കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഇസ്ലാമിക ഭരണം അധികകാലം നീണ്ടുനില്‍ക്കില്ലെന്ന് അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്‍റും താലിബാന്‍ വിരുദ്ധപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന അംറുള്ള സാലേ.
താലിബാന്റെ ഇസ്ലാമിക പരമാധികാര ഭരണം അഫ്ഗാന്‍ ജനത അംഗീകരിക്കില്ല. അധികകാലം താലിബാന് അഫ്ഗാനില്‍ ഭരിക്കാന്‍ കഴിയില്ല- സാലേ പറഞ്ഞു.
ഇപ്പോള്‍ അംറുള്ള സാലേയും അഹമദ് മസൂദും ചേര്‍ന്ന് പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനെതിരെ ശക്തമായ പോരാട്ടം നടത്തുകയാണ്. ഇവിടെ താലിബാന്‍ തീവ്രവാദികള്‍ ഒന്നിച്ചെത്തിയിട്ടും ഇവിടുത്തെ താലിബാന്‍ വിരുദ്ധ സേനയെ തോല്‍പ്പിക്കാനായില്ല. ‘പഞ്ച്ശീറില്‍ മാത്രമല്ല, മറ്റ് പ്രദേശങ്ങളിലും താലിബാന്‍ വിരുദ്ധപ്പോരാട്ടങ്ങള്‍ ശക്തമാകും. താലിബാന്‍ തീര്‍ച്ചയായും ആഴത്തിലുള്ള സൈനികപ്രതിസന്ധിയെ നേരിടും,’ അംറുള്ള സാലേ പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള ശക്തികള്‍ താലിബാന്‍ വിരുദ്ധസേനയ്‌ക്ക് രാഷ്‌ട്രീയമായിപിന്തുണ നല്‍കും. തോക്കിന്‍കുഴലിലൂടെയുള്ള തീവ്രവാദികളുടെ ഭരണം സ്വീകാര്യമല്ല. താലിബാന്റെ അടിച്ചമര്‍ത്തലും പീഢനങ്ങലും ഒഴിച്ചുനിര്‍ത്തലും ഒന്നും അധികകാലം നീണ്ടുനില്‍ക്കില്ല. ഏകാധിപത്യത്തില്‍ നിന്നും മാറി, എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള ഭരണത്തിന് താലിബാന്‍ സമ്മതിക്കണം.- അംറുള്ള സാലേ പറഞ്ഞു.
മാസങ്ങള്‍ നീണ്ട എതിര്‍പ്പുകള്‍ക്ക് ശേഷം ആഗസ്ത് 15ന് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചു. നേരത്തെ കാണ്ഡഹാര്‍, ഹെറാത്ത്, മസര്‍ ഇ ഷറിഫ്, ജലാലബാദ്, ലഷ്‌കര്‍ ഗാ എന്നീ പ്രവിശ്യകളുള്‍പ്പെടെ ആകെയുള്ള 34 പ്രവിശ്യകളില്‍ 33ഉം താലിബാന്‍ പിടിച്ചിരുന്നു. 20 വര്‍ഷത്തിന് ശേഷം യുഎസും നേറ്റോയും സേനയെ പിന്‍വലിച്ചതോടെയാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചത്. ഇതോടെ അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്റായിരുന്ന അഷ്‌റഫ് ഗനി രാജ്യം വിട്ട് യുഎഇയില്‍ അഭയം തേടി. താലിബാന്‍ ഭരണം വരുമെന്ന ഭയത്താല്‍ രാജ്യം വിട്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായി ആയിരക്കണക്കിന് അഫ്ഗാന്‍ സ്വദേശികള്‍ ഹമിദ് കര്‍സായി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ തടിച്ചുകൂടി. അതിനിടെ മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിക്കാന്‍ അതാത് രാഷ്‌ട്രങ്ങള്‍ പരിശ്രമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: