ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനം കേരളമാണ്. നാള്‍ക്കുനാള്‍ രോഗികളുടെ എണ്ണം ഏറിക്കൊണ്ടിരിക്കുന്നു. രാജ്യത്താകെ നാല്പതിനായിരത്തിനടുത്തേ ഇപ്പോള്‍ പ്രതിദിന രോഗബാധിതരുള്ളൂ. അതില്‍ മുപ്പത്തിമൂവായിരവും കോണ്‍ഗ്രസ് തലപ്പത്ത് അടക്കിവാഴുന്ന രാഹുലിനെ പാര്‍ലമെന്ററില്‍ എത്തിച്ച കേരളത്തില്‍. രാഹുലിന്റെ ഇടതുംവലതും ഇരിക്കുകയും നടക്കുകയും ചെയ്യുന്ന കെ.സി. വേണുഗോപാലും കേരളക്കാരനാണല്ലൊ.
ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിക്കാന്‍ കീറാമുട്ടിയായതാണ്. കെ.സി. വേണുഗോപാലിന്റെ ഇടപെടലാണെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ അടക്കം പറയുന്നത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാതിരിക്കാന്‍ ഏറെ പ്രയത്‌നിച്ചത് വേണുവാണെന്നാണ് ആക്ഷേപം.
മറ്റൊരു നായര്‍ തലപ്പത്ത് തുടര്‍ന്നാല്‍ തന്റെ മോഹം നടക്കില്ലെന്ന ചിന്തയാണത്രെ ഇതിന് പ്രേരിപ്പിച്ചത്. ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക നോക്കിയാല്‍ വേണുവിന്റെ ഇടപെടല്‍ പ്രകടം. ഇത് ഇനിയും പൊരിഞ്ഞ പോരില്‍ കലാശിക്കുമെന്നുറപ്പ്. ഇപ്പോള്‍ തന്നെ എല്ലാ ജില്ലകളിലും പോസ്റ്റര്‍ യുദ്ധമാണ്. കോണ്‍ഗ്രസിന്റെ അന്തകരാരെന്ന് പോസ്റ്ററുകളിലെല്ലാം ചൂണ്ടിക്കാണിക്കുന്നുണ്ട്. വേണുഗോപാല്‍ ഹൈക്കമാണ്ടിന്റെ ഭാഗമായി നല്ല നിലയില്‍ ശോഭിക്കട്ടെ എന്നാശംസിക്കാം. കോണ്‍ഗ്രസ് മുക്തകേരളം സൃഷ്ടിക്കുന്നതിന് ഇതിലും വലിയ സംഭാവന ആര്‍ക്ക് നല്‍കാന്‍ കഴിയും?
രാജ്യത്താകെ കോവിഡ് കൂടുകയാണെന്ന് തലക്ക് വെളിവുള്ള ആര്‍ക്കും വിളിച്ചുപറയാന്‍ കഴിയില്ല. അങ്ങിനെ പറയുന്നവരെ എന്തുവിളിക്കണം. വേണുവിന്റെ നേതാവ് കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധി പറയുന്നത് കേട്ടില്ലെ?
രാജ്യത്തു കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ആസ്തികള്‍ സ്വകാര്യമേഖലയ്‌ക്കു തുറന്നുകൊടുക്കുന്നു. 4 വര്‍ഷത്തിനുള്ളില്‍ 6 ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള കേന്ദ്രസര്ക്കാരിന്റെ ‘ദേശീയ ധനസമ്പാദന പദ്ധതി’യെയും കോണ്ഗ്രസ് നേതാവ് രാഹുല്‍ കടുത്തഭാഷയില്‍ വിമര്‍ശിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കലിന്റെ തിരക്കിലാണെന്നും കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരിക്കുന്നു.
കോവിഡിന്റെ പുതുതരംഗം തടയാന്‍ വാക്‌സിനേഷന്റെ വേഗത കൂട്ടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്യുന്നതിനെ രൂക്ഷമായ ഭാഷയിലാണു രാഹുല്‍ വിമര്‍ശിക്കുന്നത്. വാക്‌സീന് ദൗര്‍ലഭ്യം, വില നിര്‍ണയം, മഹാമാരി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ രാഹുല്‍ രംഗത്തെത്തിയിരുന്നു. കോവിഡ് മൂലം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു നഷ്ടപരിഹാരം നല്കാതിരിക്കുന്നതിനെയും രാഹുല്‍ വിമര്‍ശിച്ചിരിക്കുകയാണ്.
കോവിഡിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ ആസ്തികള്‍ സ്വകാര്യമേഖലയ്‌ക്കു തുറന്നുകൊടുത്ത് 6 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ‘ദേശീയ ധനസമ്പാദന പദ്ധതി’ (നാഷനല്‍ മൊണെറ്റൈസേഷന്‍ പൈപ്ലൈന്) പദ്ധതിയെയും രാഹുല്‍ എതിര്‍ത്തിരുന്നു. സാമ്പത്തിക മേഖലയിലുണ്ടായ വീഴ്ചകള്‍ മറയ്‌ക്കാനുള്ള നീക്കമാണിതെന്നു രാഹുല്‍ പറയുന്നു. രണ്ടോ മൂന്നോ സ്വകാര്യ വ്യക്തികള്‍ക്കു മാത്രമേ പദ്ധതിയുടെ ഗുണമുണ്ടാകൂ എന്നും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും രാഹുല്‍ കണ്ടുപിടിച്ചിരിക്കുന്നു.
ഉടമസ്ഥാവകാശം കൈമാറാതെ ആസ്തികള്‍ കരാര്‍ അടിസ്ഥാനത്തില് നിശ്ചിത കാലയളവിലേക്കു സ്വകാര്യസ്ഥാപനങ്ങള്‍ക്കു നല്കുന്ന പദ്ധതിയാണു കേന്ദ്രം നടപ്പാക്കുന്നത്. കാലാവധി കഴിയുമ്പോള്‍ തിരികെ നല്കണമെന്നാണു നിര്‍ദേശം. ഇക്കൊല്ലം ഇതുവഴി 88,000 കോടി രൂപയാണു ലക്ഷ്യമിടുന്നത്. റോഡ്, റെയില്‍, ഊര്‍ജം ഉള്‍പ്പെടെ 13 മേഖലകളിലെ ആസ്തികളാകും തുറന്നുകൊടുക്കുകയെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ടോള്‍ റോഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വൈദ്യുതി ടവറുകള്‍ എന്നിവയ്‌ക്കാണ് ഊന്നല്‍.
ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷന്‍ എന്നിവയുടെ 210 ലക്ഷം ടണ്‍ സംഭരണശേഷിയുള്ള വെയര്‍ഹൗസുകളും ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയവും വിട്ടുകൊടുക്കും. കല്‍ക്കരി മന്ത്രാലയത്തിനു കീഴിലുള്ള 160 പദ്ധതികളില്‍ സ്വകാര്യപങ്കാളിത്തം വരും. പൊതുസ്വകാര്യ പങ്കാളിത്തമുള്ള പിപിപി മോഡല്‍ അടക്കം ഓരോ മേഖലയ്‌ക്കും യോജിച്ച ധനസമ്പാദന രീതിയാകും തിരഞ്ഞെടുക്കുക. പദ്ധതിയില്‍ ഓരോ മന്ത്രാലയത്തിനും നിശ്ചിത ടാര്‍ഗറ്റ് ഉണ്ടാകുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ഏതെങ്കിലും നേതാവിന്റെയോ കുടുംബത്തിന്റെയോ സ്വകാര്യ സ്വത്താകില്ല. ഓര്‍ക്കാപ്പുറത്ത് സംഭവിച്ച മഹാമാരിയെ സമര്‍ത്ഥമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞ രാജ്യമാണിത്. വാക്‌സിന്‍ നിര്‍മാണത്തിലും വിതരണത്തിലും അസൂയാവഹമായ മുന്നേറ്റമുണ്ടാക്കി. ലോകത്തിന്റെ ശുശ്രൂഷാ കേന്ദ്രമായിഇന്ത്യ മാറി. അതിനായി നീക്കിവച്ച കാശ് ദശലക്ഷക്കണക്കിനല്ലെ.
അതിവേഗം മുന്നേറുന്ന വികസന പദ്ധതികള്‍ മുടങ്ങാന്‍ പാടില്ല. ജനങ്ങളുടെ ജീവനും ജീവിതവും മെച്ചപ്പെടുത്തുകയും വേണം. അതിന് രാജ്യത്തെയും ജനങ്ങളെയും പണയപ്പെടുത്താനുമാവില്ല. വാടകയ്‌ക്ക് കൊടുക്കാന്‍ കഴിയുന്നവ അതിനായി കണ്ടെത്തുക തന്നെ വേണം,
കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റുകാരുടെയും നയം നടപ്പാക്കാനല്ല എന്‍ഡിഎയെ ഭരണത്തിലെത്തിച്ചത്. എല്ലാം സര്‍ക്കാര്‍ മേഖല എന്ന കാഴ്ചപ്പാട് എന്‍ഡിഎക്കില്ല. സംയുക്തമേഖലയെ പരമാവധി പ്രോത്സാഹിപ്പിക്കുക. അതിനായി ശ്രമം നടത്തുമ്പോള്‍ ഓരിയിടാന്‍ തോന്നുന്നവരെ ജനങ്ങള്‍ കല്ലെറിയും. കല്ലേറി കിട്ടാന്‍ വിധിക്കപ്പെട്ടവരാണ് രാഹുലും വേണുവും. അവര്‍ തന്നെ കോണ്‍ഗ്രസിന്റെ തലപ്പത്ത് നീണാള്‍ വാഴട്ടെ. രാജ്യത്തിന് നല്ലത് അതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: