കൊച്ചി: അഫ്ഗാനിസ്ഥാന് താലിബാന് നിയന്ത്രണത്തിലായതോടെ ഇന്ത്യയിലുടനീളം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് സേനകള്‍. നിലവിലെ സാഹചര്യത്തില്‍ പാക്-താലിബാന് ഭീകരര്‍ സംയുക്തമായി കശ്മീരില്‍ അശാന്തി സൃഷ്ടിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് സൈനിക ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. ഇതിന് ചൈനയുടെ ഭാഗത്ത് നിന്നുള്ള രഹസ്യ പിന്തുണയും ലഭിക്കും.
ഈ സാഹചര്യം കണക്കിലെടുത്ത് ശക്തമായ നീക്കങ്ങളാണ് ഇന്ത്യയിലുടനീളം സേനകള്‍ നടത്തുന്നത്. അതിര്‍ത്തിയില്‍ ബിഎസ്എഫിന്റെയും കരസേനയുടെയും നേതൃത്വത്തില്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തി. അതിര്‍ത്തിപ്രദേശങ്ങള്‍ എപ്പോഴും ജാഗ്രതയിലാണ്, ഏത് അടിയന്തര ഘട്ടവും നേരിടാന്‍ ബിഎസ്എഫും കരസേനയും തയ്യാറാണെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. പാക് ഭീകരര്‍ക്കൊപ്പം താലിബാന് ഭീകരരും ചേരുമ്പോള്‍ അവരുടെ ശക്തി ഇരട്ടിയാകും. താലിബാനില്‍ നിന്ന് ഇവിടേക്ക് ആയുധങ്ങളടക്കം എത്തും. ഇത്തരം നീക്കങ്ങളെല്ലാം അതിര്‍ത്തിക്ക് അപ്പുറം വച്ച് തന്നെ പ്രതിരോധിക്കുന്ന സംവിധാനങ്ങളാണ് ഇന്ത്യ സജ്ജമാക്കിയിട്ടുള്ളത്. താലിബാന്റെ ഇപ്പോഴത്തെ ലക്ഷ്യങ്ങളില്‍ കശ്മീര്‍ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും അത് വിശ്വസിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. താലിബാന് അഫ്ഗാന് കൈയടക്കിയതോടെ ലഷ്കര്‍ ഇ തൊയ്ബ, ലഷ്കര്‍ ഇ ഝാന്‍വി എന്നീ ഭീകര സംഘടനകളുടെ സാന്നിധ്യവും അവിടെ വലിയ തോതില്‍ വര്‍ധിച്ചു. താലിബാനിലെ ചില ചെക്ക്പോസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നത് ഇവരാണ്.
പാകിസ്ഥാന് പിന്തുണയുള്ള ഭീകരര്‍ക്കും പുതിയ സാഹചര്യങ്ങള്‍ കൂടുതല്‍ വളമേകാനാണ് സാധ്യത. കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പല ഗ്രൂപ്പുകളും അഫ്ഗാനില്‍ ക്യാമ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് മുന്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഇത് പാക്-താലിബാന് ഭീകര സംഘടനകളുടെ സംയുക്ത നീക്കത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
സിഡിഎസ് ഗുണം ചെയ്യും
അടിയന്തര ഘട്ടങ്ങളുണ്ടായാല്‍ സേനകളുടെ നടപടികള്‍ ഏകോപിപ്പിക്കാന്‍ സിഡിഎസ് ഗുണം ചെയ്യും. സംയുക്ത സൈനിക മേധാവി മൂന്ന് സേനകളുടെ ഏകോപനം നടത്തുമ്പോള്‍ സൈനിക നീക്കങ്ങള്‍ വളരെ വേഗത്തിലാകും. നിലവില്‍ ഏത് ആക്രമണവും നേരിടാന്‍ സജ്ജരായാണ് ഇന്ത്യന്‍ സേനകള്‍ അതിര്‍ത്തികളില്‍ നിലയുറപ്പിച്ചിട്ടുള്ളത്. ഒരേസമയം പാകിസ്ഥാനെയും, മറുഭാഗത്ത് ചൈനയെയും നേരിടാനുള്ള വലിയ കോറുകള്‍ അതിര്‍ത്തികളില്‍ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ഒരു വെല്ലുവിളിയേ അല്ലെന്നാണ് പ്രതിരോധ മേഖലയിലുള്ളവര്‍ നല്കുന്ന വിവരം. ഭീകരരെ അതിര്‍ത്തി കടത്തിവിടാനുള്ള ഏത് നീക്കത്തെയും പ്രതിരോധിക്കും. വ്യോമസേനയുടെ നേതൃത്വത്തില്‍ വിപുലമായ നിരീക്ഷണം അതിര്‍ത്തി മേഖലകളില്‍ നടത്തുന്നു. അഫ്ഗാനിസ്ഥാന് തീരമേഖല ഇല്ലെങ്കിലും മറ്റ് ഏതെങ്കിലും സാഹചര്യത്തില്‍ നീക്കങ്ങള്‍ ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ നേവിയും സജ്ജമാണെന്ന് നേവി വക്താവ് പറഞ്ഞു.
ഇത് പുതിയ ഇന്ത്യ: ശരത് ചന്ദ്
1990കളില്‍ കശ്മീരില്‍ വലിയതോതില്‍ ആയുധങ്ങളുമായി ഭീകരര്‍ നുഴഞ്ഞുകയറ്റം നടത്തിയിരുന്നുവെന്ന് കരസേന മുന്‍ ഉപമേധാവി ശരത് ചന്ദ്. അവരെ കണ്ടെത്താനും, പ്രതിരോധിക്കാനുമുള്ള സംവിധാനങ്ങള്‍ അന്ന് വളരെ കുറവായിരുന്നു. ഇന്ന് അതല്ല അവസ്ഥ. അതിര്‍ത്തിയിലെ ഒരു ഇലയനക്കം പോലും സേന തിരിച്ചറിയുന്നു. അതിര്‍ത്തി കടന്ന് മിന്നല്‍ ആക്രമണം നടത്തുന്ന ഇന്ത്യക്ക് താലിബാന് വെല്ലുവിളിയല്ല. ഇന്ത്യക്കെതിരേ താലിബാന് വന്നാല്‍ അതിന്റെ ദോഷം അവര്‍ അനുഭവിക്കും, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: