ഇടുക്കി: സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെയായിരുന്നുവെന്ന് പണിക്കൻ കുടി കൊലപാത കേസിലെ പ്രതി ബിനോയിയുടെ വെളിപ്പെടുത്തൽ. സംഭവ സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ പ്രതി നടത്തിയത്. ആദ്യം കത്തിച്ചുകളയാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ തീ കത്താത്തതിനെ തുടർന്നാണ് കുഴിച്ചിട്ടതെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതി വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം പെരിഞ്ചാംകുട്ടി വനമേഖലയില്‍ നിന്നാണ് ബിനോയിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സംഭവ സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച ബിനോയി എല്ലാകാര്യങ്ങളും പോലീസിനോട് വിവരിക്കുകയായിരുന്നു. ബിനോയിയുടെ വീടിന്റെ അടുക്കളയിലായിരുന്നു സിന്ധുവിനെ കുഴിച്ചുമൂടിയത്. സിന്ധുവിനെ കാണാതായശേഷം നടന്ന അന്വേഷണത്തിലാണ് അയല്‍വാസിയായ ബിനോയിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മൂന്നാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് ബിനോയിയെ പോലീസിന് പിടിക്കാനായത്. പ്രതിയുടെ ഫോണ്‍ ഓഫായതിനാല്‍ പോലീസിന് അന്വേഷണം ബുദ്ധിമുട്ടായിരുന്നു. തമിഴ്നാട്ടിലും തുടര്‍ന്ന് തൃശൂരും കോട്ടയത്തും താമസിച്ചശേഷമാണ് ഇയാള്‍ പെരിഞ്ചാംകുട്ടി വനമേഖലയിലെത്തിയത്. ഇവിടെ വച്ച് സുഹൃത്തിനെ വിളിക്കാന്‍ ഫോണ്‍ ഓണ്‍ ചെയ്തതോടെയാണ് പോലീസിന് ഫോണ്‍ ലൊക്കേഷന്‍ ലഭിച്ചത്. ഇതോടെ പോലീസ് സംഘം വനത്തിനുള്ളില്‍ തെരച്ചില്‍ നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന സിന്ധു, ബിനോയിയുമായി അടുപ്പത്തിലായിരുന്നു. ഇതിനിടയില്‍ സിന്ധു ഭര്‍ത്താവിനെ കാണാന്‍ പോയതാണ് വാക്കുതര്‍ക്കത്തിനും ഇതിനൊടുവില്‍ കൊലപാതകത്തിനും കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: