കാബൂള്‍: ശിലായുഗത്തിലെ നിയമങ്ങളും അവ അടിച്ചേല്‍പ്പിച്ചുള്ള ഭരണവും മനുഷ്യക്കശാപ്പും കൊടുംപീഡനങ്ങളുമാണ് താലിബാന്‍ എന്ന ഭീകരസത്വത്തിന്റെ പ്രത്യേകതകള്‍. 90കളില്‍ താലിബാന്‍ അഫ്ഗാന്‍ സമൂഹത്തിനേല്‍പ്പിച്ച ആഘാതം അവരിന്നും മറന്നിട്ടില്ല. അത്രയ്‌ക്ക് ദയനീയമായി അഫ്ഗാനികളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതം.
പെണ്‍കുട്ടികളുടെ പഠനം മുടക്കി. ശരീരമാസകലം മൂടുന്ന കറുത്തിരുണ്ട പര്‍ദ്ദയില്‍ അവരെ തളച്ചു. കാല്‍വിരല്‍ പോലും പുറത്തു കാണരുതെന്നായിരുന്നു കല്ലേപ്പിളര്‍ക്കുന്ന കല്‍പ്പന. പുറത്തു പോകണമെങ്കില്‍ ഭര്‍ത്താവോ അടുത്ത ബന്ധുക്കളായ പുരുഷന്മാരോ കൂടെയുണ്ടായിരിക്കണം. സ്ത്രീകള്‍ ജോലി ചെയ്യരുത്. അവര്‍ പുരുഷന്മാരുടെ ഉപകരണങ്ങള്‍ മാത്രം. അന്നത്തെ ദുരിതപൂര്‍ണമായ ജീവിതം കണ്‍മുന്നിലുള്ളതിനാലാണ് താലിബാന്‍ ഭരണം പിടിച്ചുവെന്ന് ഉറപ്പായതോടെ അഫ്ഗാനില്‍ നിന്ന് ജനലക്ഷങ്ങള്‍ പലായനം ചെയ്യുന്നത്. ജീവിത സമ്പാദ്യം മുഴുവന്‍ ഉപേക്ഷിച്ചാണ് തങ്ങളുടെ പെണ്‍മക്കളുടെ സുരക്ഷ മാത്രം മുന്‍നിര്‍ത്തി അവര്‍ ഇതര രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത്. സാധാരണക്കാര്‍ മാത്രമല്ല അനവധി പ്രമുഖരാണ് ഇങ്ങനെ ഓടിയൊളിക്കുന്നതും മരണത്തെ വരിക്കുന്നതും താലിബാന്റെ പിടിയിലാകുന്നതും.
സഹ്‌റ കരിമി സംവിധായിക
അഫ്ഗാനിലെ എണ്ണം പറഞ്ഞ വനിതാ ചലച്ചിത്ര സംവിധായിക. ഹവാ, മറിയം, ആയിഷ, പാര്‍ളിക, അഫ്ഗാന്‍ വിമന്‍ ബിഹൈന്‍ഡ് ദവീല്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഇരുപതിലേറെ പുസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
അഫ്ഗാന്‍ ഫിലം ഓര്‍ഗനൈസേഷന്റെ ആദ്യ ചെയര്‍പേഴ്‌സണ്‍ സിനിമയില്‍ ഗവേഷണം നടത്തി പിഎച്ച്ഡിയെടുത്ത ഒരേയൊരു അഫ്ഗാന്‍ വനിത. അഫ്ഗാനിന്റെ പേരും പെരുമയും ലോകമെമ്പാടും എത്തിച്ച സംവിധായിക. 38 വയസുള്ള അവര്‍ തന്റെ കുടുംബത്തിലെ അഞ്ച് പെണ്‍കുട്ടികളുമായി ഉക്രൈനിലേക്ക് രക്ഷപ്പെട്ടിരിക്കുകയാണ്. ശിലായുഗത്തിലെ ജീവികളാണ് താലിബാന്‍കാര്‍ എന്ന് അവര്‍ പറയുന്നു. കുടുംബത്തിലെ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് അവര്‍ ആ കുരുന്നുകളെയും കൂട്ടി രാജ്യം വിട്ടത്.
അര്യാന സെയ്ദ് വോയിസ് ഓഫ് അഫ്ഗാന്‍
അഫ്ഗാനിലെ ഏറ്റവും പ്രശസ്തയായ പോപ്പ് ഗായികയാണ് അര്യാന സെയ്ദ്. 35 വയസുകാരിയായ അവര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. മാഷ അള്ള എന്ന ഗാനത്തിലൂടെ 2008ല്‍ പോപ്പ് സംഗീത രംഗത്ത് കാലുറപ്പിച്ചു.
നൃത്തവും പാട്ടുമായി അഫ്ഗാന്റെ കലാരംഗത്ത് നിറഞ്ഞ അവര്‍ അഫ്ഗാനികളുടെ ഇഷ്ടതാരമായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ താമസമുറപ്പിച്ചെങ്കിലും അഫ്ഗാന്റെ വിളി ശക്തമായയോടെ അവര്‍ സ്വദേശത്തേക്ക് മടങ്ങി. ദേശീയത തുടിച്ചു നിന്ന അവരുടെ പലഗാനങ്ങളും അഫ്ഗാനികള്‍ ഹൃദയത്തിലേറ്റി. അഫ്ഗാന്‍ സ്ത്രീകളുടെ വേദനയും യാതനയും വര്‍ണിക്കുന്ന ഒരു പാട്ടും ഇതിനകം വമ്പന്‍ ഹിറ്റായി. ബാനു അടാഷ് നശീന്‍ എന്ന പാട്ട് അവരുടെ പേരും പ്രശസ്തിയും വര്‍ധിപ്പിച്ചു.
2011ല്‍ അഫ്ഗാന്‍ ഐക്കണ്‍ അവാര്‍ഡും അഫ്ഗാനിലെ ഏറ്റവും മികച്ച ഗായികയ്‌ക്കുള്ള അവാര്‍ഡും അവര്‍ നേടി. വോയിസ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന പട്ടവും അഫ്ഗാന്‍ ടിവി അവര്‍ക്ക് സമ്മാനിച്ചു. താലിബാന്‍ അഫ്ഗാന്‍ പിടിച്ചതോടെ അവര്‍ ഖത്തറിലേക്കും അവിടെ നിന്ന് തുര്‍ക്കിയിലേക്കും രക്ഷപ്പെട്ടു.
സാക്കി അന്‍വാരിയുടെ ദുരന്തം
അഫ്ഗാന്‍ യൂത്ത് ഫുട്‌ബോള്‍ ടീം അംഗം സാക്കി അന്‍വാരിയുടെ ദാരുണമായ അന്ത്യം ലോകത്തിനു തന്നെ വേദനയായി. താലിബാന്റെ ഭ്രാന്തന്‍ ഭരണം മുന്നില്‍ക്കണ്ട് പലായനം ചെയ്ത 19 വയസുകാരന്റെ നിറമുള്ള സ്വപ്‌നങ്ങളില്‍ ഫുട്‌ബോള്‍ മാത്രമായിരുന്നു.
വലിയ കളിക്കാരനാകണമെന്ന ആഗ്രഹവുമായി മുന്നേറുമ്പോഴാണ് താലിബാന്‍ ഭരണം പിടിച്ച വാര്‍ത്ത ഇടിവെട്ടായത്. രാജ്യം വിടാന്‍ വെമ്പല്‍ കൊണ്ട് കാബൂള്‍ വിമാനത്താവളത്തിലേക്ക് പാഞ്ഞെത്തിയ ജനലക്ഷങ്ങളില്‍ അവനുമുണ്ടായിരുന്നു. വിമാനത്തില്‍ ഇടം കിട്ടാത്ത സാക്കി വിമാനത്തില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു.
പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് ഒരു കെട്ടിടത്തിന്റെ ടെറസിലേക്ക് വീണു മരിച്ച രണ്ടു പേരില്‍ ഒരുവന്‍ അവനായിരുന്നു; സാക്കി.
സലിമ മസാരി യഥാര്‍ഥ പോരാളി
അഫ്ഗാനിലെ മൂന്നു വനിതാ ഗവര്‍ണമാരില്‍ ഒരാളായിരുന്നു സലിമ മസാരി. ഷിയാ മുസ്ലിങ്ങളിലെ പ്രബല വിഭാഗമായ ഹസാരെ വംശക്കാരി. കടുത്ത താലിബാന്‍ വിരുദ്ധ പോരാളി. ചഹര്‍കിന്ദിലെ ഗവര്‍ണറായിരുന്നു. താലിബാന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരേ ആഞ്ഞടിച്ചിരുന്ന അവരെ താലിബാന്‍ കഴിഞ്ഞ ദിവസം പിടികൂടി. പിന്നെ അവരെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. പ്രതികാരം ചെയ്യില്ലെന്നാണ് താലിബാന്‍ പറഞ്ഞിരുന്നുതെങ്കിലും വാക്കിന് വിലയില്ലാത്ത താലിബാനില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ല. അവര്‍ ജീവനോടെ ഉണ്ടോയെന്നുപോലും വ്യക്തമല്ല.
സാദിഖ മദദ്ഗാര്‍ എവിടെ
അഫ്ഗാനിലെ പ്രശസ്തരായ ഗായകരില്‍ ഒരാളാണ് സാദിഖ മദദ്ഗാര്‍. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷക്കണക്കിന് ആരാധകരും ഫോളോവര്‍മാരുമുള്ള അവര്‍ ഇപ്പോള്‍ നിശ്ശബ്ദയാണ്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും യൂട്യൂബിലും പുതിയ പോസ്റ്റുകള്‍ ഒന്നുമില്ല. അവര്‍ അഫ്ഗാന്‍ വിട്ടോ? അറിയില്ല. അഫ്ഗാനില്‍ തന്നെ എവിടെങ്കിലും ഒളിവില്‍ കഴിയുകയാകാമെന്ന് ആരാധകര്‍ കരുതുന്നു.
അയ്ദ ഷദാബ് ഫാഷന്‍ ഡിസൈനര്‍
അഫ്ഗാനിലെ അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറാണ് അയ്ദ ഷദാബ്. താലിബാന്‍ അഫ്ഗാന്‍ കൈയടക്കിയതോടെ അവര്‍ തുര്‍ക്കിയിലേക്ക് രക്ഷപ്പെട്ടു. മുഖാവരണം ധരിക്കാത്ത, ജോലി ചെയ്യുന്ന, തന്നെപ്പോലുള്ളവരെ താലിബാന്‍ അംഗീകരിക്കില്ല, ഇനി അഫ്ഗാനില്‍ സുരക്ഷിതയുമല്ല. അവര്‍ സമൂഹമാധ്യങ്ങളിലിട്ട പോസ്റ്റില്‍ കുറിച്ചു.
ഷഹര്‍ബാനു സാദത് ഫ്രാന്‍സില്‍
പ്രശസ്ത അഫ്ഗാന്‍ ചലച്ചിത്ര സംവിധായികയും കാന്‍ പുരസ്‌കാര ജേതാവുമായ ഷഹര്‍ബാനു സാദത്തും കുടുംബവും ഫ്രാന്‍സിലേക്ക് പലായനം ചെയ്തു. താലിബാനെ ഭയന്നാണിത്. യാത്രയ്‌ക്കു വേണ്ട സൗകര്യങ്ങള്‍ ഫ്രാന്‍സാണ് ചെയ്തു നല്കിയത്.
വോള്‍ഫ് ആന്‍ഡ് ഷീപ്പ് എന്ന ചിത്രത്തിലൂടെ കാനില്‍ മികച്ച സംവിധായകയ്‌ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. 2019ല്‍ അവരുടെ ദ ഓര്‍ഫണേജ് എന്ന ചിത്രം വിവിധ ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: