കൊല്ലം: ജില്ലയില്‍ സംഘടന ദുര്‍ബലമെന്നും വോട്ടു ചോര്‍ച്ചയുണ്ടായെന്നും സിപിഎം റിപ്പോര്‍ട്ട്. ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ സംസ്ഥാന സമിതിക്കു മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടതു മുന്നണി വളരെയേറെ പിന്നോക്കം പോയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടു ചോര്‍ച്ച ജില്ലയില്‍ സിപിഎമ്മിനുണ്ടായ സംഘടന ദൗര്‍ബല്യമാണ്. തൊഴിലാളികള്‍ക്ക് ഇടയിലും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഇടയിലും പാര്‍ട്ടിയ്‌ക്ക് സ്വാധീനം നഷ്ടപ്പെട്ടു. ജില്ലയില്‍ പാര്‍ട്ടിയുടെ സ്വാധീനം കുറയുന്ന കാര്യം തദ്ദേശതിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാന്‍ ജില്ലാ നേതൃത്വം ശ്രമിച്ചില്ല. ബ്രാഞ്ച് തലത്തില്‍ ആഴത്തിലുള്ള പരിശോധന വേണം. ജില്ലയില്‍ ബിജെപിയുടെ മുന്നേറ്റം, കോണ്‍ഗ്രസിനുണ്ടായ വോട്ട് വര്‍ധനവ്, ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയതും റിപ്പോര്‍ട്ടിലുണ്ട്. സേവാഭാരതി പ്രവര്‍ത്തനങ്ങള്‍ ബിജെപിക്ക് ഗുണകരമാകുന്നുവെന്നും കോണ്‍ഗ്രസ് മുന്നേറ്റത്തിന് സ്ഥിരതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷിക്കാന്‍ കമ്മീഷന്‍
ജില്ലയിലെ പതിനൊന്ന് നിയമസഭാ സീറ്റില്‍ ഒമ്പതിലും ഇടതുമുന്നണി ജയിച്ചെങ്കിലും 2016നെ അപേക്ഷിച്ച് 69513 വോട്ടുകുറഞ്ഞു. ഇരവിപുരം ഒഴികെ പത്തു മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വോട്ടു കുറഞ്ഞത് രാഷ്‌ട്രീയവും സംഘടനാപരവുമായ വലിയ കുറവാണ്. അഞ്ച് മണ്ഡലങ്ങളില്‍ അയ്യായിരത്തിലേറെ വോട്ടിന്റെ കുറവുണ്ടായതും ഗൗരവമുള്ളതാണ്. കൂടുതല്‍ കുറവ് കുണ്ടറയിലാണ്. സിപിഐ മത്സരിച്ച കരുനാഗപ്പള്ളിയിലെ പരാജയം സംഘടനാപരിമിതിയുടെ ഭാഗമാണ്. ആഴത്തിലുള്ള പരിശോധന വേണമെന്നും ഇതിന് കമ്മീഷന്‍ ആവശ്യമെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംഘടനാ പ്രവര്‍ത്തനത്തില്‍ വീഴ്ച
ജില്ലയിലെ സംഘടനാ കെട്ടുറപ്പിന് ക്ഷതമേല്‍പ്പിക്കുന്ന ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ തിരുത്തല്‍ നടപടി സ്വീകരിക്കേണ്ടതുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനത്തില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും വലിയ മാറ്റമുണ്ടായില്ല. കഴിഞ്ഞതവണ 50 ശതമാനത്തിലധികം വോട്ടുകിട്ടിയ ജില്ലയില്‍ ഇത്തവണ ജനപിന്തുണയില്‍ വന്ന കുറവിന് സംഘടനാ ദൗര്‍ബല്യങ്ങള്‍ കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കണം.
എം.എ. ബേബിക്ക് വാഴ്‌ത്തല്‍
എം.എ. ബേബി സംഘടനാപരമായി ജില്ലയെ സഹായിച്ചെന്നു വാഴ്‌ത്തുമ്പോള്‍ സിപിഎം ജില്ലാ നേതൃത്വത്തെയും മേഴ്‌സികുട്ടിയമ്മയെയും റിപ്പോര്‍ട്ടില്‍ താഴ്‌ത്തി കെട്ടുന്നു. അതേസമയം പഴയ വി.എസ്. പക്ഷ നേതാക്കളെ തലോടുന്നുമുണ്ട്. മുകേഷ് എംഎല്‍എക്ക് എതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗവും സിപിഐയും പ്രവര്‍ത്തനം നടത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. പഴയ വി.എസ്. പക്ഷക്കാര്‍ക്ക് ആശ്വാസമേകുന്ന റിപ്പോര്‍ട്ടില്‍ ജില്ലാ സെക്രട്ടറിയേറ്റിനെതിരെ പരാമര്‍ശങ്ങളും ഗുരുതരമായ കുറ്റപ്പെടുത്തലുമുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ വരുന്ന സമയത്ത് ഇ റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നതോടെ നേതൃത്വ മാറ്റവും ലക്ഷ്യം വയ്‌ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: