കൊല്ലം : സാലറി സര്‍ട്ടിഫിക്കറ്റില്‍ ജഡ്ജിയുടെ കള്ളഒപ്പിട്ട് വ്യാജരേഖ ചമച്ച ലേബര്‍ ഓഫീസ് ജീവനക്കാരന് പിടിയില്‍. വര്‍ക്കല മേലേവെട്ടൂര്‍ വിളഭാഗം സ്വദേശിയായ മംഗലത്ത് വീട്ടില്‍ അനൂപാണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. സാലറി സര്‍ട്ടിഫിക്കറ്റില്‍ അന്നത്തെ ജഡ്ജിയായിരുന്ന അംബികയുടെ കള്ള ഒപ്പിട്ട് എസ്ബിഐ തേവള്ളി ബാങ്കില്‍ സമര്‍പ്പിച്ചെന്നതാണ് ഇയാള്‍ക്കെതിരായ പരാതി.
2019ലാണ് കേസിനാസ്പദമായ സംഭവം. സാലറി സര്‍ട്ടിഫിക്കറ്റിന്റെ കണ്‍ഫര്‍മേഷനുള്ള സര്‍ട്ടിഫിക്കറ്റ് ജഡ്ജിക്ക് മുമ്പായി ഹാജരാക്കിയപ്പോഴാണ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ജഡ്ജി പോലീസില്‍ പരാതി നല്കി. അന്നത്തെ ലേബര്‍ കോടതി ജഡ്ജി ആയിരുന്ന അംബികയുടെ കള്ള ഒപ്പിട്ട് വ്യാജ രേഖ ചമച്ചതാണെന്ന് ശാസ്ത്രീയമായി കണ്ടെത്തിയതോടെ പ്രതി അനൂപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പരാതിയില്‍ കേസെടുത്തതോടെ അനൂപിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. പിന്നീട് ജോലിയില്‍ തിരികെ പ്രവേശിച്ച ഇയാള്‍ക്ക് പത്തനംതിട്ട ലേബര്‍ കോടതിയിലേക്ക് മാറ്റം ലഭിച്ചു. തെളിവുകള്‍ ലഭിച്ചതോടെ സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയെങ്കിലും അനൂപ് ഒളിവില്‍ പോയി. തുടര്‍ന്ന് ഇയാള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും ഹെക്കോടതി അത് തള്ളി. പിന്നാലെ വര്‍ക്കലയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന അനൂപിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: