ബെംഗളൂരു: മൈസൂരു റോഡ് മുതല്‍ കെംഗേരി വരെയുള്ള വിപുലീകരിച്ച മെട്രോ പാതയില്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. നമ്മ മെട്രോയുടെ രണ്ടാം ഘട്ടത്തിന് കീഴിലുള്ള 7.5 കിലോമീറ്റര്‍ നീളമുള്ള പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ചേര്‍ന്ന് നിര്‍വഹിച്ചു.
ബെംഗളൂരു മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡിനു (ബിഎംആര്‍സിഎല്‍) കീഴിലുള്ള മൈസൂരു റോഡ് സ്റ്റേഷന് മുതല്‍ കെംഗേരി വരെയുള്ള പര്‍പ്പിള്‍ ലൈന്‍ നാളെ മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുംബൈയ്ക്കും ദല്‍ഹിക്കും ശേഷം രാജ്യത്തെ ഏറ്റവും തിരക്കേറിയ മെട്രോ റെയില്‍ ശൃംഖലയാണ് ബെംഗളൂരുവിലേതെന്ന് പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ച കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. 2006ലാണ് ബെംഗളൂരു മെട്രോയുടെ കീഴിലുള്ള 42.3 കിലോമീറ്റര്‍ പാതയുടെ നിര്‍മാണ പ്രവര്‍ത്തനത്തിനു അംഗീകാരം ലഭിച്ചത്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന 7 കിലോമീറ്റര്‍ പാതയുടെ പ്രവര്‍ത്തനം 2011ല്‍ ആരംഭിച്ചിരുന്നു. കൊവിഡിനു മുന്‍പ് വരെ ഇവിടെയുള്ള ഓരോ കിലോമീറ്റര്‍ സര്‍വീസിനും പ്രതിദിനം ഉപയോഗപ്പെടുത്തുന്നത് 12500 യാത്രികരാണ്. ഇക്കാരണത്താല്‍ തന്നെ മുംബൈയ്ക്കും ദല്‍ഹിക്കും തൊട്ടടുത്തുള്ള രാജ്യത്തെ ഏറ്റവും തിരക്കേറിയ മെട്രോ ശൃംഖലയായി ബെംഗളൂരു മെട്രോയെ വിശേഷിപ്പിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 2016 ജൂണില്‍ ആദ്യഘട്ടത്തിലെ പാത പൂര്‍ണ്ണമായി കമ്മീഷന് ചെയ്തതിനുശേഷം യാത്രക്കാരുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ചു. രാജ്യത്തെ 27 നഗരങ്ങള്‍ മെട്രോ റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിനു കീഴിലായി (ആര്‍ആര്‍ടിഎസ്) പ്രവര്‍ത്തനക്ഷമമാണെന്നും ഏതാനും ചിലതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം ബെംഗളൂരുവിലെ എല്ലാ വന്‍കിട പദ്ധതികളുടെയും പുരോഗതി വ്യക്തിപരമായി മേല്‍നോട്ടം വഹിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. അടുത്ത 20 ദിവസങ്ങളില്‍, ബെംഗളൂരു നഗരത്തിലെ വിവിധ പദ്ധതികളായ നമ്മ മെട്രോ, ഔട്ടര്‍ റിംഗ് റോഡ്, ഹൈസ്പീഡ് റെയില്‍, ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രത്യേക സര്‍വീസ് എന്നിവയുടെ പ്രതിദിന അപ്ഡേറ്റുകള് ഔദ്യോഗികമായി തയ്യാറാക്കുമെന്നും ഈ റിപ്പോര്‍ട്ടുകള്‍ നേരിട്ട് അവലോകനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ ഈ മെഗാ പ്രോജക്ടുകളുടെ പുരോഗതിയുടെ മേല്‍നോട്ടത്തിനായും പ്രവര്‍ത്തിക്കുമെന്ന് ബൊമ്മൈ ഉറപ്പ് നല്കി.
മൈസൂരു റോഡിനും കെംഗേരി മെട്രോ സ്റ്റേഷനുകള്‍ക്കുമിടയിലുള്ള പുതിയ പാത നമ്മ മെട്രോയുടെ പ്രധാന സര്‍വീസുകളിലൊന്നാണ്. ഈ പ്രദേശം ജനസാന്ദ്രതയുള്ളതായതിനാല് കൂടുതല്‍ ആളുകള്‍ക്ക് മെട്രോ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും. നമ്മ മെട്രോയുടെ റെയില്‍ ശൃംഖലയില്‍ അധികമായി 317 കിലോമീറ്ററിന്റെ പ്രവര്‍ത്തന പാത കൂടി ആരംഭിക്കാന്‍ സര്‍ക്കാര്‍ താല്പര്യപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മ മെട്രോയുടെ രണ്ടാം ഘട്ടം മുഴുവന്‍ 2025 ഓടെ പൂര്‍ത്തിയാക്കാനാണ് പദ്ധതി. എന്നാല്‍, പ്രവൃത്തികള്‍ വേഗത്തിലാക്കാനും 2024ഓടെ പൂര്‍ത്തിയാക്കാനുമാണ് ബിഎംആര്‍സിഎല്‍ അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: