കല്‍പ്പറ്റ: നൈസര്‍ഗിക ചൈതന്യം ഭാഗികമായി തിരിച്ചുപിടിച്ച് വയനാട്ടിലെ പൂക്കോട് തടാകം. ജലോപരിതലത്തെ മറയ്ക്കുന്നവിധം വളര്‍ന്ന പായലും കളകളും അടിത്തട്ടില്‍ അടിഞ്ഞുകൂടിയ ചളിയും ഒരളവോളം നീക്കം ചെയ്തതോടെയാണ് തടാകത്തിനു ചന്തം വന്നത്.
മൂന്നു മാസത്തോളം നീണ്ട പ്രവൃത്തിയിലൂടെ തടാകത്തില്‍നിന്നു ഏകദേശം 13,000 ക്യുബിക് മീറ്റര്‍ ചളിയും പായലുമാണ് നീക്കിയത്. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ഇന്ത്യ) ലിമിറ്റഡിനായിരുന്നു (വാപ്കോസ്) ശുചീകരണ ചുമതല. തടാകത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്താണ് ശുചീകരണം നടന്നത്. ചളി നിക്കീയതോടെ തടാകത്തില്‍നിന്നു തളിപ്പുഴയിലേക്കുള്ള ഉറവകള്‍ക്കു ജീവന്‍വെച്ചു.
വയനാട്ടില്‍ ഉദ്ഭവിച്ചു കാവേരിയില്‍ ചേരുന്ന കബനി നദിയുടെ കൈവഴിയാണ് തളിപ്പുഴ. സമുദ്രനിരപ്പില്‍നിന്നു ഏകദേശം 700 മീറ്റര്‍ ഉയരത്തിലാണ് വിസ്തൃതിയില്‍ സംസ്ഥാനത്തു രണ്ടാം സ്ഥാനത്തുള്ള പൂക്കോട് ശുദ്ധജല തടാകം. ഫിഷറീസ് വകുപ്പിന്റെ കൈവശത്തിലുള്ള തടാകവും പരിസരവും 1990 കളിലാണ് ടൂറിസം കേന്ദ്രമായത്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിനു കീഴിലാണ് വിനോദസഞ്ചാരം. നാല് പതിറ്റാണ്ടു മുന്‍പ് 8.5 ഹെക്ടറായിരുന്നു തടാകത്തിന്റെ വിസ്തൃതി. പരമാവധി ആഴം 12 മീറ്ററും. ഇത് കാലപ്രയാണത്തില്‍ യഥാക്രമം ഏകദേശം 5.172 ഹെക്ടറും 6.5 മീറ്ററുമായി കുറഞ്ഞു.
പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇന്സ്റ്റിട്യൂട്ടില്നിന്നുള്ള സംഘത്തിന്റെ പഠനത്തിലാണ് മണ്ണടിഞ്ഞും പായലും കളകളും പെരുകിയും തടാകത്തിന്റെ വിസ്തൃതി കുറഞ്ഞതായി കണ്ടത്. സമീപത്തുള്ള കുന്നുകളിലെ സ്വകാര്യ ഭൂമികളിലെ അശാസ്ത്രീയ കൃഷിയും നിര്‍മാണങ്ങളുമാണ് തടാകത്തില്‍ വന്‍തോതില്‍ മണ്ണടിയുന്നതിനു കാരണമായത്. മണ്ണൊലിപ്പു തടയുന്നതിനു തടാകത്തിനു ചുറ്റും കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കുന്നതിനു ടെന്‍ഡര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. 67.5 ലക്ഷം രൂപയാണ് ഈ പ്രവൃത്തിക്കു കണക്കാക്കുന്ന ചെലവ്.
ജൈവവൈവിധ്യ പ്രാധാന്യമുള്ളതാണ് തടാകവും പരിസരവും. തടാകത്തില്‍ മാത്രം കാണുന്ന മീന്‍ ഇനമാണ് പൂക്കോട് പരല്‍. തടാകത്തെ ചുറ്റിയുള്ള വനപ്രദേശം 70ല്‍ പരം ഇനം പക്ഷികളുടേയും നിരവധി ഇനം പൂമ്പാറ്റകളുടേയും ആവാസകേന്ദ്രമാണ്. കൂടുതല്‍ സഞ്ചാരീ സൗഹൃദമാക്കുന്നതിനു അടിസ്ഥാന സൗകര്യ വിപുലീകരണവും തടാകതീരത്തു നടന്നുവരികയാണ്. ആറു കോടി രൂപയുടെ പ്രവൃത്തികളാണ് പുതുതായി ആസൂത്രണം ചെയ്തിരിക്കുന്നത്. ജില്ലയിലെ പ്രധാന പരിസ്ഥിതിസൗഹൃദ വിനോദ സഞ്ചാര കേന്ദ്രമായ പൂക്കോട് തടാകം നിലവില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: