കരുനാഗപ്പള്ളി: വനിതാ സഖാവിനോട് മോശമായി പെരുമാറിയ ഉന്നത നേതാവിനെതിരെ പാര്‍ട്ടി നടപടി. ആലപ്പാട് ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും മത്സ്യതൊഴിലാളി യൂണിയന് സിഐടിയു ജില്ലാ ഭാരവാഹിയും, മത്സ്യ തൊഴിലാളി സഹകരണ സംഘം ഭാരവാഹിയും ആയ നേതാവിനെതിരെ നല്കിയ പരാതിയില്‍ വനിതാ സഖാവ് ഉറച്ചു നിന്നതിനെ തുടര്‍ന്നാണ് ഇയാളെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തത്.
പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗം കൂടി ആയ നേതാവിനെതിരേ ഉയര്‍ന്ന ലൈംഗിക അതിക്ഷേപ ആരോപണം ഒതുക്കി തീര്‍ക്കാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും നടപടി എടുത്തില്ലെങ്കില്‍ തെളിവു സഹിതം പുറത്തവിടുമെന്ന ഭീഷണി മൂലം പാര്‍ട്ടി നടപടിക്ക് നിര്‍ബന്ധിതരാവുകയായിരുന്നു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പു വേളയില്‍ സജീവമായിരുന്ന വനിതാ സഖാവിനോട് മോശമായി പെരുമാറി എന്ന് പരാതി ഉയര്‍ന്നെങ്കിലും നേതൃത്വം ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പാക്കിയിരുന്നു.
അടുത്ത കാലത്തായി വീണ്ടും നേതാവിന്റെ ഭാഗത്തു നിന്നും നിരന്തരം മോശമായ പെരുമാറ്റമുണ്ടാകുകയും പാര്‍ട്ടിക്ക് രേഖാമൂലം പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ലോക്കല്‍ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ ഏരിയ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. വിവരം ലോക്കല്‍ കമ്മിറ്റിക്കും, ബ്രാഞ്ച് കമ്മിറ്റിക്കും കൈമാറിയിരിക്കുകയാണ്.
കൂടുതല്‍ നടപടിക്കായി രണ്ട് അംഗ അന്വേക്ഷണ കമ്മീഷനെ നിയമിക്കാനും ആലപ്പാട് സൗത്ത് ലോക്കല്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. നടപടിക്ക് വിധേയനായ നേതാവിനെ കുറിച്ച് മുമ്പും സമാനമായ ആരോപണമുയര്‍ന്നിരുന്നു. കൂടാതെ നേതാവ് ഭാരവാഹിയായ മത്സ്യസംഘത്തിലെ അഴിമതിയെ കുറിച് പാര്‍ട്ടി അംഗങ്ങള്‍ നല്കിയ പരാതി പാര്‍ട്ടിയിലുള്ള സ്വാധീനം ഉപയോഗിച്ച് ഇല്ലാതാക്കുക ആയിരുന്നു എന്നുമാണ് ചില പാര്‍ട്ടി അംഗങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: