ആലപ്പുഴ: റോഡ് കയ്യേറ്റം ഒഴിപ്പിക്കാതെ ശതകോടി മുടക്കിയുള്ള ആലപ്പുഴ ചങ്ങനാശ്ശേരി സെമി എലിവേറ്റഡ് ഹൈവേ പദ്ധതി പ്രഹനമാകുന്നു. കൈതവന ജങ്ഷനില്‍ വലിയ തോതില്‍ കയ്യേറ്റമുണ്ടെന്ന് പൊതുമരാമത്ത് വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പ്രകാരം സ്വന്തം ചെലവില്‍ കയ്യേറ്റം നീക്കം ചെയ്യാമെന്ന് കയ്യേറ്റക്കാര്‍ രേഖാ മൂലം അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ അതെല്ലാം കാറ്റില്‍പ്പറത്തി കയ്യേറ്റം ഒഴിപ്പിക്കാതെയാണ് ഏറെ തിരക്കേറിയ കൈതവന ജങ്ഷനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നതാണ് ആക്ഷേപം.
ജേക്കബ് ജോണ്‍ & കമ്പനിയാണ് റോഡ് പ്രധാനമായും കയ്യേറിയിരിക്കുന്നത്. അതിനാല്‍ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വരുന്ന നിരവധി വാഹനങ്ങള്‍ റോഡില്‍ക്കൂടി നിര്‍ബാധം കടന്നുപോകാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇതു സംബന്ധിച്ച് കുട്ടനാട് പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കയ്യേറ്റം കണ്ടെത്തുകയും പൊതു കാനയടക്കം നിയമവിരുദ്ധമായി ജേക്കബ് ജോണ്‍ കമ്പനി കയ്യടക്കിയതായി വ്യക്തമായി.
എത്രയും വേഗം അനധികൃത നിര്‍മ്മാണം പൊളിച്ചു മാറ്റുന്നതിനും രേഖാമൂലം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കമ്പനിയുടമ പിഡബ്ള്യൂഡി എക്സിക്യൂട്ടീവ് എന്‍ജിനീയറോട് തല്ക്കാലം ഒഴിപ്പിക്കരുതെന്നും റോഡുനിര്‍മ്മാണം ആരംഭിക്കുന്ന സമയത്ത് ഈ കെട്ടിടം പൊളിച്ചു നീക്കിത്തന്നുകൊള്ളാമെന്ന് സമ്മതിച്ച് രേഖാമൂലം അപേക്ഷ നല്കി.
ഇതിന് പ്രകാരം കൈതവന ജങ്ഷനിലുള്ള അനധികൃത കയ്യേറ്റം ഒഴിപ്പിച്ച് റോഡിന് മുന്‍പുണ്ടായിരുന്ന വീതിയില്‍ നിര്‍മ്മാണം നടത്തുന്നതിനായിരുന്നു പ്ലാന്‍ തയ്യാറാക്കിയിരുന്നത്. എന്നാല്‍ അതെല്ലാം അട്ടിമറിക്കപ്പെട്ടു. ഇപ്പോള്‍ കയ്യേറ്റക്കാരെ സഹായിക്കുന്ന വിധത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നതാണ് വിരോധാഭാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: