തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഏരൂര്‍ ആസാദ് കിഴക്കേകോട്ട മിനി സിവില്‍ സ്റ്റേഷന് പുതിയകാവ് കണ്ണന്‍കുളങ്ങര സംസ്കൃത കോളേജ് എന്നീ തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവ് നായകളുടെ കേന്ദ്രം. ഇവ തെരുവില്‍ കടിപിടി കൂടി യാത്രികരെ ആക്രമിക്കാനും ഒരുങ്ങുകയാണ്. ഇതോടെ വാഹനപകടങ്ങളും പതിവായി.
കണ്ണന്‍കുളങ്ങരയില്‍ മാസങ്ങള്‍ക്കു മുമ്പ് യാത്രക്കാരനെ തെരുവുനായ ആക്രമിച്ചു. മാലിന്യം തേടിയെത്തുന്ന തെരുവുനായകളാണ് റോഡുകളില്‍ അപകടം വിതയ്ക്കുന്നത്. കണ്ണംകുളങ്ങരയില്‍ കഴിഞ്ഞ രാത്രിയുണ്ടായ അപകടത്തില്‍ നായയും ചത്തു. രാത്രികാലങ്ങളില്‍ നിരത്ത് ശൂന്യമാകുമ്പോള്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ റോഡിനു മധ്യഭാഗത്താണ് കിടക്കുന്നത്. പലയിടത്തും തെരുവു വിളക്കുകള്‍ കത്താത്തതിനാല്‍ അടുത്തെത്തുന്നതുവരെ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഇവയെ കാണാനാകില്ല.
ഗാര്‍ഹിക മാലിന്യങ്ങളില്‍ നിന്ന് ഭക്ഷണം കണ്ടെത്തുന്ന നായകള്‍ മാലിന്യങ്ങള്‍ റോഡിലേക്ക് വലിച്ചിഴയ്ക്കുന്നതും പതിവ് കാഴ്ചയാണ്. എതിര്‍ക്കാനോ അവ മാറ്റാനോ ധൈര്യപ്പെട്ടാല്‍ യാത്രക്കാരെ ആക്രമിക്കാനും തുനിയും. നായകളെ നിയന്ത്രിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ വന്ധീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും തെരുവിലലയുന്ന നായകളെ സംരക്ഷിക്കാന്‍ പ്രത്യേക ഷെല്‍ട്ടറുകള്‍ തുറക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് തൃപ്പൂണിത്തുറ നഗരസഭ പ്രതിപക്ഷനേതാവ് പി.കെ. പീതാംബരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: