തിരുവനന്തപുരം : മരംമുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പരാതി. ഡിഎഫ്ഒ ധനേഷ്് കുമാറിനെ പ്രതികള്‍ ചോദ്യം ചെയ്യുന്നതിനിടെയും മറ്റും ഭീഷണിപ്പെടുത്തുന്നതായാണ് പരാതി. എഡിജിപി ശ്രീജിത്തിന് ധനേഷ് കുമാര്‍ ഇതുസംബന്ധിച്ച് പരാതി നല്കി.
മരം മുറിക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ ധനേഷ് കുമാറും ഉള്‍പ്പെടും. പിടിയിലായ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യുന്നതിനിടേയും ഇവര്‍ ഭീഷണി മുഴക്കിയെന്നാണ് ആരോപണം. മരംമുറി കേസ് അട്ടിമറിക്കാന്‍ 24 ന്യൂസ് മാധ്യമ പ്രവര്ത്തകന് ദീപക് ധര്‍മ്മടവും വനം വകുപ്പ് ഉദ്യോഗസ്ഥരും ശ്രമിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഇപ്പോള്‍ ഡിഎഫ്ഒ പരാതി നല്‍കിയിരിക്കുന്നത്.
അതിനിടെ മുട്ടില്‍ മരംമുറി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന് എന്‍.ടി. സാജനെതിരെ തെളിവുകള്‍ കണ്ടെത്തിയിട്ടും സസ്പെന്‍ഡ് ചെയ്യാന്‍ നടപടിയായില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ച ഫയല്‍ സെക്രട്ടറിയേറ്റില്‍ തന്നെ തങ്ങി നില്‍ക്കുകയാണ്. എട്ട് ദിവസം കൈവശം വച്ചതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഫയല്‍ വനംമന്ത്രിക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനുള്ള ഗൗരവമായ ശുപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നായിരുന്നു വിശദീകരണം നല്‍കിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് തിരിച്ചയച്ചത്.
മരംമുറിക്കേസ് അട്ടിമറിക്കാന്‍ പ്രതികളും മാധ്യമപ്രവര്ത്തകന് ദീപക് ധര്‍മ്മടവും സാജനും ചേര്‍ന്ന് ഒരു സംഘമായി പ്രവര്‍ത്തിച്ചെന്നായിരുന്നു വനംവകുപ്പ് എപിസിസിഎഫ് രാജേഷ് രവീന്ദ്രന് നല്കിയ റിപ്പോര്‍ട്ട്. ഇവരുടെ ഫോണ്‍ രേഖകളും പുറത്തുവിട്ടിട്ടുണ്ട്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മറ്റൊരു കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: