കൊച്ചി : സ്മാര്‍ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയതോടെ സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് കണക്ഷനുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പഠിക്കാനാവുന്നത്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകുന്നെന്നും ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ഏഴ് വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഓണ്‍ലൈന്‍ പഠനസൗകര്യം ആര്‍ക്കും നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ ക്ളാസുകള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. വിഷത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും ചീഫ് സെക്രട്ടറിയും പൊതു വിദ്യാഭ്യാസ സെക്രട്ടറിയും നിലപാട് അറിയിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് ഈ ആഴ്ച തന്നെ വീണ്ടും പരിഗണിക്കും. അപ്പോള്‍ മറുപടി നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കാര്യം രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രത്യേക വെബ്സൈറ്റ് തുടങ്ങുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണം. സംസ്ഥാന ഐടി മിഷനുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. ഇതിലൂടെ സ്കൂളുകള്‍ക്കും കുട്ടികള്‍ക്കും തങ്ങളുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍ സാധിക്കും. ഇവര്‍ക്കായി വ്യക്തികളും സ്ഥാപനങ്ങളും വിദേശമലയാളികളും അടക്കം സഹായങ്ങള്‍ ചെയ്യാന്‍ കഴിയുന്നവര്‍ക്ക് സഹായം ഉറപ്പാക്കാന്‍ കഴിയുന്ന സുതാര്യമായ ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചിക്കണമെന്നും കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: