കേരളത്തിലെ നവോത്ഥാനചരിത്രത്തിന്റെ നാഴികക്കല്ലുകളിലൊന്നായ പാലിയം വിളംബരത്തിന് മൂന്നരപ്പതിറ്റാണ്ട് തികയുകയാണ്. കേരളക്ഷേത്രസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ പാലിയം വിളംബരത്തിന്റെ മുപ്പത്തിനാലാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ആശാവഹമായ മാറ്റങ്ങള്‍ ഈ വിളംബരത്തിലൂടെ ഹിന്ദുസമൂഹത്തില്‍ വന്നു കഴിഞ്ഞു. ശ്രീനാരായണ ഗുരുദേവന് നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ, ചിത്തിരതിരുനാള്‍ മഹാരാജാവ് പ്രഖ്യാപിച്ച ക്ഷേത്രപ്രവേശന വിളംബരം എന്നിവയാണ് പാലിയം വിളംബരത്തിനു മുന്‍പ് നവോത്ഥാനത്തെ അടയാളപ്പെടുത്തി ചരിത്രത്തില്‍ സ്ഥാനംപിടിച്ച നിര്‍ണായക സംഭവങ്ങള്‍. അരുവിപ്പുറത്ത് ശിവലിംഗപ്രതിഷ്ഠ നടത്തിയ ഗുരുദേവന് വലിയൊരു സാമൂഹ്യവിപ്ലവത്തിന് അടിത്തറയിടുകയായിരുന്നു. യാഥാസ്ഥിതിക ശക്തികളെ മറികടന്ന് മുന്നേറിയ ഈ വിപ്ലവത്തിന്റെ നേട്ടങ്ങളിലൊന്നായിരുന്നു നാല്‍പ്പത്തിയെട്ട് വര്‍ഷം കഴിഞ്ഞുള്ള ക്ഷേത്രപ്രവേശനവിളംബരം. അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് ഹിന്ദുസമൂഹത്തിന്റെ മുഖ്യധാരയിലേക്കുള്ള പ്രവേശനകവാടം തുറന്നുകിട്ടുകയായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയിലൂടെയെങ്കില്‍, അസ്പൃശ്യതയുടെ പേരില്‍ അകറ്റിനിര്‍ത്തപ്പെട്ട ഹിന്ദുസമൂഹത്തിലെ ബഹുഭൂരിപക്ഷം ജനവിഭാഗങ്ങള്‍ക്ക് ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ ആരാധനാസ്വാതന്ത്ര്യം ലഭിക്കുകയായിരുന്നു. സ്വാമി വിവേകാനന്ദന് ഭ്രാന്താലയം എന്നു വിശേഷിപ്പിച്ച കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിലെ രജതരേഖകളായിരുന്നു ഇവയെങ്കിലും ഹിന്ദു സമൂഹത്തിന് ഒന്നടങ്കം അനുഭവവേദ്യമാകേണ്ട ആത്മീയ സ്വാതന്ത്ര്യം പിന്നെയും അകന്നുനിന്നു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട തന്ത്രാധികാരവും പൂജാധികാരവുമാണത്.
കാലഹരണപ്പെട്ട സ്മൃതി നിയമങ്ങളും ജാതീയ മേല്‍ക്കോയ്മയും അടിച്ചേല്‍പ്പിച്ച തെറ്റായ കീഴ്വഴക്കങ്ങളെയാണ് പാലിയം വിളംബരം സൗമ്യമായി എന്നാല്‍ മൗലികമായി ചോദ്യം ചെയ്തത്. രാഷ്ട്രീയസ്വയംസേവകസം ഘത്തിലൂടെയും പിന്നീട് ക്ഷേത്രസംരക്ഷണ സമിതിയിലൂടെയും ഹിന്ദുജനതയുടെ ഐക്യത്തിനു വേണ്ടിയും നവീകരണത്തിനു വേണ്ടിയും പ്രവര്‍ത്തിച്ച പി. മാധവ്ജിയുടെ തെളിഞ്ഞ കാഴ്ചപ്പാടും കിടയറ്റ നേതൃത്വവുമാണ് പാലിയം വിളംബരം സാധ്യമാക്കിയത്. സാമുദായിക വേര്‍തിരിവില്ലാതെ ഹിന്ദുക്കളിലെ എല്ലാവര്ക്കും പൂജാധികാരത്തിനും തന്ത്രാധികാരത്തിനും അര്‍ഹതയുണ്ടെന്നതാണ് പാലിയം വിളംബരത്തിന്റെ അന്തഃസത്ത. ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷവും ഹിന്ദുസമൂഹത്തിന് അപ്രാപ്യമായിരുന്ന ഈയൊരു ചിന്തയിലേക്ക് ആചാര്യന്മാരെ കൊണ്ടുവരാന്‍ കഴിഞ്ഞത് മാധവ്ജിയുടെ മഹത്വമാണ്. പാലിയം വിളംബരത്തിനും നാല് വര്‍ഷം മുന്‍പുതന്നെ എറണാകുളത്തു നടന്ന വിശാലഹിന്ദുസമ്മേളനത്തില്‍ ഈഴവ സമുദായത്തില്‍പ്പെടുന്ന പറവൂര്‍ ശ്രീധരന് തന്ത്രിയുടെ പരികര്‍മിയാവാന്‍ സൂര്യകാലടി മനയ്ക്കലെ സൂര്യന് സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട് തയ്യാറായതോടെ ഒരര്‍ത്ഥത്തില്‍ ഇതിന് തുടക്കം കുറിച്ചിരുന്നു. മാധവ്ജിയുടെ ദീര്‍ഘദൃഷ്ടിയായിരുന്നു ഇതിനു പിന്നിലും. വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സത്യഗ്രഹത്തില്‍ ഒരു കാലത്ത് വലിയ സംഘര്‍ഷ ഭൂമിയായിരുന്നു പാലിയം. അവിടെയാണ് സമവായത്തിന്റെയും സമന്വയത്തിന്റെയും പാതയിലൂടെ നിശബ്ദമായ ഒരു ആത്മീയ വിപ്ലവം മാധവ്ജി സാധിച്ചെടുത്തത്. മഹത്തായ ഏതൊരു മാറ്റത്തിന്റെയും ഗുണഫലങ്ങള്‍ സമൂഹത്തിന് പൂര്‍ണമായി ലഭ്യമാകാന്‍ അതിന്റേതായ സമയമെടുക്കും. പക്ഷേ ഇതിന് അനന്തകാലം കാത്തിരിക്കേണ്ടി വരുന്നത് അഭികാമ്യമല്ല.
ബ്രാഹ്മണ്യം ജന്മസിദ്ധമല്ലെന്നും കര്‍മവിശുദ്ധിയിലൂടെ ആര്‍ജിച്ചെടുക്കേണ്ടതാണെന്നുമുള്ള ദര്‍ശനമാണ് പാലിയം വിളംബരത്തിന്റെ പ്രയോഗസാധുത. ഭഗവദ്ഗീതയില്‍ ഭഗവാന് തന്നെ സംശയാതീതമായി ഇക്കാര്യം പ്രഖ്യാപിച്ചിരിക്കെ, ചരിത്രപരമായ കാരണങ്ങളാലാവാം ഇതിനു വിരുദ്ധമായ വിധികളും വിവേചനങ്ങളും നിലവില്‍ വന്നത്. ഈ വിധികള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് പാലിയം വിളംബരം അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത്. നിയമതടസ്സമോ ശാസ്ത്രവിലക്കോ ഇല്ലാതിരുന്നിട്ടും ഈ തത്വം പ്രാവര്‍ത്തികമാകാതിരുന്നത് ഹിന്ദുസമൂഹത്തിന്റെ അനൈക്യത്തിനും ജീര്‍ണതയ്ക്കും വലിയൊരളവോളം കാരണമായി. ആത്മീയ രംഗത്തായാലും ശാസ്ത്ര വിധിയില്ലാത്തതും കാലാനുകൂലമല്ലാത്തതുമായ ജാതി വിവേചനങ്ങള്‍ ഇല്ലാതാകുന്നതില്‍ ആരും കണ്ണീര് പൊഴിക്കേണ്ടതില്ല. ഹിന്ദുസമൂഹത്തിന് ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നതിന് ഇത്തരമൊരു മാറ്റം ആവശ്യമാണ്. ക്ഷേത്രങ്ങളില്‍ പൂജാരിമാരെ നിയമിക്കുന്നതില്‍ ജാതി വിവേചനം പാടില്ലെന്ന് സുപ്രീംകോടതി തന്നെ വിധി പ്രഖ്യാപിച്ചിരിക്കെ ഇക്കാര്യത്തില്‍ സാങ്കേതികമായ തടസ്സങ്ങളും തൊടുന്യായങ്ങളും പറഞ്ഞ് അനാവശ്യമായ കാലതാമസം വരുത്തുന്ന ദേവസ്വംബോര്‍ഡുകള്‍ നിയമവിരുദ്ധമായാണ് പെരുമാറുന്നത്. ശബരിമലയില്‍ മലയാള ബ്രാഹ്മണരെ മാത്രം പൂജാരിമാരായി നിയമിക്കുന്ന കീഴ്വഴക്കം ഇതിലൊന്നാണ്. തിന്മയാണെന്ന് പൂര്‍ണമായി ബോധ്യമുള്ള ഒരു കാര്യം കാലത്തിന് വിട്ടുകൊടുത്തല്ല പരിഹരിക്കേണ്ടത്. ഹിന്ദുക്കളുടെ ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ചരിത്രപരമായ കടമയാണ് ഇക്കാര്യത്തില്‍ നിര്‍വഹിക്കാനുള്ളത്. ഹിന്ദു ഐക്യം പോലെതന്നെ പരമപ്രധാനമാണ് സാമൂഹ്യ നീതിയും അത് പ്രദാനം ചെയ്യുന്ന സമരസതയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: