കായംകുളം: ദേവികുളങ്ങരയില്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയെ വീടിന് മുന്നില്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെട്ട സംഘത്തിനെതിരെ കായംകുളം പോലീസ് കേസെടുത്തു.
ബിജെപി നേതാവ് ദേവികുളങ്ങര മംഗടശേരില് ഹരീഷ് ലാലിനെയാണ് (36) ബുധനാഴ്ച രാത്രി 10 മണിയോടെ ബൈക്കിലെത്തിയ ഏഴംഗസംഘം വീടിന് മുന്നില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇരുമ്പ് കമ്പി ഉപയോഗിച്ച് തലയ്ക്ക് അടിച്ച് വീഴ്ത്തിയശേഷം വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. ഹരീഷിന്റെ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും മോതിര വിരല്‍ അറ്റുപോകുകയും ചെയ്തു.
ഓടിയെത്തിയ നാട്ടുകാര്‍ ഹരീഷ് ലാലിനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ ബ്ളോക്ക് ട്രഷറര്‍ അനീഷ് ഉള്‍പ്പെട്ട അഞ്ചംഗ സംഘത്തിനെതിരെയാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.ഇവര്‍ ഒളിവിലാണ്.
കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ വാക്സിനേഷനുമായി ബന്ധപ്പെട്ട ഫ്ളക്സ് ബോര്‍ഡുകള്‍ ദേവികുളങ്ങര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചശേഷം ഹരീഷ് തിരികെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. നേരത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കിടയിലും അനീഷിന്റെ നേതൃത്വത്തില്‍ ആക്രമണം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: