കോട്ടയം: സംസ്ഥാന കോണ്‍ഗ്രസ്സില്‍ ചില പ്രശ്നങ്ങളുണ്ട്. കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഇല്ല എന്നുപറഞ്ഞ് കണ്ണടയ്ക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് പുതിയ ഡിസിസി പ്രസിഡന്റ് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്നപ്പോള്‍ ഇഷ്ടമില്ലാത്തവരെ പോലും ഒരുമിച്ച് കൊണ്ടുപോകാനായി. ധാഷ്ട്യത്തിന്റെ ഭാഷ പ്രയോഗിച്ചിട്ടില്ല. അഹങ്കാരത്തോടെ പ്രവര്‍ത്തിച്ചിട്ടില്ല. 17 വര്‍ഷം വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്കുള്ള യാത്രയായിരുന്നു അത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ താന്‍ വെറുമൊരു പ്രവര്‍ത്തകനാണ്. ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നതില്‍ തന്റെ അഭിപ്രായം തേടിയില്ലെങ്കിലും ഉമ്മന്‍ ചാണ്ടിയെ മാറ്റിനിര്‍ത്തരുത്. അദ്ദേഹം കോണ്‍ഗ്രസ് ദേശീയ നേതാവാണ്. എഐസിസി ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തക സമിതി അംഗവുമാണ് ഉമ്മന്‍ചാണ്ടി. സംസ്ഥാന നേതൃത്വം അദ്ദേഹവുമായി കൂടിയാലോചിക്കേണ്ടതാണ്. പ്രായത്തിന്റെ കാര്യം പറഞ്ഞ് മാറ്റി നിര്‍ത്താന്‍ ആവില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഡിസിസി അധ്യക്ഷപ്പട്ടികയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിനുള്ളിലെ പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പാക്കുന്നതിനായി സംസ്ഥാന നേതാക്കള്‍ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പുതിയ പ്രതികരണം. അധ്യക്ഷപ്പട്ടിക പുറത്തുവന്നതില്‍ ഇടഞ്ഞ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വിളിച്ച് പ്രശ്നങ്ങള്‍ രമ്യതയിലാക്കാനാണ് സംസ്ഥാന നേതാക്കളുടെ ഇപ്പോഴത്തെ നീക്കം. വിശദമായി ചര്‍ച്ച ചെയ്യാതെയാണ് ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവിട്ടതെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പ്രതികരണം.
മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു മുന്നോടിയായി വി.ഡി. സതീശന് ഇരു നേതാക്കളേയും ഫോണില്‍ വിളിച്ചു സംസാരിച്ചു കഴിഞ്ഞു. ഇതിനെ തുടര്‍ന്ന് ഈ മാസം ആറിന് ചേരുന്ന യുഡിഎഫ് മുന്നണി യോഗത്തില്‍ പങ്കെടുക്കാനും സതീശന് ഇരുവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ നേതൃത്വം സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യ സമ്പൂര്‍ണ യോഗമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ചേരുക. ഘടകകക്ഷികളായ ആര്‍എസ്പി, മുസ്ലിം ലീഗ് എന്നിവര്‍ക്ക് കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ അതൃപ്തിയുണ്ട്. യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ആര്‍എസ്പിയിലെ ഒരു വിഭാഗം പറയുന്നത്. ശനിയാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. അതേസമയം കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് പുതിയ അധ്യക്ഷന്മാര് ഇന്ന് ചുമതല ഏല്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: