കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിച്ച് താലിബാന്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ഇപ്പോള്‍ താലിബാന് നയരൂപീകരണ സമിതിയുടെ അധ്യക്ഷനായ മുല്ലാ ഹസന് അഖുന്ദിനെയാണ്.
1996-2001 കാലത്തെ താലിബാന് സര്‍ക്കാരില്‍ ഇദ്ദേഹം വിദേശകാര്യമന്ത്രിയായിരുന്നു. താലിബാന് സര്‍ക്കാരിന്റെ പരമോന്നത നേതൃപദവിയിലുള്ള ഹിബാത്തുള്ള അഖുന്ഡസാദയാണ് പ്രധാനമന്ത്രി പദത്തിലേക്ക് മുല്ലാ ഹസന് അഖുന്ദിന്റെ പേര് നിര്‍ദേശിച്ചത്.
രണ്ട് ഉപപ്രധാനമന്ത്രിമാര്‍ ഉണ്ടാകും. മുല്ല ബറാദര്‍ ഒന്നും ഉപപ്രധാനമന്ത്രിയാകുമ്പോള് മൗലവി ഹനാഫി രണ്ടാമത്തെ ഉപപ്രധാനമന്ത്രിയാകും. പഴയ താലിബാന് നേതാവ് മുല്ല ഒമറിന്റെ മകന് മുല്ല യാക്കൂബിനെ പ്രതിരോധമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചു. ഹഖാനി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ നേതാവ് സിറാജുദ്ദീന് ഹഖാനിയായിരിക്കും ആഭ്യന്തരമമന്ത്രി. ഹഖാനി ശൃംഖയുടെ ഇപ്പോഴത്തെ തലമൂത്ത നേതാവാണ് സിറാജുദ്ദീന് ഹഖാനി. യുഎസിന്റെ ഉപരോധ പട്ടികയിൽ ഉളള ഭീകരസംഘമാണ് ഹഖാനി ഗ്രൂപ്പ്.
മുല്ല അബ്ദുള്‍ ഗനി ബറാദറുടെ നേതൃത്വത്തിലുള്ള താലിബാന് ദോഹ ഗ്രൂപ്പ്, കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഹഖാനി ശൃംഖല, കാണ്ഡഹാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന താലിബാന് സംഘം എന്നീ മൂന്ന് ഗ്രൂപ്പുകള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. തര്‍ക്കം തീര്‍ക്കാനാണ് തല്ക്കാലം ഒരു പുതുമുഖത്തെ അഫ്ഗാന് പ്രധാനമന്ത്രിയായി അവരോധിക്കാന്‍ ധാരണയായതെന്ന് അറിയുന്നു. പാക് ചാരസംഘടനയായ ഐഎസ് ഐയുടെ മേധാവി ഫായിസ് ഹമീദിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍ എന്നറിയുന്നു. രണ്ട് ദിവസമായി കാബൂളിലെത്തിയ ഇദ്ദേഹം ചൊവ്വാഴ്ചയാണ് പാകിസ്ഥാനിലേക്ക് തിരിച്ചുപോയത്.
കാബൂള്‍ പിടിച്ചെടുത്ത ശേഷം താലിബാന് നേതൃത്വം മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, മുന്‍ വിദേശകാര്യമന്ത്രി അബ്ദുള്ള അബ്ദുള്ള എന്നിവരുമായും ചര്‍ച്ച നടത്തിയെങ്കിലും ഇവരെ മന്ത്രിസഭയില്‍ എടുത്തിട്ടില്ല. താലിബാന്റെ അഫ്ഗാനിലെ ഉന്നത നേതാവ് അബ്ബാസ് സ്റ്റാനിക്സായ് ആണ് വിദേശകാര്യ മന്ത്രി. താലിബാൻ വക്താവ് സബിയുളള മുജാഹിദ് ആണ് കാബൂളിൽ മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിച്ചത്.
സർക്കാർ രൂപീകരണത്തോടൊപ്പം അഫ്ഗാനെ ഇസ്ലാമിക് എമിറേറ്റായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം പിടിച്ചിട്ടും പഞ്ച്ശീർ കീഴടക്കാൻ കഴിയാഞ്ഞതും ഭീകരസംഘടനയ്ക്കുള്ളിലെ അധികാര തർക്കവുമാണ് സർക്കാർ രൂപീകരണം വൈകിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: