തിരുവനന്തപുരം: മൊബൈൽ ഫോണിന്റെയും ജീവിത സാഹചര്യങ്ങളുടെയും പരിമിതികൾക്കുള്ളിൽ നിന്നാണ് ചെങ്കൽചൂളയിലെ മിടുക്കന്മാർ ഒരു വൈറൽ വീഡിയോ ആൽബം നിർമിച്ചത്. മെച്ചപ്പെട്ട സാങ്കേതിക, വൈജ്ഞാനിക സാഹചര്യങ്ങൾ കിട്ടിയാൽ അവർ മികച്ച ചിത്രങ്ങൾ തയാറാക്കുമെന്ന ചിന്തയാണ് നടൻ ജയകൃഷ്ണനെ ചെങ്കൽചൂളയിലെ കുട്ടികളിലേക്ക് എത്തിച്ചത്.
ഒരു ചെറിയ സിനിമ വരെ നിർമ്മിക്കാനാവുന്ന ഒരു മിനി പ്രൊഡക്ഷൻ യൂണിറ്റ് ആണ് ജയകൃഷ്ണൻ ഈ കുട്ടികൾക്ക് സമ്മാനമായി നൽകുന്നത്. പ്രൊഫഷണൽ ക്യാമറ ജിംബൽ, ട്രൈപോഡ്, ലൈറ്റുകൾ, മോണിറ്റർ സ്ക്രീൻ തുടങ്ങി അടിസ്ഥാന ഉപകരണങ്ങൾ എല്ലാം ഇതിലുണ്ട്.
കൂടാതെ, ചലച്ചിത്ര നിർമാണത്തിൽ സാങ്കേതിക വിജ്ഞാനവും പരിശീലനവും നൽകാൻ ഈ മേഖലയിലെ വിദഗ്ധരായ ഇൻവിസ് മൾട്ടിമീഡിയയും ജയകൃഷ്ണന് ഒപ്പമുണ്ട്. ജയകൃഷ്ണന്റെ സുഹൃത്തായ എം.ആർ.ഹരിയുടെ നേതൃത്വത്തിലുള്ള ഇൻവിസ് മൾട്ടിമീഡിയ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഐ.ടി.,ടെലിവിഷൻ,പരസ്യ-സിനിമ നിർമാണ രംഗങ്ങളിൽ സജീവമായ സ്ഥാപനമാണ്.
ശനിയാഴ്ച ഉച്ചയ്‌ക്ക് 2.00 മണിയ്‌ക്ക് ചെങ്കൽചൂളയിൽ നടക്കുന്ന ചടങ്ങിൽ നടൻ ജയകൃഷ്ണൻ യൂണിറ്റ് സമ്മാനിക്കും.എം.ആർ.ഹരി, എ. ആർ. റഹ്മാൻ മ്യൂസിക് സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ചെങ്കൽചൂള നിവാസിയുമായ നിതീഷ് എന്നിവർ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: