ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മുതിര്‍ന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ ജി. സുധാകരന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്ന് സിപിഎം കമ്മിഷന്. തെരഞ്ഞെടുപ്പില്‍ നിഷേധ സമീപനമാണ് സുധാകരന് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ. തോമസ് എന്നിവരടങ്ങുന്നതാണ് കമ്മിഷന്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ത്ഥിയെ സുധാകരന് പിന്തുണച്ചില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും സഹായകരമായ നിലപാട് സ്വീകരിച്ചില്ല. സ്ഥാനാര്‍ഥിക്കെതിരെ നടന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാതെ മൗനം നടിച്ചെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചില്ലെന്നും ഒരു വിഭാഗക്കാരനാണെന്ന പ്രചാരണത്തെ മറികടക്കാന്‍ ശ്രമിച്ചില്ലെന്നുമാണ് സലാമിനെതിരായ കമ്മിഷന്റെ ആരോപണം. ഇരുവര്‍ക്കുമെതിരായ തുടര്‍ നടപടികള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കും.
അമ്പലപ്പുഴ വിഷയം ചര്‍ച്ച ചെയ്ത സംസ്ഥാന കമ്മിറ്റിയോഗത്തിലും ജില്ലാ കമ്മിറ്റി യോഗത്തിലും ജി.സുധാകരന് പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട സുധാകരന് തനിക്ക് സഹകരണമൊന്നും നല്‍കിയില്ലെന്ന് ജില്ലാ കമ്മിറ്റിയില്‍ സലാം ആരോപിച്ചിരുന്നു. തന്നെ എസ്ഡിപിഐക്കാരനായി ചിത്രീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് അദ്ദേഹം കൂട്ടുനിന്നു. ആദ്യഘട്ടത്തില്‍ പ്രചാരണത്തിനെത്തിയില്ലെന്നും സലാം അറിയിച്ചു. ജില്ലാ കമ്മിറ്റിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗവും സുധാകരനെ കുറ്റപ്പെടുത്തിയോടെ സംസ്ഥാന കമ്മിറ്റി വിഷയം പരിശോധിക്കുമെന്ന് ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന് യോഗത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കമ്മിറ്റിയെ നിയോഗിച്ച് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ഇത്തവണ അമ്പലപ്പുഴ മണ്ഡലത്തില്‍ വോട്ടു കുറഞ്ഞിട്ടില്ലെന്നായിരുന്നു സുധാകരന്റെ വാദം. തൊട്ടടുത്ത ആലപ്പുഴ മണ്ഡലത്തിലാണ് ധാരാളം വോട്ട് കുറഞ്ഞത്. കമ്മിഷന് മുമ്പാകെ തെളിവു നല്‍കാനെത്തിയ ഭൂരിഭാഗം പേരും ജി.സുധാകരനെ വിമര്‍ശനം ഉന്നയിച്ചു.
അതേസമയം കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറി പദവിയില്‍ തിരിച്ചെത്തിയതിനു ശേഷം നടക്കുന്ന സെക്രട്ടേറിയേറ്റ് യോഗത്തിലായിരിക്കും കമ്മിഷന് റിപ്പോര്‍ട്ട് സംബന്ധിച്ച ധാരണയുണ്ടാക്കുക. അതിനുശേഷം നടക്കുന്ന സംസ്ഥാന കമ്മിറ്റിയിലായിരിക്കും നടപടിയുടെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുകയെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: