ന്യൂദല്‍ഹി : ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദരുടെ ജന്മവാര്ഷികത്തില് 125 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്കോണ്‍ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ സ്വാമി പ്രഭുപാദരുടെ 125-ാം ജന്മവാര്‍ഷികം കൂടിയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്.
ഹരേ കൃഷ്ണ പ്രസ്ഥാനം എന്നാണ് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ് (ഇസ്കോണ്‍) അറിയപ്പെടുന്നത്. രാജ്യത്ത് നൂറോളം ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തയാളാണ് ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദ. അദ്ദേഹത്തിന്റെ 125-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ ധ്യാനത്തിന്റെയും ഭക്തിയുടെയും സംതൃപ്തിയുടെയും സന്തോഷം ഒന്നിച്ചിരിക്കുകയാണ്.
ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭക്തരും പ്രഭുപാദരുടെ ദശലക്ഷക്കണക്കിന് അനുയായികളും ഈ ദിവസം ആഘോഷിക്കുകയാണ്. ജന്മാഷ്ടമി ആഘോഷവേളയില്‍ തന്നെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികം വന്നെത്തിയത് തികച്ചും യാദൃശ്ചികമായി. യോഗയെ കുറിച്ച് നമുക്കുള്ള അറിവ് ലോകത്ത് മുഴുവന്‍ പകര്‍ന്നു നല്കി. ആയുര്‍വേദം പോലൊരു ശാസ്ത്രത്തിനും അദ്ദേഹം പ്രചാരം നല്‍കിയെന്നും പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രി ജി. കിഷന് റെഡ്ഡിയും ചടങ്ങില്‍ പങ്കെടുത്തു.
രാജ്യത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രമുഖ വ്യക്തികളുടെ സ്മരണാര്‍ത്ഥമാണ് പ്രത്യേക നാണയങ്ങള്‍ പുറത്തിറക്കുന്നത്. 1896 സെപ്റ്റംബര്‍ 1 ന് കല്‍ക്കട്ടയിലാണ് ശ്രീല പ്രഭുപാദര് ജനിച്ചത്. 1922 -ല്‍ ഒരു പ്രമുഖ പണ്ഡിതനും മതനേതാവുമായ ശ്രീല ഭക്തിസിദ്ധാന്ത സരസ്വതിയുമായുള്ള കൂടിക്കാഴ്ച വഴിത്തിരിവ് ആകുകയായിരുന്നു. അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തിയ ആത്മീയ വഴികളിലൂടെ കൃഷ്ണ ഭക്തി പ്രചരിപ്പിക്കുകയായിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ലോകത്ത് ശ്രീകൃഷ്ണ കഥകള്‍ പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്കി.
ശ്രീല പ്രഭുപാദര് ആദ്യകാലത്ത് മരുന്ന് കട നടത്തിയിരുന്നു. തുടര്‍ന്ന് വിദേശ നാടുകളില്‍ സഞ്ചരിച്ചു. ലോകമെമ്പാടുമുള്ളവരിലേക്ക് ശ്രീകൃഷ്ണ ഉപദേശങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയ 1965 ല്‍ ന്യൂയോര്‍ക്കിലെത്തിയ ശേഷമാണ് അദ്ദേഹം ഇസ്കോണ്‍ ആരംഭിച്ചത്. ഭഗവദ് ഗീത ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ 89 ഭാഷകളിലേക്കായി ഇസ്കോണ്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: