കൊച്ചി: ഡിസിസി പുനഃസംഘടനയുടെ പേരില്‍ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെ നേരിട്ട് പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സിപിഎം രംഗത്ത്. ഇടതുമുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് ഇവരെ ആകര്‍ഷിക്കാന്‍ കഴിയാത്തതും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തുന്നത് ഒഴിവാക്കാനുമാണ് പതിവ് ശൈലി വിട്ട് രംഗത്തിറങ്ങാന്‍ സിപിഎമ്മിനെ നിര്‍ബന്ധിതമാക്കുന്നത്. കോണ്‍ഗ്രസ് വിട്ട് എന്‍സിപി വഴി ഇടത് മുന്നണിയിലെത്തുമ്പോള്‍ തെരഞ്ഞെടുപ്പിന് ശേഷം പല കോണ്‍ഗ്രസ് നേതാക്കളേയും എന്‍സിപിയിലെത്തിക്കുമെന്നായിരുന്നു പി.സി. ചാക്കോ സിപിഎമ്മിന് നല്‍കിയിരുന്ന ഉറപ്പ്.
എന്നാല്‍ കോണ്‍ഗ്രസില്‍ പരസ്യകലാപം തുടരുമ്പോഴും മുതിര്‍ന്ന നേതാക്കളാരും ചാക്കോയുമായി ചര്‍ച്ചക്ക് പോലും തയാറാവാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ ഇനി കാര്യമായി ആശ്രയിക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. കോണ്‍ഗ്രസ് വിട്ട് നേരെ സിപിഎമ്മില്‍ ചേരുന്നതിന് പണ്ട് നേതാക്കള്‍ പുലര്‍ത്തിയിരുന്ന വൈമുഖ്യവും പലരും കൈവിട്ടതും സിപിഎമ്മിന്റെ ഇപ്പോഴത്തെ നീക്കത്തിന് ഗുണകരവുമാണ്. വിമതര്‍ക്കായി തങ്ങള്‍ വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്ന സന്ദേശം നല്‍കുന്നത് കൂടുതല്‍പേരെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിക്കുമെന്നും സിപിഎം കരുതുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ സംഭവിച്ചതുപോലെ കോണ്‍ഗ്രസിലെ അതൃപ്തര്‍ കൂട്ടത്തോടെ ബിജെപി പാളയത്തില്‍ എത്തുമോയെന്ന ഭയത്തിലാണ് സിപിഎം. അതുകൊണ്ട് തന്നെയാണ് മുന്‍ നിലപാടുകളില്‍ നിന്നും വ്യതിചലിക്കാന്‍ പാര്‍ട്ടി തയ്യാറാകുന്നത്. നേരത്തെ മറ്റ് പാര്‍ട്ടി വിട്ടുവരുന്ന പ്രമുഖരെ മാത്രം സ്വീകരിച്ചിരുന്ന സിപിഎം ഇപ്പോള്‍ ആരുവന്നാലും ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്.
ഡിസിസി പുനഃസംഘടനയില്‍ പാലക്കാട് അധ്യക്ഷ സ്ഥാനം നഷ്ടമായതോടെ കെപിസിസി നേതൃത്വത്തോട് ഇടഞ്ഞു നില്ക്കുന്ന മുതിര്‍ന്ന നേതാവ് എ.വി.ഗോപിനാഥിനെ സിപിഎമ്മിലെത്തിക്കാന് പാര്‍ട്ടി നീക്കം തുടങ്ങി. ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് സൂചന. സോണിയയുടെ വിശ്വസ്തന് പ്രൊഫ. കെ.വി തോമസിനെ സിപിഎമ്മില്‍ എത്തിക്കാനുള്ള നീക്കവുമുണ്ട്. കോണ്‍ഗ്രസ് പുനഃസംഘടനയോടെ തോമസ് കോണ്‍ഗ്രസ് വിടുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിലാണ് കെ.വി തോമസിന് അര്‍ഹമായ പരിഗണന നല്കി സിപിഎമ്മില്‍ എത്തിക്കാനുള്ള നീക്കംനടക്കുന്നത്.
കെ. സുധാകരന് കെപിസിസി അധ്യക്ഷനായപ്പോള് കണ്ണ് വെച്ച ആ സ്ഥാനം കെ.വി.തോമസിന് നഷ്ടമായി. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും എത്താനാകില്ലെന്ന് ഉറപ്പായി. ഇതോടെ പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാവ് എന്ന സ്ഥാനം മാത്രമായിരിക്കും കെ.വി.തോമസിന് ഉണ്ടാകുക. കഴിഞ്ഞ ആഴ്ചയില്‍ ദല്‍ഹിയിലെ സിപിഎം ആസ്ഥാനത്ത് കെ. വി തോമസ് എത്തിയിരുന്നു. സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. നിയമസഭാ തെരെഞ്ഞടുപ്പിന് മുമ്പ് തോമസിനെ സിപിഎമ്മില്‍ എത്തിക്കാന്‍ നീക്കം നടന്നിരുന്നു. തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സ്വീകരിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സിപിഎമ്മിന്റെ നിലപാടുമാറ്റത്തെ കൗതുകത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. പാര്‍ട്ടി വിടുന്നവരെ ശാരീരികമായി നേരിട്ടിരുന്ന പാര്‍ട്ടിയാണ് സിപിഎം.
എം.വി രാഘവന് സിപിഎം വിട്ടപ്പോള്‍ അദ്ദേഹത്തെ വകവരുത്താന്‍ സിപിഎം നിരവധി തവണ ശ്രമിച്ചിരുന്നു. ടി.പി ചന്ദ്രശേഖരന് മരിച്ചത് അമ്പത്തൊന്ന് വെട്ടേറ്റാണ്. പ്രദേശികമായി പാര്‍ട്ടി വിട്ടവരെ സിപിഎം ശാരീരികമായി നേരിട്ടിട്ടുണ്ട്. പാര്‍ട്ടി വിടുന്നവരെ കുലംകുത്തികള്‍ എന്ന് വിശേഷിപ്പിച്ചിരുന്നവരാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ടുവരുന്നവരെ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: