തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പോലീസിന്റെ ക്രൂരത. ബാലരാമപുരത്ത് മൂന്ന് വയസുകാരിയെ കാറിനകത്തിട്ട് പൂട്ടി പോലീസ് താക്കോല്‍ കൊണ്ടുപോയി. അച്ഛനും അമ്മയും ആവശ്യപ്പെട്ടിട്ടും താക്കോല്‍ തിരികെ നല്കാന് ഉദ്യോഗസ്ഥന് തയ്യാറായില്ല. കാറില്‍ നിന്ന് കുട്ടി നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരി 23ന് രാവിലെയായിരുന്നു സംഭവം. അമിത വേഗതയുണ്ടെന്ന് പറഞ്ഞ് പോലീസ് കാറ് പിടിക്കുകയും താക്കോലൂരി ഡോറുകള്‍ പൂട്ടുകയുമായിരുന്നു. ഷിബുകുമാര്‍ എന്നയാളും ഭാര്യയും മകളും സഞ്ചരിച്ച കാറാണ് പോലീസ് പിടികൂടിയത്. അമിത വേഗതയ്ക്ക് 1500 രൂപ പിഴ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഗാനമേളയ്ക്ക് സംഗീത ഉപകരണം വായിക്കുന്നയാളാണ് ഷിബു, ഗായികയാണ് ഭാര്യ. കൊവിഡ് മൂലം വരുമാനമില്ലെന്ന് പറഞ്ഞെങ്കിലും പോലീസ് ചെവികൊണ്ടില്ല.
ഒരു മണിക്കൂറിന് ശേഷം പിഴയടച്ച് മടങ്ങുമ്പോള്‍ അമിത വേഗത്തില്‍ പോകുന്ന മറ്റ് വാഹനങ്ങള്‍ കാണിച്ചപ്പോള്‍ പോലീസുകാരന് ഷിബുവിനെ മര്‍ദിക്കാന്‍ ശ്രമിച്ചു. ഇതു ഭാര്യ ഫോണില്‍ പകര്‍ത്തി. ദേഷ്യത്തില്‍ ഓടിവന്ന പോലീസുദ്യോഗസ്ഥന് കേസെടുത്ത് അകത്താക്കും എന്ന് പറഞ്ഞുകൊണ്ട് കാറിന്റെ ഡോര്‍ തുറന്ന് താക്കോല്‍ ഊരി, ഡോര്‍ ലോക്ക് ചെയ്ത് പോലീസ് വാഹനത്തിനടുത്തേക്ക് പോകുകയായിരുന്നു. കാറില്‍ തനിച്ചായ കുട്ടി നിലവിളിച്ചു.
അന്ന് ഷിബുവും കുടുംബവും പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം എട്ടുവയസുകാരിയുടെ മുന്നില്‍ പിതാവിനെ കള്ളനായി ചിത്രീകരിച്ച പോലീസിന്റെ ക്രൂരത കണ്ടതുകൊണ്ടാണ് ഈ സംഭവവും ജനങ്ങള്‍ കാണണമെന്ന് തീരുമാനിച്ചതെന്ന് കുടുംബം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: