കൊച്ചി: അച്ഛന് വീണുമരിച്ചത് അറിയാതെ ഇരട്ടക്കുട്ടികള്‍, മൃതദേഹത്തിന് അരികെ നിന്ന് കരഞ്ഞത് മൂന്ന് മണിക്കൂര്‍. കലൂര്‍ പള്ളിപ്പറമ്പില്‍ ജോര്‍ജിന്റെയും ഇടപ്പള്ളി നോര്‍ത്ത് വില്ലേജ് ഓഫിസര്‍ ലിസിമോളുടെയും മകന് ജിതിന് (29) ആണ് മരിച്ചത്. ചേന്ദമംഗലം വലിയ പഴമ്പിള്ളിത്തുരുത്തിലെ മാന്‍ഗ്രൂവ് റിസോര്‍ട്ടിനു മുന്നിലാണ് ദാരുണമായ മരണം നടന്നത്.
ജിതിന്റെ ഇരട്ടക്കുട്ടികളായ ഏയ്ഡനും ആമ്പര്‍ലിയും മരിച്ചുകിടക്കുന്ന അച്ഛനു സമീപത്തിരുന്നു കരയുന്നത് പുലര്‍ച്ചെ ആറിന് പത്രവിതരണത്തിനെത്തിയ ആളാണ് കണ്ടത്. ജിതിന് ഗോവയില്‍ ബിസിനസ് ആണ്. കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് നാട്ടിലെത്തിയത്. റഷ്യന്‍ സ്വദേശിനിയായ ക്രിസ്റ്റീന ആണ് ജിതിന്റെ ഭാര്യ.ജോലി സംബന്ധമായ ആവശ്യത്തിന് ക്രിസ്റ്റീന ബംഗളൂരുവില്‍ പോയിരിക്കുകയായിരുന്നു. കാക്കനാട്ടെ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ജിതിന് റിസോര്‍ട്ടില്‍ താമസിച്ചത്.
ഇവര്‍ താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ജിതിന് മരിച്ച് കിടക്കുന്നത് കണ്ട പത്രവിതരണക്കാരന് ഇവര്‍ താമസിച്ചിരുന്ന കോട്ടേജിലെത്തി കോളിംഗ് ബെല്‍ അടിച്ചെങ്കിലും ആരും വന്നില്ല. തുടര്‍ന്ന് പരിസരത്തെ വീടുകളിലും റിസോര്‍ട്ട് ജീവനക്കാരെയും വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കൈകള്‍ നെഞ്ചില്‍ ചേര്‍ത്തവച്ച രീതിയിലായിരുന്നു ജിതിന്റെ മൃതദേഹം കിടന്നിരുന്നത്.
റിസോര്‍ട്ടില്‍ നിന്നും പുലര്‍ച്ചെ രണ്ടരയോടെ ജിതിന് മക്കളോടൊപ്പം മുറിയുടെ വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിവരുന്നതിന്റെ സി.സി. ടി.വി. ദൃശ്യങ്ങളില്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മക്കളുമായി പുറത്തിറങ്ങിയ ജിതിന് വീണുമരിക്കുകയായിരുന്നു എന്ന് പോലീസ് കരുതുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി ജിതിനും മക്കളും മാന്‍ഗ്രൂവ് റിസോര്‍ട്ടില്‍ താമസിക്കുകയായിരുന്നു. ജിതിനും കുടുംബവും റിസോര്‍ട്ടില്‍ താമസിക്കാനായി പലതവണ വന്നിട്ടുണ്ടെന്നാണ് ജീവനക്കാര്‍ പോലീസിനോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: