ.മാധവന് നായര്‍,യു.ഗോപാലമേനോന്‍, സി. ശങ്കരന് നായര്‍, സി. ഗോപാലന് നായര്‍, പി.വി.കെ. നെടുങ്ങാടി, ഡോ.എം. ഗംഗാധരന്,ഡോ.എം.ജി.എസ്.നാരായണന് തുടങ്ങി ഒട്ടേറെപ്പേര്‍ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രം, കുമാരനാശാന്, തകഴി, ഉറൂബ്, എസ്.കെ. പൊറ്റക്കാട് തുടങ്ങി സമകാലീനരായ ഒട്ടേറെ എഴുത്തുകാരുടെ കൃതികള്‍ എന്നിവയെല്ലാം 1921 ലെ ചരിത്രസത്യങ്ങള്‍ ഇന്നും ഉറക്കെ വിളിച്ചു പറയുമ്പോഴാണ് ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നത്.
ഖിലാഫത്ത് എന്ന പേരില്‍ നടന്ന മാപ്പിളക്കലാപം സ്വാതന്ത്ര്യ സമരമായിരുന്നുവെന്ന് അവകാശപ്പെടുന്നവര്‍ ഏറനാട്ടിലും വള്ളുവനാട്ടിലും നടന്ന ഹിന്ദുവംശഹത്യ എന്തിനായിരുന്നുവെന്ന് വ്യക്തമാക്കേണ്ടതല്ലേ. ബലാത്സംഗങ്ങളും മതപരിവര്‍ത്തനങ്ങളും കൊള്ളയും എന്തിനായിരുന്നുവെന്ന് വ്യക്തമാക്കേണ്ടതല്ലേ. ഗാന്ധിജിയും അംബേദ്കറും ഉള്‍പ്പെടെയുള്ളവര്‍ മാപ്പിളകലാപത്തെ തള്ളിപ്പറഞ്ഞത് എന്തിനെന്ന് വ്യക്തമാക്കേണ്ടതല്ലേ. മാപ്പിളകലാപത്തെ കുടിയാന്മാരുടെ കലാപമെന്ന പേരില്‍ വെള്ളപൂശാന്‍ ശ്രമിക്കുന്നവര്‍ നൂറ് കണക്കിന് പട്ടികജാതിക്കാരുടെയും തിയ്യരുടേയും കൊലപാതകങ്ങള്‍ എന്തിനായിരുന്നുവെന്ന് വ്യക്തമാക്കേണ്ടതല്ലേ.
ഒരു കലാപത്തിന്റെ ചരിത്രം പിന്തലമുറ പഠിക്കുന്നത് അത്തരമൊരു അരക്ഷിതാവസ്ഥ സമൂഹത്തില്‍ വീണ്ടും ഉണ്ടാകാതിരിക്കാനാണ്. സാമൂഹ്യജീവിതത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താനാണ്. അത്കൊണ്ട് കേവലം വൈകാരികമായ വ്യാഖ്യാനങ്ങള്‍ക്കപ്പുറം ചരിത്രത്തിന്റെ അക്കാദമികമായ പഠനം സത്യസന്ധവും നീതിപൂര്‍വ്വവുമാകണം.
മാപ്പിളക്കലാപകാലത്ത് ഏകപക്ഷീയമായി കൊലചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തവരോട് നീതിപുലര്‍ത്താതെ ഒരു സമൂഹം എന്നനിലക്ക് കേരളത്തിന് എത്രമാത്രം മതേതരമായി-ജനാധിപത്യപരമായി നിലനില്‍ക്കാനാകുമെന്ന വലിയ ചോദ്യമാണ് ഇവിടെ ഉയരുന്നത്. വേട്ടക്കാരോടൊപ്പം നിലയുറപ്പിച്ചവര്‍ ഇരകളാക്കപ്പെട്ടവരുടെ ഓര്‍മ്മകളില്‍ പോലും തീ കോരിയിടുകയാണ്.
ഇത്രമാത്രം മനുഷ്യത്വവിരുദ്ധമായ രാഷ്ട്രീയത്തിന് എങ്ങനെയാണ് ഒരു സമൂഹത്തെ മുന്നോട്ട് നയിക്കാനാവുക. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ഇവര്‍ കൊണ്ടുനടക്കുന്നത് മതേതര ജനാധിപത്യ രാഷ്്ട്രീയമാണെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ മൂഢസ്വര്‍ഗത്തിലാണ്. സംഘടിതമായ മത വോട്ട്ബാങ്കുകളെ കൈപ്പിടിയിലൊതുക്കാനുള്ള തന്ത്രം മാത്രമാണ് ഇവര്‍ പയറ്റുന്നത്. സംഘടിത മുസ്ലിം വോട്ട്ബാങ്ക് അധികാരരാഷ്ട്രീയത്തിലേക്കുള്ള കുറുക്ക് വഴിയാണെന്ന് ഇവര്‍ തിരിച്ചറിയുന്നു.
പതിറ്റാണ്ടുകളായി തുടരുന്ന ഈ വര്‍ഗീയ പ്രീണന രാഷ്ട്രീയത്തില്‍ അടുത്തകാലത്തായി സിപിഎം വലിയ മേല്‍ക്കൈ നേടിയിട്ടുണ്ട്. മതമൗലികവാദികളായ ഇസ്ലാമികഗ്രൂപ്പുകളെ പ്രീണിപ്പിക്കുന്നതില്‍ പ്രത്യേക വിരുത് തന്നെ അവര്‍ പ്രദര്‍ശിപ്പിക്കുന്നു.ഇക്കാര്യത്തില്‍ സിപിഎമ്മിനോട് മത്സരിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ അന്തര്‍ദേശീയവും ദേശീയവുമായ സാഹചര്യങ്ങള്‍ മൂലം സിപിഎമ്മിനാണ് ഈ കളിയില്‍ ഇപ്പോള്‍ മേല്‍ക്കൈ കിട്ടിക്കൊണ്ടിരിക്കുന്നത്.
അന്തര്‍ദേശീയ രാഷ്ട്രീയത്തില്‍ തന്നെ കമ്യൂണിസവും ഇസ്ലാമിക മതമൗലികവാദവും കൈകോര്‍ത്തുനില്‍ക്കുന്ന സാഹചര്യമാണ് രൂപം കൊണ്ടിട്ടുള്ളത്. ദേശീയതകളെ എതിര്‍ക്കുന്നകാര്യത്തില്‍, ചരിത്രത്തെയും പാരമ്പര്യങ്ങളെയും തകര്‍ക്കുന്നതില്‍ ,ജനാധിപത്യ സമൂഹങ്ങളെ ശിഥിലമാക്കി ഏകാധിപത്യ ഭരണം ഉറപ്പിക്കുന്നതിലൊക്കെ സമാനമായ വീക്ഷണമുള്ളവരാണ് കമ്യൂണിസ്റ്റുകളും ഇസ്ലാമിക മതമൗലികവാദികളും.
മതസഹവര്‍ത്തിത്വം, ബഹുസ്വരത, ജനാധിപത്യം, ദേശീയത എന്നിവയൊക്കെ ഇരുകൂട്ടര്‍ക്കും ഒരുപോലെ ഹറാമാണ്. ആഗോള രാഷ്ട്രീയത്തില്‍ രൂപപ്പെടുന്ന ശാക്തിക സംതുലനവും ഇവരെ തമ്മില്‍ അടുപ്പിക്കുന്നു. മുസ്ലിംഭീകരതക്കെതിരെ പോരാടുന്ന അമേരിക്ക മറ്റ് ചില കാരണങ്ങളാല്‍ ചൈനയുടെ കൂടി ശത്രുവാണ്. ശത്രുവിന്റെ ശത്രു മിത്രം എന്ന തത്വമനുസരിച്ച് അമേരിക്കക്കെതിരെ കമ്യൂണിസവും ജിഹാദും കൈകോര്‍ക്കുന്നു. ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാരിനും പാകിസ്ഥാനിലെ മതവാദികള്‍ക്കും ഇന്ത്യ പൊതുശത്രുവാണ്. ജനാധിപത്യവും ദേശീയതയും നിലനില്‍ക്കുന്ന യൂറോപ്പ് ഇരുകൂട്ടര്‍ക്കും പൊതുശത്രുവാണ്. ഇസ്രായേല്‍ പൊതുശത്രുവാണ്. ലോകരാഷ്്ട്രീയത്തില് ഇസ്ലാമികഭീകരവാദത്തെ പ്രോത്സാഹിപ്പിച്ച് എതിരാളികളെ ദുര്‍ബലമാക്കാമെന്ന കണക്കുകൂട്ടലിലാണ് കമ്യൂണിസം.
ആഗോളതലത്തില്‍ കമ്യൂണിസവും ജിഹാദും എങ്ങനെ കൈകോര്‍ക്കുന്നുവെന്ന് പാക് എഴുത്തുകാരനായ താരിക് ഫത്തേ വ്യക്തമാക്കുന്നു. 2013 ല്‍ ദല്‍ഹിയിലെ ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ പ്രഭാഷണം നടത്താന്‍ അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും അവസാന നിമിഷം പരിപാടി റദ്ദാക്കി. ശരിയത്ത്- ബോള്‍ഷെവിസമാണ് തനിക്കെതിരെ നിലപാട് സ്വീകരിച്ചവരുടെ പ്രത്യയശാസ്ത്രമെന്ന് ഫത്തേ പ്രതികരിച്ചു.
മൗലികവാദഇസ്ലാമിന്റെയും ഇടതുപക്ഷത്തിന്റെയും അവിശുദ്ധ സഖ്യം (അണ്‍ഹോളി അലയന്‍സ് ഓഫ് റാഡിക്കല്‍ ഇസ്ലാം ആന്റ് ദി ലെഫ്റ്റ്) എഴുതിയ ഡേവിഡ് ഹോറോവിറ്റ്സ് ചൂണ്ടിക്കാണിക്കുന്നത് മാധ്യമ പ്രവര്‍ത്തനം, അക്കാദമിക മേഖല, ഭരണനിര്‍വ്വഹണം എന്നീ രംഗങ്ങളിലെല്ലാം ഈ സഖ്യം സജീവമാണെന്നാണ്.
ഇന്ത്യയില്‍ ഇത് പുതുമയുള്ള ഒരു കാര്യമല്ല.1939 ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ പാക്കിസ്ഥാനും ദേശീയ ഐക്യവും എന്ന പേരില്‍ പാക്കിസ്ഥാന് അനുകൂലമായി പ്രമേയം അംഗീകരിച്ചിട്ടുണ്ട്. സിപിഐയുടെ താത്കാലിക ജനറല്‍ സെക്രട്ടറിയായിരുന്ന ഗംഗാധര്‍ അധികാരിയായിരുന്നു പ്രമേയം തയ്യാറാക്കിയത്.
ഇസ്ലാമിക വേറിടല്‍വാദത്തിനും ഭീകരവാദത്തിനും ആശയപരമായ പിന്തുണ കമ്യൂണിസ്റ്റുകള്‍ നല്കുമ്പോള് തിരിച്ച് വോട്ടിന്റെയും ആള്‍ബലത്തിന്റെയും പിന്തുണ മതമൗലികവാദ ശക്തികള്‍ നല്കുന്നു. ആശയപരമായി നല്കുന്ന ഈ പിന്തുണയുടെ തുടര്‍ച്ചയാണ് 1921 ലെ കൊടും ക്രൂരതകളെ ന്യായീകരിക്കലും വെള്ളപൂശലും.കേരളം അപകടകരമായ രീതിയില്‍ ഇതിന്റെ പരീക്ഷണശാലയായി മാറിയിരിക്കുന്നു.
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടന്നതും 90-കളില്‍ തന്നെ ലഷ്കറെ തോയ്ബയുടെ ദക്ഷിണേന്ത്യന്‍ ഘടകം കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതുമെല്ലാം വ്യക്തമായ തെളിവുകളാണ്. കേരളത്തില്‍ നിന്ന് പോയ അഞ്ച് പേര് കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പോരാടിയതും കൊല്ലപ്പെട്ടതും സമീപകാലത്താണ്.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ പ്രത്യയശാസ്ത്ര ഭാരമൊന്നും അവര്‍ക്കില്ല. പക്ഷേ സിപിഎം ഏകപക്ഷീയമായി തീവ്ര ഇസ്ലാമിക സംഘടനകളെ ഹൈജാക്ക് ചെയ്യുന്നതില്‍ അവര്‍ക്ക് അങ്കലാപ്പുണ്ട്. മലബാര്‍ മേഖലയിലെ വോട്ടാണ് അവര്‍ക്ക് മുഖ്യം.
പ്രീണനത്തില്‍ സിപിഎമ്മിനു പിന്നിലായിപ്പോകാതിരിക്കാന്‍ കോണ്‍ഗ്രസും ആവത് ശ്രമിക്കുന്നു. മത വര്‍ഗീയതയെ പ്രീണിപ്പിക്കുന്നതും പാലൂട്ടുന്നതും തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ കണക്ക് കൂട്ടുന്നിടത്തോളം കേരളത്തിന്റെ ജനാധിപത്യവും മതേതരത്വവും ചോദ്യംചെയ്യപ്പെട്ടുകൊണ്ടേയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: