ന്യൂദല്‍ഹി : സുപ്രീംകോടതി ജഡ്ജിമാരായി ഒമ്പതുപേര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സത്യപ്രതിജ്ഞ നിയുക്ത ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലി നല്‍കും. കേരള ഹൈക്കോടതി ജസ്റ്റിസ് സി.ടി. രവികുമാറും സുപ്രീംകോടതിയിലേക്ക് സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്.
ജസ്റ്റിസ് എ.എസ്. ഓക, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് ബി.വി. നഗാരത്ന, ജസ്റ്റിസ് സി.ടി. രവികുമാര്‍, ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് ബേല എം. ത്രിവേദി, സീനിയര്‍ അഭിഭാഷകന് പി.എസ്. നരസിംഹ എന്നിവരാണ് സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതില്‍ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ബി.വി. നാഗരത്ന, അഭിഭാഷകന് പി.എസ്. നരസിംഹ എന്നിവര്‍ ഭാവിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാരാകാനും സാധ്യതയുണ്ട്.
കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാലാണ് ഇത്തവണ സത്യപ്രതിജ്ഞ ചെയ്യുന്നത് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയത്. സാധാരണ ചീഫ് ജസ്റ്റിസ് കോടതിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്.
2027 ഫെബ്രുവരി ഒമ്പതിന് ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നതിനെ തുടര്‍ന്ന് ജസ്റ്റിസ് വിക്രം നാഥ് ചീഫ് ജസ്റ്റിസ് ആകും. 2027 സെപ്റ്റംബര്‍ 23 ന് ആണ് ജസ്റ്റിസ് വിക്രം നാഥ് വിരമിക്കുന്നത്. തുടര്‍ന്ന് ഒരു മാസവും അഞ്ച് ദിവസവും ജസ്റ്റിസ് ബി.വി. നാഗരത്ന ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയേക്കും. ആദ്യമായാണ് ഒരു വനിത ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുക.
1989 കാലഘട്ടത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ്. വെങ്കടരാമയ്യയുടെ മകളാണ് ജസ്റ്റിസ് നാഗരത്ന. ജസ്റ്റിസ് നാഗരത്ന വിരമിക്കുന്നതിനെ തുടര്‍ന്ന് പി.എസ്. നരസിംഹ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയേക്കും. 2028 മെയ് 2 വരെ നരസിംഹ ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. നേരിട്ട് സുപ്രീംകോടതി ജഡ്ജിയാകുന്ന ഒമ്പതാമത്തെ അഭിഭാഷകനാണ് നരസിംഹ. നിലവിലെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ വിരമിക്കുന്നതിനെ തുടര്‍ന്ന് ജസ്റ്റിസ് യു. യു ലളിത് ചീഫ് ജസ്റ്റിസ് ആയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: