കൊല്ലം: ഓണക്കോടി വിതരണത്തില്‍ കൊല്ലം കോര്‍പ്പറേഷനിലെ ജീവനക്കാരില്‍ ഒരുവിഭാഗത്തോട് വിവേചനം. സ്ഥിരം ജീവനക്കാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും ഓണക്കോടി വിതരണം ചെയ്തപ്പോള്‍ സിഎല്‍ആര്‍, ദിവസവേതന, കരാര്ജീവനക്കാരോടാണ് വിവേചനമുണ്ടായത്.
കോര്പ്പറേഷന് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഓണപ്പുടവ വിതരണം. കഴിഞ്ഞ വര്‍ഷവും സമാനമായ സാഹചര്യമാണ് ഉണ്ടായതെങ്കിലും കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടി കൊടുത്തിരുന്നില്ല. ഇതിനെതിരെ കരാര്‍ ജീവക്കാര്ക്കിടയിലാകെയും സ്ഥിരം ജീവനക്കാരില്‍ ഭാഗികമായും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോര്‍പ്പറേഷനിലെ സോണല്‍ ഓഫീസ് ഉദ്യോഗസ്ഥന് തന്നെ പരസ്യപ്രതിഷേധവുമായി തിരുവോണദിനത്തില്‍ രംഗത്തെത്തിയത് ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്.
ശക്തികുളങ്ങര സോണല്‍ ഓഫീസ് സൂപ്രണ്ട് കൂടിയായ ശിവകുമാറാണ് തിരുവോണദിനത്തില്‍ ഈ വിവേചനത്തിനെതിരെ കോര്പ്പറേഷന് കവാടത്തില്‍ നിരാഹാരസമരം അനുഷ്ഠിച്ചത്. ഇത്തരം വിവേചനം ആവര്‍ത്തിക്കാതിരിക്കാനായി സ്ഥിരം, താല്‍ക്കാലിക വ്യത്യാസം കൂടാതെ സ്റ്റാഫ് കൗണ്‍സിലില്‍ അംഗത്വം എടുക്കാന്‍ താല്പര്യമുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും അംഗത്വം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ആവശ്യം.
ബൈലയ്ക്ക് വിരുദ്ധമായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി, ട്രഷറര്‍ തെരഞ്ഞെടുപ്പ് റദ്ദു ചെയ്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക, നിലവിലെ ബൈല ഭേദഗതി ചെയ്യുന്നതിന് നടപടിയെടുക്കുക, നഗരസഭയില്‍ ജോലി ചെയ്യുന്ന എല്ലാ വിഭാഗം ജീവനക്കാരുടെയും സംഘടനകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റി വിപുലീകരിക്കുക, നാളിതുവരെ വരവുചെലവ് കണക്ക് സംബന്ധിച്ച് ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് പ്രസിദ്ധപ്പെടുത്തുക, കൗണ്‍സില്‍ സംഘടനാനേതാക്കളുടെ രാഷ്ട്രീയ ഇടപെയല്‍ അവസാനിപ്പിക്കുന്നതിന് നടപടിയെടുക്കുക, സംഘടനാ നേതാക്കളുടെ പിന്‍സീറ്റ് ഭരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ശിവകുമാര്‍ ഉന്നയിക്കുന്നു. സ്റ്റാഫ് കൗണ്‍സിലിന്റെ രക്ഷാധികാരിയായ മേയറോടാണ് ആവശ്യങ്ങളുന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: