തിരുവനന്തപുരം : ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതായി കണക്കുകള്‍. പത്ത് ദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം രോഗികളുടെ എണ്ണം വര്‍ധിച്ചെങ്കിലും സംസ്ഥാനത്തെ 60ന് മുകളില്‍ പ്രായമുള്ളവര്‍ ഒരു ഡോസെങ്കിലും വാക്സിന് എടുത്തവരാണ്. അതിനാല്‍ ഇവര്‍ക്ക് കോവിഡ് മൂലം ഗുരുതരമായ രോഗാവസ്ഥയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഐസിയു, വെന്റിലേറ്റര്‍ എന്നിവയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. എന്നാല്‍ ഓക്സിജന്‍ ആവശ്യമുള്ള രോഗികളുടെ എണ്ണം ഉയരുകയാണ് ഉണ്ടായത്.
മലപ്പുറം, തൃശൂര്‍, കോഴിക്കോട്, എറണാകുളം തുടങ്ങി വടക്കന്‍ ജില്ലകളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്. എന്നാല്‍ ഒരാളില്‍ നിന്ന് എത്രപേരിലേക്ക് രോഗം പകര്‍ന്നുവെന്ന് കണക്കാക്കുന്ന ആര് നോട്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ ജില്ലകളിലും രോഗികളുടെ എണ്ണം ഉയരാമെന്നാണ് വിലയിരുത്തല്‍. നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുകയും വാക്സിന് വിതരണം പരമാവധി വേഗത്തിലാക്കാകുകയും ചെയ്തതോടെ വലിയതോതില്‍ ഉയരുമെന്ന് ആശങ്കപ്പെട്ടിരുന്ന കോവിഡ് നിയന്ത്രണ വിധേയമാക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം സംസ്ഥാനത്തിന്റെ കോവിഡ് വ്യാപന നിരക്ക് രാജ്യത്തിന് തന്നെ ആശങ്ക ഉയര്‍ത്തുന്നതാണ്. രാജ്യത്തിന്റെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിന്റെ പകുതിയില്‍ കൂടുതലും കേരളത്തിലെയാണ്. ഇത് കൂടാതെ മഹാരാഷ്ട്രയിലേയും കോവിഡ് രോഗികളുടെ എണ്ണം കൂടുതലാണ. ഇതിനെ തുടര്‍ന്ന് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് ഇരു സംസ്ഥാനങ്ങളിലേയും സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: