ബെംഗളൂരു: കേരളത്തില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്കും, തിരിച്ചുമുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ജനങ്ങളോട് നിര്‍ദേശിച്ചു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത്, കേരളത്തില്‍ നിന്നും വരുന്നവര്‍ക്കായി പ്രത്യേക നടപടികള്‍ ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നേഴ്സിംഗ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും ജീവനക്കാരും 2021 ഒക്ടോബര്‍ അവസാനം വരെ കേരളത്തിലേക്ക് അടിയന്തിര ആവശ്യങ്ങളില്ലാതെ യാത്ര ചെയ്യുന്നത് ഒഴിവാക്കാന്‍ അതാത് അഡ്മിനിസ്ട്രേറ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും നിര്‍ദേശം പുറപ്പെടുവിക്കണം. ഇതുവരെ കേരളത്തില്‍ നിന്നും കര്‍ണാടകത്തിലേക്ക് തിരിച്ചെത്താത്ത വിദ്യാര്‍ഥി-ജീവനക്കാര്‍ ഒക്ടോബര്‍ അവസാനത്തിനു ശേഷം കര്‍ണാടകത്തിലേക്ക് പ്രവേശിക്കാനും നിര്‍ദേശിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ആശുപത്രികള്‍, നേഴ്സിംഗ് ഹോമുകള്‍, ഓഫീസുകള്‍, ഹോട്ടലുകള്‍, ഫാക്ടറികള്‍, വ്യവസായങ്ങള്‍ മുതലായവയുടെ എല്ലാ അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും ഉടമകള്‍ക്കും പ്രസ്തുത നിര്‍ദേശം ബാധകമാണ്. ഒക്ടോബര്‍ 31 വരെ കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രകളും തിരിച്ചും മാറ്റിവെക്കേണ്ടതാണ്. പൊതുജനാരോഗ്യ താല്പര്യാര്ത്ഥം കര്‍ണാടകയിലെ കൊവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങളില്ലാതെ ഒക്ടോബര്‍ അവസാനം വരെ കേരളം സന്ദര്‍ശിക്കാനുള്ള പദ്ധതി മാറ്റിവയ്ക്കാന്‍ പൊതുജനങ്ങളോട് നിര്‍ദേശിക്കുന്നതായും ഉത്തരവില്‍ പറയുന്നു. അടിയന്തിര യാത്രകള്‍ ചെയ്യുന്നവര്‍ അവരുടെ യാത്രാ ഉദ്ദേശ്യം വ്യക്തമാക്കുന്നതിന്റെ രേഖകളും കൈവശം കരുതേണ്ടതാണ്.
കേരളത്തില്‍ നിന്ന് കര്‍ണാടകയില്‍ എത്തുന്ന വിദ്യാര്‍ഥികളും ജീവനക്കാരും നെഗറ്റീവ് ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കുന്നുണ്ടെങ്കിലും ഇവരില്‍ ഭൂരിഭാഗം പേരും പിന്നീടുള്ള പരിശോധനകളില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നതിനാലാണ് നടപടികള്‍ ശക്തമാക്കുന്നതെന്ന് ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജാവൈദ് അക്തര്‍ പറഞ്ഞു.
കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴാം ദിവസം ആര്‍ടി-പിസിആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ യാത്രക്കാരെ ക്വാറന്റൈനില്‍ നിന്നും പുറത്തേക്ക് പോകാന്‍ അനുവദിക്കുകയുള്ളൂ. കേരളത്തില്‍ നിന്നും നെഗറ്റീവ് ആര്‍ടി-പിസിആര്‍ ഫലങ്ങളുമായി കര്‍ണാടകത്തിലേക്ക് പ്രവേശിച്ച് ക്വാറന്റൈന് താമസിച്ച പലര്‍ക്കും പിന്നീട് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കന്നടയിലും ഉഡുപ്പിയിലുമാണ് ഇത്തരത്തില്‍ കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: