നീണ്ട കൊവിഡ് നിയന്ത്രണങ്ങളില്‍ അടച്ചു പൂട്ടിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും ഉണര്‍ന്നു. കര്‍ശന നിയന്ത്രണങ്ങളോടെ ഈ മേഖലയിലെ പ്രധാന കേന്ദ്രങ്ങളും കഴിഞ്ഞയാഴ്ച തുറന്നിരുന്നു. ഓണത്തോടനുബന്ധിച്ചാണ് ആളുകളുടെ കൂടുതല്‍ സാന്നിധ്യം ഉണ്ടായത്. കഴിഞ്ഞ രണ്ടു ദിവസമായി വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ ഇവിടങ്ങളില്‍ എത്തിയിരുന്നു.
കുടുംബമായി എത്തുന്നവരും കൂടുതലായുണ്ട്. വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ തിരുവനന്തപുരം ജില്ലയിലെ പൊന്‍മുടിയില്‍ ഓണമാഘോഷിക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്. തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി അമ്പതിനായിരത്തില്‍പ്പരം ആളുകൾ പൊന്‍മുടി സന്ദര്‍ശിക്കാനെത്തിയത്. ഇതില്‍ പകുതിപേര്‍ക്ക് മാത്രമാണ് പൊന്‍മുടിയില്‍ എത്തിച്ചേരാന്‍ സാധിച്ചത്. അവിട്ടം ദിനത്തിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. രാവിലെ മുതല്‍ ആരംഭിച്ച സഞ്ചാരികളുടെ ഒഴുക്ക് ഉച്ചയോടെ നിയന്ത്രണാതീതമായി. അമിതമായി വാഹനങ്ങള്‍ എത്തിയതോടെ വിതുര-കല്ലാര്‍ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതതടസവും നേരിട്ടു. സഞ്ചാരികളുടെ വരവ് ഗണ്യമായി ഉയര്‍ന്നതോടെ ഉച്ചക്ക് മൂന്ന് മണിയോടെ പാസ് വിതരണം നിർത്തി. ഇതോടെ ആയിരക്കണക്കിന് സഞ്ചാരികള്‍ പൊന്‍മുടി സന്ദര്‍ശിക്കാനാകാതെ നിരാശയോടെ മടങ്ങുകയായിരുന്നു.
കല്ലാര്‍ ചെക്ക് പോസ്റ്റില്‍ എത്തിയ സഞ്ചാരികളെ പോലീസ് ഏറെ പണിപ്പെട്ടാണ് മടക്കിഅയച്ചത്. പൊന്‍മുടി സന്ദര്‍ശിക്കാന്‍ കഴിയാതെ വന്നതോടെ ടൂറിസ്റ്റുകള്‍ വിതുര മേഖലയിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളായ പേപ്പാറ, കല്ലാര്‍, ചാത്തന്‍കോട്, മീന്‍മുട്ടി, വാഴ്വാന്‍തോല്‍, ചീറ്റിപ്പാറ ടൂറിസം മേഖലകളിലേക്ക് പോയി. ഓണനാളുകളില്‍ വിതുര മേഖലയിലെ ടൂറിസം മേഖലകളില്‍ ഒരുലക്ഷത്തില്‍ പരം പേര്‍ സന്ദര്‍ശനം നടത്തിയതായാണ് കണക്ക്.
കൊല്ലം ജില്ലയിലെ ഒറ്റക്കല്‍ മാന്‍പാര്‍ക്ക്, തെന്മല ഇക്കോ ടൂറിസം, ശെന്തുരുണി ഇക്കോ ടൂറിസം, കല്ലട ഡാം, പാലരുവി വെള്ളച്ചാട്ടം എന്നിവിടങ്ങളിലാണ് കൂടുതല്‍ ആളുകളെത്തിയിരുന്നത്. പാലരുവിയില്‍ ഞായറാഴ്ച അരലക്ഷവും തിങ്കളാഴ്ച 49,000 രൂപയും ടിക്കറ്റ് വരുമാനം ഉണ്ടായി. സംസ്ഥാന അതിര്‍ത്തിയിലെ നിയന്ത്രണം കാരണം തമിഴ്നാട്ടില്‍ നിന്ന്വളരെ കുറച്ച് ആളുകളേ എത്തുന്നുള്ളു.
ഇടുക്കി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്കിന് കുറവില്ലായിരുന്നു. വാഗമണിനും പരന്തുംപാറയ്‌ക്കും ഇടയിൽ മലമുകളിൽ ടെന്റിലും റുമില്ലും ആയി താമസിച്ച് മഞ്ഞ് കൊള്ളാനും, തീ കായാനും ട്രക്കിംഗ് ചെയ്യാനും, വെള്ളചാട്ടത്തിൽ കുളിക്കാനും ആടാനും പാടാനും ഒക്കെ സഞ്ചാരികളെത്തിയിരുന്നു. ചെങ്കുളം ജലാശയത്തിൽ ബോട്ട് സർവീസിനും നിരവധിപേർ എത്തിയിരുന്നു. 20 പേർക്ക് സഞ്ചരിക്കാവുന്ന വലിയ ബോട്ടുകളാണ് ഇവിടെ ഒരുക്കിയിരുന്നത്. 15 മിനിട്ടിന് 100 രൂപയാണ് ഈടാക്കുന്നത്. കാഴ്ചയുടെ ഇന്ദ്രജാലം തീർക്കുന്ന തൊമ്മൻകുത്തിലേക്കും സഞ്ചാരികൾ എത്തി. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ആളുകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത്.
ഒട്ടേറെ മലയാളികൾ കുടുംബസമേതം തേക്കടി കാണാനെത്തിയത് ടൂറിസം രംഗത്ത് പുതിയ പ്രതീക്ഷകൾ നൽകുന്നു. തേക്കടി തടാകത്തിലെ ബോട്ടിങ്, വനം വകുപ്പിന്റെ വിവിധ ട്രക്കിങ് പരിപാടികൾ എന്നിവയ്‌ക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം. ഹോട്ടലുകളും റിസോർട്ടുകളും നിരക്ക് കുറച്ച് സഞ്ചാരികൾക്ക് താമസസൗകര്യം ഉറപ്പ് നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: