വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമസേനാകേന്ദ്രം ചൈന കയ്യടക്കാന്‍ ശ്രമിക്കുന്നതായി മുന്‍ അമേരിക്കല്‍ നയതന്ത്രപ്രതിനിധി നിക്കി ഹേലി. കഴിഞ്ഞ രണ്ട് ദശകമായി അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നു ഈ വ്യോമസേനാ കേന്ദ്രം.
അഫ്ഗാനിസ്ഥാനില്‍ നിലയുറപ്പിച്ച ശേഷം ചൈന ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനെ ശക്തമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും നിക്കി ഹേലി പ്രവചിക്കുന്നു. ഫോക്സ് ന്യൂസുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം.
അടിയന്തരമായി ജോ ബൈഡന് അമേരിക്കയുടെ സഖ്യകക്ഷികളുമായി ആഴത്തിലുള്ള ബന്ധം പുനസ്ഥാപിക്കണം. ഇന്ത്യ, ജപ്പാന്, ആസ്ത്രേല്യ, ഇസ്രയേല്‍, ഉക്രെയ്ന്, തയ് വാന്‍ എന്നീ രാജ്യങ്ങളുമായി അഫ്ഗാനെ സംബന്ധിച്ച് ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങണം. – നിക്കി ഹേലി പറഞ്ഞു.
തീവ്രവാദത്തിനെതിരെ ലോകമെമ്പാടും അമേരിക്ക നീങ്ങാന്‍ പോകുന്നുവെന്ന സന്ദേശം നല്‍കണം. കാരണം അഫ്ഗാനിസ്ഥാനിലെ ജിഹാദികളുടെ വിജയത്തോടെ ലോകമെമ്പാടും അവര്‍ പുതിയ യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങും. അതോടെ നിസ്സഹായമായ അവസ്ഥയിലേക്ക് യുഎസ് നീങ്ങിയേക്കും.- നിക്കി ഹേലി മുന്നറിയിപ്പ് നല്കുന്നു.
അഫ്ഗാനിസ്ഥാനില്‍ വിനാശകരമായ രീതിയില്‍ സേനാപിന്മാറ്റം നടത്തിയതിന് ബൈഡനെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. തെരുവില്‍ ജിഹാദികള്‍ ആഘോഷം നടത്തിയത് അമേരിക്ക അവിടെ നിന്നും പിന്‍വാങ്ങിയതുകൊണ്ടാണ്. മാത്രമല്ല, കോടികള്‍ വിലമതിക്കുന്ന ആയുധങ്ങളും ഉപേക്ഷിച്ചാണ് അമേരിക്കന്‍ സേന ഒടിപ്പോന്നത്. അമേരിക്കയിലെ സൈനികര്‍ക്കും അവരുടെ കുടുംബത്തിനും ബൈഡന് മേല്‍ വിശ്വാസം നഷ്ടമായിരിക്കുന്നു. – നിക്കി ഹേലി പറഞ്ഞു.
സൈബര്‍ സുരക്ഷ ശക്തമാക്കുകയാണ് യുഎസ് ആദ്യം ചെയ്യേണ്ടത്. പുതിയ സാഹചര്യത്തില്‍ വലിയ സൈബര്‍ കുറ്റകൃത്യങ്ങളും തീവ്രവാദകുറ്റകൃത്യങ്ങളും യുഎസിന് നേരിടേണ്ടിവരും. -നിക്കി ഹേലി മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: