തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വിമര്‍ശിച്ചതിനു പിന്നാലെ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയ്ക്ക് നേരേ വധഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇതുസംബന്ധിച്ച വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ സന്ദേശത്തിന്റെ ഉറവിടം വ്യക്തമല്ല. അവസരം വന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ കഴുത്തറുക്കുമെന്നാണ് വീഡിയോയില്‍ പറയുന്നത്.
കേരളം താലിബാനിസത്തിന്റെ കേന്ദ്രമാവുകയാണെന്ന് അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. വാരിയംകുന്നന് കേരളത്തിലെ ആദ്യ താലിബാന് തലവനാണ്. ഇഎംഎസ് നമ്പൂതിരിപ്പാടും കുടുംബവും വാരിയംകുന്നന്റെ അക്രമത്തിന്റെ ഇരകളാണ്. വാരിയംകുന്നന് സ്മാരകം പണിയാന്‍ നടക്കുന്ന ടൂറിസം മന്ത്രി ചരിത്രം മനസിലാക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.
വാരിയംകുന്നനെ ഭഗത് സിംഗിനോടുപമിച്ച സ്പീക്കര്‍ എം.ബി. രാജേഷ് ചെയ്തത് ഭഗത് സിംഗിനെ അപമാനിക്കലാണ്. മതമേതായാലും മനുഷ്യന് നന്നായാല്‍ മതിയെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് കേള്‍ക്കുന്നത് മനുഷ്യന് ഏതായാലും മതം ഇസ്ലാം മതിയെന്നാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇതിനു പിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ കൊലവിളി ഉയര്‍ന്നത്. സംഭവം ഗുരുതരമാണെന്നും അന്വേഷണം വേണമെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: